കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി.വി. ചർച്ചകളുടെ മാതൃകയിൽ സംവാദങ്ങൾ സംഘടിപ്പിക്കാൻ സി.പി.എം. പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗം മുൻകൈയെടുത്ത് പഴയ എ.കെ.ജി. സെൻ‌ററിൽ ഇത്തരം സംവാദങ്ങൾ സംഘടിപ്പിച്ച്, പ്രചരിപ്പിക്കാനാണ് പരിപാടി. മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എം. സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനുമായ എം.വി. നികേഷ് കുമാറാണ് ചർച്ചകൾ നയിക്കുന്നത്.

To advertise here,

ടെലിവിഷനുകളിൽ വരുന്ന സംവാദത്തിന്റെ മാതൃകയിൽ ഓരോ വിഷയത്തിലും അതിഥികളെ ക്ഷണിച്ച് സംവാദം സംഘടിപ്പിച്ച്, പാർട്ടി സാമൂഹികമാധ്യമ വിഭാഗത്തിന്റെ വിവിധ ഘടകങ്ങൾക്ക് കൈമാറും. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ ചർച്ചയ്ക്ക് വിളിക്കുമെങ്കിലും സമ്പൂർണ പാർട്ടി വിരുദ്ധരെ ഒഴിവാക്കും. ‘റിസർച്ച് എ ടോപ്പിക്’ എന്നപേരിലാണ് സംവാദങ്ങൾ നടത്തുക.

ടി.വി. ചാനലുകൾ ചർച്ചയ്ക്കെടുക്കാത്ത വിഷയങ്ങൾ വിശദമായി ചർച്ചചെയ്ത് വ്യക്തത വരുത്തുക, പഴയ വീഡിയോ, ഫോട്ടോ, പത്രവാർത്തകൾ എന്നിവ ഉപയോഗിച്ച് രാഷ്ട്രീയ ആരോപണങ്ങളുടെ മുനയൊടിക്കുക എന്നിവയാണ് ലക്ഷ്യം. കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്റെ ’തുടർഭരണം ജനാധിപത്യത്തിന് അപകടമാണ്’ എന്ന വിമർശനത്തിന് തടയിടുന്ന തരത്തിലുള്ള സംവാദമാണ് ആദ്യം നടത്തിയത്.

ഇതുകൂടാതെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വികസനം, രാഷ്ട്രീയം, ട്രോൾ എന്നിങ്ങനെ തരംതിരിച്ച് പതിനായിരക്കണക്കിന് വീഡിയോകളും തയ്യാറാക്കുന്നുണ്ട്. ഇതിനായി റിപ്പോർട്ടർമാർ, കണ്ടന്റ് റൈറ്റർമാർ, വീഡിയോ എഡിറ്റർമാർ, ട്രോൾ നിർമാതാക്കൾ എന്നിവരടക്കം 45 പേരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വികസനം തുടരാൻ ഭരണത്തുടർച്ച അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വീഡിയോകൾ നിർമിക്കും. റോഡ്, സ്കൂൾ, ആശുപത്രി, അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ പോസ്റ്റുകളായും വീഡിയോകളായും കണക്കുകൾ സഹിതം ജനങ്ങളുടെ മുന്നിലെത്തിക്കാനാണ് പറഞ്ഞിരിക്കുന്നത്.