തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെ‍ടുപ്പിൽ വിജയസാധ്യതമാത്രം മുൻനിർത്തി സിപിഐയിൽ സ്ഥാനാർഥിനിർണയ ചർച്ചകൾ സജീവം. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റാണ് അത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. വിജയസധ്യതയാണ് സിപിഎമ്മും പരിഗണിക്കുന്നത്.

To advertise here,

വിജയസാധ്യയെന്ന മാനദണ്ഡം മാത്രമാക്കിയാൽ സിപിഐയിൽ പുതുമുഖസ്ഥാനാർഥികൾ കുറയും. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർ ഉൾപ്പെടെ മുതിർന്ന എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, ജി.എസ്. ജയലാൽ, ഇ.ടി. ടൈസൺ തുടങ്ങിയവർ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ട്. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ദേശീയ സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവരെയും കളത്തിലിറക്കാനാണ് അണിയറയിലെ നീക്കം.

2011 മുതൽ സിപിഐ പിന്തുടരുന്നത് മൂന്ന് ടേം നയമാണ്. രണ്ടുതവണയും പ്രത്യേക സാഹചര്യത്തിൽ മൂന്നാമൂഴവും എന്നരീതിയിൽ. 2011-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വ്യവസ്ഥകാരണം സീറ്റ് നഷ്ടമായ നേതാവാണ് നിലവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

2011-ലെ നിയമസഭാ തോൽവിയുടെ വിലയിരുത്തൽ നടത്തിയ ഇടതുമുന്നണി സിപിഐ തീരുമാനത്തെ വിമർശിച്ചിരുന്നു. ബിനോയ് വിശ്വത്തെയും കെ.പി. രാജേന്ദ്രനെയും പോലുള്ളവർ മത്സരിച്ചിരുന്നെങ്കിൽ മുന്നണിക്ക് ജയമുണ്ടാകുമായിരുന്നെന്നും വിലയിരുത്തി. എന്നാൽ, അന്നത്തെ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പൻ പാർട്ടി നിലപാടിൽ ഉറച്ചുനിന്നു.

വനിതകളെയും യുവാക്കളെയും തഴയുമോ

മന്ത്രി ചിഞ്ചുറാണിക്കുപുറമേ വൈക്കത്തുനിന്ന് വിജയിച്ച സി.കെ. ആശയാണ് സിപിഐയിലെ മറ്റൊരു വനിതാ എംഎൽഎ. ആശ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഐയിൽനിന്ന് ഒട്ടേറെ പ്രവർത്തകർ പാർട്ടി വിട്ടുപോയ സ്ഥലമാണ് വൈക്കം. പകരം പുതിയ വനിതാ സ്ഥാനാർഥി വരാനും സാധ്യതയില്ല.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനെ ചേർത്തലയിലേക്ക് ആലോചിച്ചിരുന്നു. എന്നാൽ, മന്ത്രിമാർ മത്സരിക്കട്ടെയെന്ന പാർട്ടി നിലപാടിലൂടെ ചേർത്തലയിൽ മന്ത്രി പി. പ്രസാദ് സീറ്റ് ഉറപ്പിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണിന്റെ പേര് മൂവാറ്റുപുഴയിൽ പരിഗണിക്കുന്നുണ്ട്. നിലവിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറികൂടിയാണ് അരുൺ. അതേസമയം, ജില്ലാ സെക്രട്ടറിമാർ മത്സരിക്കണ്ടെന്ന നിലപാടാണ് സിപിഐക്ക്.