കൊല്ലം: ജില്ലയിലെ സി.പി.എം. സ്ഥാനാർഥിപ്പട്ടികയിൽ ഒറ്റ പേരുകൾ മാത്രം. ബുധനാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാർട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഒരു സ്ഥാനാർഥിയുടെ പേരുവീതം നിർദേശിച്ചത്. സാധാരണ മൂന്നും നാലും പേരുൾപ്പെടുന്ന സാധ്യതാപട്ടിക നൽകുന്നിടത്താണിത്. സിറ്റിങ് എം.എൽ.എ.മാരായ മന്ത്രി കെ.എൻ. ബാലഗോപാൽ(കൊട്ടാരക്കര), സുജിത്ത് വിജയൻപിള്ള(ചവറ), എം. നൗഷാദ്(ഇരവിപുരം) എന്നിവർ വീണ്ടും മത്സരിക്കും. കൊല്ലത്ത് ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനും കുണ്ടറയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.എൽ. സജികുമാറുമാണ് പട്ടികയിലുള്ളത്.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹന്റെ പേര് അവധിയിലുള്ള ജില്ലാ സെക്രട്ടറി എസ്. സുദേവനാണ് നിർദേശിച്ചത്. ചില പേരുകൾകൂടി വന്നെങ്കിലും മറ്റു തർക്കങ്ങളൊന്നുമുണ്ടായില്ല. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ച് ഈ പട്ടിക സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാൽ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ഇതാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. പട്ടികയിൽ മാറ്റംവരുത്താൻ സംസ്ഥാന കമ്മിറ്റിക്ക് കഴിയുമെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നാണ് വിവരം. മാർച്ച് ആദ്യമാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എന്നിവരും പങ്കെടുത്തു. ആർ.എസ്.പി.(എൽ) നേതാവ് കോവൂർ കുഞ്ഞുമോൻ മത്സരിക്കുന്ന കുന്നത്തൂർ മണ്ഡലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടന്നില്ലെന്നാണ് വിവരം. ഇത് സംസ്ഥാനതലത്തിൽ തീരുമാനിക്കും.
എം. മുകേഷിന് സീറ്റില്ല
ജില്ലയിലെ സി.പി.എം. സിറ്റിങ് എം.എൽ.എ.മാരിൽ എം. മുകേഷിന് മാത്രമാണ് സീറ്റില്ലാത്തത്. 2016-ൽ അന്നത്തെ സിറ്റിങ് എം.എൽ.എ.യും മുതിർന്ന നേതാവുമായ പി.കെ. ഗുരുദാസനെ ഒഴിവാക്കി സംസ്ഥാന നേതൃത്വമാണ് മുകേഷിനെ സ്ഥാനാർഥിയാക്കിയത്. 2021-ലും മുകേഷ് തന്നെ മത്സരിക്കുകയും ചെയ്തു. ഇക്കുറി മുകേഷിനെ മത്സരിപ്പിക്കില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
Content Highlights: CPIM has proposed a single-name candidate list for 5 constituencies in Kollam., Sitting MLAs K.N. Balagopal, Sujith Vijayanpillai, and M. Naushad are set to contest again., Actor and sitting MLA M. Mukesh has been dropped from the party's list., S. Jayamohan and S.L. Sajikumar are the new faces proposed for Kollam and Kundara respectively., The final list is pending approval from the CPIM state committee.
Published: 26 Feb 2026, 10:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented