ബിജെപിയും എൽഡിഎഫും ഒരുപോലെ വർഗീയത പറയുന്നുവെന്നും തിരഞ്ഞെടുപ്പുകളിൽ പരോക്ഷമായി സഹകരിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പങ്കുവെച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളും 50 വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,
  • തദ്ദേശതിരഞ്ഞെടുപ്പ് ഫലം നിയമസഭയിൽ എങ്ങനെ പ്രതിഫലിക്കും, കോർപ്പറേഷൻ ഭരണം പിടിക്കുന്ന തരത്തിലേക്കുള്ള ബിജെപിയുടെ വളർച്ചയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു തദ്ദേശത്തിരഞ്ഞെടുപ്പിലെ വിജയം. 500 ലധികം പഞ്ചായത്തുകൾ, ഭൂരിഭാഗം മുനിസിപ്പാലിറ്റികൾ, അഞ്ച് ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷനിൽ നാലെണ്ണം. ഇത് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്.ചരിത്ര വിജയമാണ്.

കഴിഞ്ഞ 10 കൊല്ലമായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെയും അവരുടെ ജനദ്രോഹ സമീപനത്തെയും ജനങ്ങൾ മടുത്തു. ഈ സംസ്ഥാനത്ത് അവർ കാണിക്കുന്ന അക്രമങ്ങൾ, അതിനേക്കാൾ വിപുലമായിട്ടുള്ള അഴിമതി ഇതെല്ലാം ജനങ്ങൾ കണ്ടു. എല്ലാ ജനവിഭാഗങ്ങളും അസംതൃപ്തരാണ്. കൃഷിക്കാർ, തൊഴിലാളികൾ, തൊഴിലില്ലാത്തവർ, സർക്കാർ ജീവനക്കാർ, ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകൾ വളരെയേറെ അസംതൃപ്തരാണ്.

സർക്കാരിന്റെ അഴിമതിയും അക്രമവും മാത്രമല്ല, സർക്കാരിൽ നിന്ന് ആളുകൾ അനുഭവിക്കുന്ന അവരുടെ ധാർഷ്ട്യവും അഹങ്കാരവും എല്ലാം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഭരണവിരുദ്ധ വികാരം അതിന്റെ പാരമ്യത്തിൽ എത്തിയതാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറ്റവും വലിയ വിജയം നേടാൻ കാരണം. ബിജെപി ഒരു മൂന്നാം ശക്തിയായി ഉയർന്നുവന്നു എന്ന യാഥാർഥ്യം ഞങ്ങൾ ആരും വിസ്മരിക്കുന്നില്ല.

പക്ഷേ ബിജെപിയുടെ യഥാർഥ ഉദ്ദേശം മാർക്‌സിസ്റ്റ് പാർട്ടിയെ തോൽപ്പിക്കുക എന്നുള്ളതല്ല. അവർക്ക് കൂടുതൽ പഞ്ചായത്തുകൾ വേണം, മുൻസിപ്പാലിറ്റി വേണം, കോർപ്പറേഷൻ വേണം, സംസ്ഥാനത്ത് കൂടുതൽ എംഎൽഎമാർ വേണം. അവർ ആഗ്രഹിക്കുന്നത് യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ്. ബിജെപിയുടേയും മാർക്‌സിസ്റ്റ് പാർട്ടിയുടേയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണ്.

കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് ബിജെപി 10 കൊല്ലം മുമ്പ് പ്രഖ്യാപിച്ചതാണ്. ബിജെപി മുക്ത കേരളം എന്നാണ് യുഡിഎഫ് പറയുന്നത്. ബിജെപിക്ക് കിട്ടിയ വോട്ടിന്റെ കണക്ക് നോക്കുമ്പോൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ചില അന്തർധാരകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതിന്റെ ഗുണം ലഭിച്ചത് സുരേഷ് ഗോപിക്കാണ്. തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് വളരെ വളരെ രഹസ്യവും അദൃശ്യവുമായി നടത്തിയെങ്കിലും സിപിഎമ്മിന്റെ കൂടെ സഹായം കൊണ്ടാണ് ബിജെപിക്ക് ജീവിക്കാൻ കഴിഞ്ഞത്. അത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അവർ പലയിടത്തും പരീക്ഷിച്ചു. ഇവർ രണ്ടുപേരും രാഷ്ട്രീയമായി പറയുന്ന കാര്യങ്ങളെല്ലാം ഏതാണ്ട് സാദൃശ്യവും ഒരുപോലെയുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അവർ വളരെയധികം പഞ്ചായത്തുകളിൽ രഹസ്യധാരണകൾ ഉണ്ടാക്കി. അവരുടെ അന്തർധാര പ്രവർത്തിച്ചു.

എന്നിട്ടും ബിജെപിയെയും എൽഡിഎഫിനെയും പരാജയപ്പെടുത്തിക്കൊണ്ട് ഇത്രയും പഞ്ചായത്തുകൾ ജയിച്ചു. വർഗീയതയെയും അക്രമത്തെയും അഴിമതിയെയും ഭരണ വിരുദ്ധതയെയും ജനങ്ങൾ ഒരുപോലെ തിരിച്ചറിഞ്ഞു. ഇത്രയും വലിയ വിജയം നേടിയതിന്റെ കാരണം അതാണ്. ഇത് ജനഹിതമാണ്, ജനങ്ങളുടെ വിജയമാണ്. രണ്ടു കൂട്ടരും സാമ്പത്തികമായി വലിയ സ്വാധീനവും ശക്തിയുമാണ് തിരഞ്ഞെടുപ്പിൽ വിനിയോഗിച്ചത്.

ഒന്നും രണ്ടും ദിവസം കൊണ്ടല്ല, കഴിഞ്ഞ കുറെ കാലമായി ബിജെപി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. 25 കൊല്ലം മുമ്പ് അവർ പ്രവർത്തനം തുടങ്ങി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആർഎസ്എസ് യൂണിറ്റുകൾ ഉണ്ടാക്കി. അതിലൂടെ അവർ ചെറുപ്പക്കാരെ ആകർഷിച്ചു. കാൽ നൂറ്റാണ്ട് കൊണ്ടുള്ള ബിജെപി ലക്ഷ്യമായിരുന്നു കോർപ്പറേഷൻ പിടിക്കുക എന്നത്.

വർഗീയ വികാരം ആളിക്കത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു.ചില സമുദായങ്ങളുടെ പൂർണ പിന്തുണ അവർക്ക് ലഭിച്ചു. 50 കൗൺസിലർമാരെ വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. വളരെ സൂക്ഷ്മമായി തിരഞ്ഞെടുപ്പ് വിജയം വിലയിരുത്തിയാൽ യുഡിഎഫിന്റെ വോട്ടുകളല്ല അങ്ങോട്ടേക്ക് പോയതെന്ന് മനസ്സിലാക്കാം. യുഡിഎഫ് 10 ൽ നിന്ന് 20 ലേക്ക് സീറ്റ് വാർഡുകൾ വർധിപ്പിച്ചു. 8-10 വാർഡിലെങ്കിലും ബിജെപിയെ ജയിപ്പിക്കാൻ മാർക്‌സിസ്റ്റുകാർ പരോക്ഷമായി പിന്തുണയും സഹായവും നൽകിയെന്ന് വ്യക്തം.

  • ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ എൽഡിഎഫും ബിജെപിയും ഒരുപോലെ യുഡിഎഫിനെ വിമർശിക്കുകയാണല്ലോ ?

ഞങ്ങൾ യുഡിഎഫ് മുസ്ലിം വർഗീയതയെ കൂട്ടുപിടിച്ചിരിക്കുന്നു എന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരുമൊക്കെ ഇപ്പോൾ നടത്തുന്ന പ്രചരണം. അവരുടെ ചില പ്രസ്താവനകളൊക്കെ വളരെ വിചിത്രമായിട്ടുള്ളതാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ഭരിക്കാൻ പോകുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് മാർക്‌സിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവ് എകെ ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി 40 കൊല്ലം രാഷ്ട്രീയമായ നീക്കുപോക്കുകൾ ഉണ്ടാക്കിയ പാർട്ടിയാണ് മാർക്‌സിസ്റ്റ് പാർട്ടി.

ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടകകക്ഷിയല്ല. യുഡിഎഫുമായി രാഷ്ട്രീയ ബന്ധമൊന്നുമില്ല. ഒരു എട്ടു പത്തു കൊല്ലം മുമ്പാണ് അവരൊരു വെൽഫെയർ പാർട്ടി ഉണ്ടാക്കിയത്. ആ വെൽഫെയർ പാർട്ടിയുമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശികമായി ചില നീക്കുപോക്കുകൾ യുഡിഎഫ് നടത്തി. അത് രഹസ്യമായിട്ടൊന്നുമല്ല, പരസ്യമായിട്ട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൺവീനറായി മലപ്പുറത്ത് പോയപ്പോൾ മലപ്പുറം മുനിസിപ്പാലിറ്റിയുടെ കാര്യം എടുത്ത് ചോദിച്ചു. അവിടെ മാർക്‌സിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ സീറ്റ് ധാരണ ഉണ്ടാക്കി. ഒരു നേതാവും മറുപടി പറഞ്ഞില്ല.

ജമാഅത്തെ ഇസ്ലാമിയുടെ തിരൂരിൽ നടന്ന ഒരു സമ്മേളനത്തിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗം വി അബ്ദുൽറഹ്‌മാൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മാധ്യമ പ്രവർത്തകർ ഗോവിന്ദൻ മാഷിനോട് ഇക്കാര്യം ചോദിച്ചു. എനിക്കറിയില്ല എന്നാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് അനുകൂലമല്ലാത്ത ഒരു സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നത്. വർഗീയതയോടുള്ള എതിർപ്പുകൊണ്ടൊന്നുമല്ല അത്. വർഗീയതയോടുള്ള എതിർപ്പാണെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടി എടുത്തിരിക്കുന്ന ഈ വർഗീയ പ്രചരണം ആരെ സഹായിക്കാൻ വേണ്ടിയാണ്. ഇതേ അഭിപ്രായമാണ് രാജീവ് ചന്ദ്രശേഖർ പറയുന്നതും. യുഡിഎഫ് ജയിച്ചു വന്നാൽ ഭരിക്കാൻ പോകുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയുന്നു.

ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമിയേയും മുസ്ലിം സംഘടനകളെയും ഉയർത്തി കാണിച്ചുകൊണ്ട് ബിജെപി പ്രചരണം നടത്തിയത്. അത് ഇപ്പോൾ മാർക്‌സിസ്റ്റ് പാർട്ടി ഏറ്റെടുത്തിരിക്കുകയാണ്.

  • സാമുദായിക നേതാക്കളുമായുള്ള യുഡിഎഫിന്റെ ബന്ധം വഷളാവുകയാണോ, എൻഎസ്എസുമായും എസ്എൻഡിപിയുമായുള്ള യുഡിഎഫിന്റെ ഭാവിയെന്താണ്?

എല്ലാ കാലത്തും എൻഎസ്എസുമായും എസ്എൻഡിപിയുമായും വളരെയധികം സൗഹൃദ ബന്ധം പുലർത്തിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. അവരുമായിട്ട് ഒരു ഏറ്റുമുട്ടലിന് ഞങ്ങൾ ഇപ്പോഴും തയ്യാറല്ല, മുമ്പും തയ്യാറായിട്ടില്ല.

രണ്ട് സമുദായ സംഘടനകൾ ഒരുമിക്കുന്നത് കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ വളരെ ഗുണകരമാണ്. ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു.

  • ശബരിമല വിഷയത്തിൽ സോണിയ ഗാന്ധിയേയും അടൂർ പ്രകാശിനേയുമെല്ലാം എൽഡിഎഫ് വിമർശിക്കുന്നുണ്ട്, ഉണ്ണി കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ കോൺഗ്രസിന് തലവേദനയാവുകയാണോ ?

