തിരുവനന്തപുരം: വിമർശനങ്ങളുയരുമ്പോഴും തളിപ്പറമ്പിലെയും പേരാവൂരിലെയും സ്ഥാനാർഥിനിർണയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനിച്ചു. തളിപ്പറമ്പിൽ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാർഥിയാകും. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയെ സിറ്റിങ് സീറ്റായ മട്ടന്നൂരിൽനിന്ന് മാറ്റി പേരാവൂരിൽത്തന്നെ മത്സരിപ്പിക്കും. സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ രണ്ടുസീറ്റിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകളുണ്ടായില്ല.
കഴിഞ്ഞതവണ കേരള കോൺഗ്രസി(എം)ൽനിന്ന് ഏറ്റെടുത്ത കുറ്റ്യാടി സീറ്റ് ഇത്തവണ വിട്ടുകൊടുക്കാനിടയില്ല. പകരം സീറ്റായി കേരള കോൺഗ്രസ് ആവശ്യപ്പെട്ട പേരാമ്പ്രയും നൽകാനിടയില്ല. ഇവിടെ രണ്ടിടത്തും സി.പി.എം. സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ എൽ.ഡി.എഫ്. കൺവീനർകൂടിയായ ടി.പി.രാമകൃഷ്ണൻ മൂന്നാംതവണയും മത്സരിക്കും.
കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ മത്സരിക്കുമെന്ന് കരുതുന്ന കൊയിലാണ്ടിയിൽ മുൻ എം.എൽ.എ. കെ. ദാസനെത്തന്നെ മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. കൊടുവള്ളി സീറ്റിൽ സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണവും സി.പി.എം. ഉപേക്ഷിക്കുകയാണ്. മുൻ എം.എൽ.എ. കെ. മൂസാൻകുട്ടിയുടെ മകളും കൊടുവള്ളി നഗരസഭാ മുൻകൗൺസിലറുമായ കെ. ജമീലയെ ഇവിടെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞതവണ 11 പൊതുസ്വതന്ത്രരെയാണ് സി.പി.എം. സീറ്റിൽ മത്സരിപ്പിച്ചത്. ഇത്തവണ പൊതുസ്വതന്ത്രരായി ഒമ്പതുപേരാണ് ഉള്ളതെന്നാണ് വിവരം.
ഉടുമ്പൻചോലയിൽ എം.എം.മണിയെത്തന്നെ മത്സരിപ്പിക്കണമെന്ന ജില്ലാനേതൃത്വത്തിന്റെ ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമാനുമതി നൽകാൻ സി.പി.എം. സംസ്ഥാനസമിതിയോഗം വ്യാഴാഴ്ച എ.കെ.ജി. സെന്ററിൽ ചേരും.
ജി. സുധാകരന്റെ കാര്യം ചർച്ചചെയ്തില്ല
പാർട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്ന, മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യപ്രഖ്യാപനം സി.പി.എം. ചർച്ചചെയ്തില്ല. ഇക്കാര്യം സെക്രട്ടേറിയറ്റ് യോഗത്തിൽ ആരും ഉന്നയിക്കുകയോ ചർച്ചചെയ്യുകയോ ഉണ്ടായില്ല. ജനറൽ സെക്രട്ടറി എം.എ. ബേബി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിനെത്തുമ്പോൾ ജി. സുധാകരൻ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ബേബിയോട് ചോദിച്ചിരുന്നു.
എന്താണ് സുധാകരൻ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു ബേബിയുടെ പ്രതികരണം. യോഗത്തിനുശേഷം മന്ത്രി സജി ചെറിയാനും പ്രതികരണത്തിൽനിന്ന് ഒഴിഞ്ഞുമാറി. സുധാകരൻ പറഞ്ഞത് കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജി. സുധാകരൻ മുതിർന്ന നേതാവാണെന്നും പാർട്ടിയിൽനിന്ന് മാറിയുള്ള തീരുമാനമൊന്നും അദ്ദേഹമെടുക്കില്ലെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു.
Content Highlights: CPI(M) candidate choices for Taliparamba (P.K. Shyamala) and Peravoor (K.K. Shailaja) despite internal criticism., K.K. Shailaja will be moved from her sitting seat of Mattannur to contest from Peravoor., T.P. Ramakrishnan is set to contest for a third time from Perambra., The party is reducing its reliance on independent candidates for this election., The final candidate list awaits approval from the CPI(M) state committee.
Published: 05 Mar 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented