തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടമാക്കി നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റിൽ മത്സരിക്കുമെന്നും വട്ടിയൂർക്കാവാണ് തന്റെ പ്രവർത്തന മണ്ഡലമെന്നും കൃഷ്ണകുമാർ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

To advertise here,

'കഴിഞ്ഞ തവണ പാർട്ടി പറഞ്ഞിടത്ത് ഞാൻ മത്സരിച്ചു. പാർട്ടി ഓരോ സീറ്റിലും മത്സരിക്കാൻ ഓരോരുത്തരോടും പറയുന്നതിൽ കാരണമുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽ മത്സരിച്ചതിനുശേഷം തിരുവനന്തപുരത്താണ് ഞാൻ പ്രവർത്തനം സജീവമാക്കിയത്. എന്നാൽ, കൊല്ലത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി എന്തുകൊണ്ട് എന്നെ കൊല്ലത്ത് അയച്ചുവെന്ന് പിന്നീട് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. അവിടെ ബിജെപിക്ക് സാധ്യത കുറവാണെന്ന് മനസ്സിലായെങ്കിലും വോട്ട് വിഹിതം ഉയർത്താൻ എനിക്ക് സാധിച്ചു. ആ കണക്ക് വെച്ച് ലോക്‌സഭ ജയിക്കാൻ സാധിച്ചില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചു. അന്ന് നടത്തിയ കൂട്ടായ പ്രവർത്തനമാണ് ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിച്ചത്.

പാർട്ടി എവിടെ നിൽക്കാൻ പറഞ്ഞാലും അത് ഞാൻ അനുസരിക്കും. 25 കൊല്ലമായി ഞാൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂർക്കാവ്. എന്റെയും ഭാര്യയുടെ വീടും ഓഫീസും ഒക്കെ ഈ മണ്ഡലത്തിലാണ്. എന്റെ പ്രവർത്തന മണ്ഡലം വട്ടിയൂർക്കാവാണ്. ഓരോ സ്ഥലത്തേയും പ്രശ്‌നം എനിക്കറിയാം. ഓരോ പൊതുപ്രവർത്തകനും സ്വന്തം പ്രവർത്തന മണ്ഡലത്തിൽ നിന്നും മത്സരിക്കാനായിരിക്കും താത്പര്യം. വട്ടിയൂർക്കാവ് പാർട്ടി വെച്ച് നീട്ടിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കും. ബാക്കിയെല്ലാം പാർട്ടി തീരുമാനം അനുസരിച്ചിരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമുണ്ടായിരുന്നു. തലസ്ഥാനത്ത് ബിജെപി ജയിക്കുമ്പോൾ അതിന്റെ അലയൊലികൾ കാസർക്കോട് വരെ നീളും. താമര വിരിയില്ലെന്ന് പറഞ്ഞിടത്ത് അധികാരത്തിൽ വരുമ്പോൾ പ്രവർത്തകർ ആവേശത്തിലാകും. ബിജെപിയെ ഇഷ്ടമാണെങ്കിലും വോട്ട് പാഴാക്കാൻ വയ്യെന്ന ചിന്ത ആളുകൾക്ക് ഉണ്ടായിരുന്നു. പക്ഷേ ഇനി അതിന്റെ ആവശ്യമില്ല. ആരുടേയും വോട്ട് പാഴായില്ല. തിരുവനന്തപുരത്ത് ബിജെപി ജയിച്ചു. ഇനി കേരളത്തിൽ എവിടെയും പാർട്ടിക്ക് ജയിക്കാനാകും.

വട്ടിയൂർക്കാവിലെ സിറ്റിങ് എംഎൽഎ വികെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. സ്വന്തം സർക്കാർ ഭരിച്ചപ്പോഴും പറയാൻ ഒരു രൂപയുടെ വികസനം പോലുമില്ല. മുഴുവൻ പിആർ വർക്കും തള്ളുമാണ്. രാവിലെ മുതൽ വട്ടിയൂർക്കാവ് ജങ്ഷനിൽ ബ്ലോക്കാണ്. വികസനത്തിന്റെ പേരിൽ എല്ലാം ഇടിച്ച് പൊളിച്ചു. വ്യാപാരികളെ പുനരധിവസിപ്പിച്ചില്ല. എല്ലായിടത്തും പൊടിയാണ്. മഴ പെയ്താൽ റോഡ് മുഴുവൻ കുഴിയാണ്. നല്ലൊരു അവസരം നശിപ്പിച്ച എംഎൽഎയാണ് പ്രശാന്ത്.

ഇവിടെ കോൺഗ്രസിന്റെ കെ മുരളീധരന്റെ പേരാണ് കേൾക്കുന്നത്. ജയിച്ചിട്ട് പകുതി വെച്ച് വടകരയ്ക്ക് പോയി. അവിടെ നിന്ന് നേമത്ത് പോയി. ഒരിടത്തും സ്ഥായിയായി നിൽക്കുന്ന ആളല്ല. ജനങ്ങൾ ഇത് കാണുന്നുണ്ട്. അവർക്ക് മടുത്തു. ബിജെപി വരണമെന്ന് ജനങ്ങൾക്ക് ഇപ്പോൾ വാശിയാണ്. ബിജെപി വന്നാലേ രക്ഷപ്പെടൂ എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്'-കൃഷ്ണകുമാർ പറഞ്ഞു.