ശബരിമല പ്രശ്‌നത്തിൽ യുഡിഎഫിന് എതിരെ എന്തെല്ലാം പ്രചരണം നടത്തിട്ടും ഒരു കാര്യവുമില്ല. സ്വർണപ്പാളി മോഷണ കേസിൽ പദ്മകുമാർ, വാസു എന്നീ രണ്ട് പ്രമുഖരായിട്ടുള്ള സിപിഎം നേതാക്കളാണ് ഉൾപ്പെട്ടിട്ടുള്ളത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ഒരു റൗണ്ട് ചോദ്യം ചെയ്തു കഴിഞ്ഞു. സ്വർണപ്പാളി കേസിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണത്തിൽ കോടതി ഒരു ഘട്ടത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു. മാർക്‌സിസ്റ്റ് പാർട്ടി ആണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അതിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് അവർ ശ്രമിക്കുന്നത്.

കോൺഗ്രസിന്റെ സോണിയാ ഗാന്ധിയെ പോറ്റി കാണുന്നത് ഏതു കാലത്തിലാണ്? ഈ സ്വർണപ്പാളി മോഷണം നടക്കുന്ന 2019 ന് എത്രയോ കാലം മുമ്പാണ് പോറ്റി ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ കാണുന്നത്. ശബരിമലയിലെ പ്രസാദം കൊടുക്കാനാണ് അദ്ദേഹം പോയത്.

സ്വാഭാവികമായും സോണിയാ ഗാന്ധിയെ കാണാൻ പോയാൽ ഫോട്ടോ എടുക്കും. എന്തെങ്കിലും തരത്തിൽ ഈ പോറ്റിയെ കുറിച്ച് ഒരു സംശയം ഉണ്ടെങ്കിൽ അവർ കാണുമോ? അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി ഉണ്ണി കൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന പടവും പുറത്ത് വന്നല്ലോ.

ആ പടം ഷെയർ ചെയ്തതിന് ഞങ്ങളുടെ കോഴിക്കോടുള്ള എൻ. സുബ്രഹ്‌മണ്യനെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ഇതെല്ലാം വളരെ വിചിത്രമായിട്ടുള്ള അന്വേഷണ രീതിയാണ്. അതൊന്നും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. ശബരിമലയിലെ സ്വർണപ്പാളി മോഷണ കേസിൽ നിന്നും രക്ഷപ്പെടാൻ സാധ്യമല്ലാത്ത വിധം സിപിഎം പ്രതിരോധത്തിലാണ്.

  • തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നാൽ മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടാൽ യുഡിഎഫ് പ്രതിരോധത്തിലാകില്ലേ?

മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുക എന്നുള്ളത് സാങ്കൽപ്പികമാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞല്ലോ. ഒരു കാലത്തും ലീഗ് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഞാൻ യുഡിഎഫിന്റെ കൺവീനർ ആയിട്ട് അഞ്ചു കൊല്ലം പ്രവർത്തിച്ച ആളാണ്. ഒരുകാലത്തും മുസ്ലീം ലീഗ് അമിതമായ അവകാശ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ല.

ലീഗിന് അപ്രമാദിത്തം ഉണ്ടാകുമെന്ന് കാണിച്ച് രണ്ട് ന്യൂനപക്ഷ സമുദായങ്ങളെ തമ്മിൽ അകറ്റാൻ ആർഎസ്എസും ബിജെപിയും പ്രചരണം നടത്തിയിരുന്നു. മാർക്‌സിസ്റ്റ് പാർട്ടിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത്തരം പ്രചരണം നടത്തി. ലീഗിന് വിദ്യാഭ്യാസം കിട്ടിയാൽ പലതും സംഭവിക്കുമെന്ന് പ്രചരണം നടത്തുന്നു. കോൺഗ്രസ് വന്നാൽ ലീഗ് ആണ് ഭരിക്കാൻ പോകുന്നത് എന്ന് പറഞ്ഞുപരത്തുന്നു.

എല്ലാ കാലത്തും കോൺഗ്രസ് വന്നാൽ രണ്ടാം കക്ഷിയല്ലേ ലീഗ്. പ്രധാനപ്പെട്ട വകുപ്പുകൾ അവർ കൈകാര്യം ചെയ്തിട്ടില്ലേ. ഏതെങ്കിലും കാലത്ത് അവർ ആഭ്യന്തര വകുപ്പ് ചോദിച്ചിട്ടുണ്ടോ? ഞങ്ങൾ കൊടുത്തിട്ടുണ്ടോ ? പിന്നെന്തിനാണ് ഇതൊക്കെ പറയുന്നത്.

