പെരുമ്പാവൂർ: പെരുമ്പാവൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ച് പുല്ലുവഴിയിലെ വീട്ടിൽ നിന്നിറങ്ങിയ എൽദോസ് കുന്നപ്പിള്ളി വെള്ളിയാഴ്ച ’ഔട്ട് ഓഫ് റെയ്ഞ്ചി’ലായി. തിരുവനന്തപുരത്തേക്ക് പോയെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചത്.

To advertise here,

സ്ഥാനാർഥി പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാത്രി മനോജ് മൂത്തേടൻ പുല്ലുവഴിയിലെ വീട്ടിൽ കുന്നപ്പിള്ളിയെ കാണാനെത്തിയിരുന്നെങ്കിലും മനോജ് എത്തും മുൻപേ കുന്നപ്പിള്ളി വീട്ടിൽ നിന്നിറങ്ങിയിരുന്നു. പിന്നീട് വെള്ളിയാഴ്ച പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് മനോജ് മൂത്തേടൻ പറഞ്ഞു.

അതേസമയം, സംസ്ഥാന നേതാക്കൾ ഇടപെട്ട് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട എം.എൽ.എ.യുടെ തെറ്റിദ്ധാരണകൾ നീക്കിയതായാണ് വിവരം. ശനിയാഴ്ച വൈകീട്ട് കുറുപ്പംപടിയിൽ നടക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥിയുടെ റോഡ്ഷോയിൽ എം.എൽ.എ.യും ബെന്നി ബഹനാൻ എം.പി.യും പങ്കെടുക്കുമെന്നും പെരുമ്പാവൂരിലെ യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ബെന്നി ബഹനാനെതിരേയും കുന്നപ്പിള്ളി ചില പരാമർശങ്ങൾ നടത്തിയിരുന്നു.