ഇപ്പോൾ നടത്തുന്ന പ്രചരണമൊന്നും വിലപ്പോകില്ല. മുസ്ലിം ലീഗ് ഒരിക്കലും മതേതരം അല്ലാത്ത നിലപാട് എടുത്തിട്ടില്ല. ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തപ്പോൾ മുസ്ലിം ലീഗ് എടുത്ത നിലപാടിനെ എല്ലാവരും പ്രശംസിച്ചു. കേരളത്തിൽ ഒരു വർഗീയ കലാപം ഉണ്ടാകാതിരുന്നത് മുസ്ലിം ലീഗിന്റെ അന്നത്തെ പ്രസിഡന്റ് പാണക്കാട് തങ്ങൾ എടുത്ത ഏറ്റവും ഉചിതമായ ഒരു നിലപാടിന്റെ ഭാഗമായിട്ടാണ്. അല്ലെങ്കിൽ അന്ന് കേരളത്തിൽ ഭയങ്കരമായി വർഗീയ കലാപം ആളിക്കത്തുമായിരുന്നു.

  • എംപിമാരും കൗൺസിലർമാരുമൊക്കെ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ?

എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്‌ ഹൈക്കമാൻഡ് ആണ്. ഇന്നത്തെ നിലയ്ക്ക് 20 സീറ്റിലും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഉള്ള ഒരു അവസരം ഹൈക്കമാൻഡ് ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കോൺഗ്രസിന് ഇഷ്ടം പോലെ നേതാക്കളുണ്ട്. എംഎൽഎമാർ എന്തായാലും മത്സരിക്കണം എന്നുള്ളതാണ് ഒരു പൊതുധാരണ. എംപിമാർക്കും മത്സരിക്കുന്നതിന് പ്രശ്‌നമില്ല, പക്ഷേ, ഹൈക്കമാൻഡ് തീരുമാനിക്കണം.

യുവാക്കളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും. 50 ശതമാനം സീറ്റുകൾ വനിതകൾക്കും യുവാക്കൾക്കും നൽകണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. അനുഭവസ്ഥരായ വളരെ കുറച്ച് മുതിർന്ന നേതാക്കളെയേ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നുള്ളൂ. ഭൂരിപക്ഷം സീറ്റുകൾ വനിതകൾക്കും യുവാക്കൾക്കുമായിരിക്കും നൽകുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 52 യുവാക്കളെ അല്ലേ മത്സരിപ്പിച്ചത്.

  • ശബരീനാഥന് സീറ്റ് ഉണ്ടാകുമോ ? വിജയിച്ചുവന്നാൽ കവടിയാറിൽ ചെറിയ കൺഫ്യൂഷൻ ഉണ്ടാകുമല്ലോ ?

ഒരു കൺഫ്യൂഷനും ഇല്ല. ശബരീനാഥനും മത്സരിക്കാം. കൗൺസിലർ ആണെങ്കിലും അദ്ദേഹത്തിന് മത്സരിക്കുന്നതിൽ പ്രശ്‌നമില്ല. കൗൺസിലറും എംഎൽഎയുമായി ഇരുന്നിട്ടുള്ള ആളുകളുണ്ട്. അതിനൊന്നും ഒരു തകരാറും ഇല്ല.

  • കോൺഗ്രസിൽ ശശി തരൂരിന്റെ ഭാവിയെന്താണ്, നിയമസഭയിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടല്ലോ? തരൂരിനെ സ്ഥിരമായി വിമർശിക്കുന്ന സമീപനമാണല്ലോ അദ്ദേഹത്തിന്റേത് ?

കോൺഗ്രസിന്റെ നയങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും എതിരായി കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി മെമ്പറായിട്ടുള്ള ഒരാൾ സംസാരിച്ചാൽ അതിനെ എതിർക്കാതിരിക്കാൻ പറ്റുമോ, അന്ന് എതിർത്തു. അദ്ദേഹം പിന്നീട് തിരുത്തി പറഞ്ഞല്ലോ. കോൺഗ്രസ് നയങ്ങൾ മാത്രമേ ജനങ്ങൾക്ക് മുന്നിൽ പറയുകയുള്ളൂ എന്ന് പറഞ്ഞല്ലോ. അദ്ദേഹത്തിന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ മത്സരിക്കാം, പക്ഷേ ഹൈക്കമാൻഡ് തീരുമാനിക്കണം.

  • പ്രതിപക്ഷ നേതാവിനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നുവെന്ന് കരുതുന്നുണ്ടോ? അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയാണോ പാർട്ടിയുടേതും?

പ്രതിപക്ഷ നേതാവിന്റേത് യുഡിഎഫിന്റെ നയമാണ്. മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാട് എടുക്കും. അങ്ങനെ ഒരു നിലപാട് എടുക്കുമ്പോൾ മുഖ്യമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കും. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ പേരിൽ എല്ലാവരും കൂടി എതിർപ്പിന്റെ കുന്തമുന പ്രതിപക്ഷ നേതാവിന് നേരെ പായിക്കാൻ നോക്കുകയാണ്.

പ്രതിപക്ഷ നേതാവ് പാർട്ടിയുടെ നിലപാടാണ് പറയുന്നത്. അദ്ദേഹത്തെ ഏതുതരത്തിൽ പ്രതിപക്ഷ കക്ഷികൾ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാലും പാർട്ടി അദ്ദേഹത്തോടൊപ്പമാണ്.

  • തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി തർക്കമുണ്ടാകുമോ, ആഗ്രഹവും അർഹതയുമുള്ള ഒരുപാട് പേരുണ്ടല്ലോ ?

താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് കഴിഞ്ഞയാഴ്ച കെസി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിഡി സതീശൻ, രമേശ് ചെന്നിത്തല ഇവരെല്ലാം തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നാൽ ആര് മുഖ്യമന്ത്രി ആവണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഹൈക്കമാൻഡ് ആണ്. ആഗ്രഹങ്ങൾ പലർക്കും ഉണ്ടാകും. പക്ഷേ, അന്തിമമായി തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയതുകൊണ്ട് പിന്നെ ഒരു തർക്കത്തിനും അവിടെ സാധ്യതയില്ല.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന്റെ ആരോഗ്യരംഗം ഇപ്പോൾ വെന്റിലേറ്ററുകളിലാണ്. ആരോഗ്യ രംഗത്തെ പ്രതിസന്ധിക്ക് ബദൽ നിർദേശങ്ങൾ വെച്ചുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടാൻ പോകുന്നത്.

  • ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നോ, അരുവിക്കരയിൽ നിന്നാകുമോ ജനവിധി തേടുന്നത് ?

ഈ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. ഏത് നിയോജക മണ്ഡലത്തിലാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പാർട്ടി ചോദിക്കുമ്പോൾ എനിക്ക് തീർച്ചയായിട്ടും വിജയസാധ്യതയുള്ള ഒരു മണ്ഡലം ഞാൻ നിർദേശിക്കും.

എവിടെ മത്സരിക്കും എന്ന് പറയാൻ ഞങ്ങൾക്ക് ആർക്കും അവകാശമില്ല. മത്സരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് പാർട്ടിയെ അറിയിക്കണം. എന്നാൽ എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.

ഞാൻ കൂടുതൽക്കാലവും തിരുവനന്തപുരത്താണ് എംഎൽഎയായി ഇരുന്നത്. എന്റെ കർമ മണഡലം തിരുവനന്തപുരമാണ്. 1987 ൽ ഡിസിസി പ്രസിഡന്റ് ആയിരുന്ന ആളാണ് ഞാൻ. മറ്റു പല ജില്ലകളിലും മത്സരിക്കാൻ എന്നോട് പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. പാർട്ടി തീരുമാനിക്കണം ആ കാര്യം. അതെല്ലാം നമ്മുടെ കയ്യിൽ ഉള്ളതല്ലല്ലോ. രാഷ്ട്രീയത്തിൽ എന്തെല്ലാം വരുന്നു എന്തെല്ലാം പോകുന്നു എന്നൊന്നും ഒന്നും പ്രവചിക്കാൻ കഴിയില്ലല്ലോ. നമുക്ക് മത്സരിക്കാൻ ആഗ്രഹം മാത്രമേ പ്രകടിപ്പിക്കാൻ പറ്റൂ. ബാക്കിയെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

  • താങ്കളുടെ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു ? ഉമ്മൻചാണ്ടിക്കൊപ്പമുള്ള രാഷ്ട്രീയ പ്രവർത്തനം എങ്ങനെ മുന്നോട്ടുള്ള യാത്രയിൽ ഗുണം ചെയ്തു ?

അഖില കേരള ബാലജന സഖ്യം എന്നൊരു ഒരു സംഘടന ഉണ്ടായിരുന്നു. യാദൃശ്ചികമായി അതിൽ ഞാൻ അംഗമായി. ബാലജന സഖ്യത്തിൽ വന്ന് ഒരു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ അതിന്റെ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആ ബാലജന സഖ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി. അവിടെ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. അങ്ങനെയാണ് ബാലജന സഖ്യത്തിൽ മത്സരിക്കുന്നതും ജയിക്കുന്നതും.

അന്ന് ഉമ്മൻചാണ്ടിയൊക്കെ കെ.എസ്.യു വിന്റെ നേതാക്കളാണ്. അദ്ദേഹവും പിന്നീട് മന്ത്രിയായിരുന്ന കെ സി ജോസഫും എന്നോടൊപ്പം സെക്രട്ടറി ആയി. ഉമ്മൻ ചാണ്ടിയുടെ പ്രത്യേക ക്ഷണപ്രകാരം എന്നെയും കൂട്ടി കെ സി ജോസഫ് കോട്ടയത്ത് നടന്ന നടന്ന കെ.എസ്.യു ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വെച്ചാണ് ഞാൻ എകെ ആന്റണി, വയലാർ രവി എന്നിവരെയൊക്കെ പരിചയപ്പെടുന്നത്.

അവരുടെയൊക്കെ സ്വാധീനത്തിന്റേയും പ്രേരണയുടെയും ഒക്കെ ഫലമായി തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകനായി ഞാൻ മാറി. ചെമ്പഴന്തി എസ്എൻ കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. അവിടെ കോളേജ് യൂണിയനിൽ ജയിച്ച് സെക്രട്ടറിയായി.

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവിടെ രണ്ടുവർഷവും സ്പീക്കറായിരുന്നു. ആ സമയത്താണ് യൂണിവേഴ്‌സിറ്റി യൂണിയൻ പുനസംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയർമാനായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കെ.എസ്.യുവിന്റെ പ്രവർത്തനങ്ങളുമായി സജീവമായി. 1973-74 കാലഘട്ടത്തിലാണ് കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ആ യാത്ര എന്നെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിച്ചു. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ഞാനും ഒക്കെ ബാലജന സഖ്യത്തിലൂടെ തുടങ്ങി കെ.എസ്.യു വഴി യൂത്ത് കോൺഗ്രസിലൂടെ ഒടുവിൽ കോൺഗ്രസിലെത്തി. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ചു.

  • തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം എങ്ങനെയായിരുന്നു ?

ഞാൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 1980 ലാണ്, കഴക്കൂട്ടത്ത്. അന്നത്തെ കഴക്കൂട്ടം അസംബ്ലി മണ്ഡലത്തിന്റെ അതിരുകളല്ല ഇന്നുള്ളത്. 1978 ൽ എകെ ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മത്സരിച്ചത് അവിടെനിന്നായിരുന്നു. ആ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് എത്തി. ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തിലായിരുന്നു കഴക്കൂട്ടം. അവിടെ വയലാർ രവിയും എഎ റഹീമും മത്സരിച്ചു. കോൺഗ്രസ് തന്നെ അന്ന് രണ്ടായിട്ടാണ് മത്സരിച്ചത്. ഞങ്ങളൊക്കെ അന്ന് എകെ ആന്റണിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ ഭാഗമായിട്ടാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് എഎ റഹീമായിരുന്നു, ഞങ്ങളുടെ സ്ഥാനാർഥി വയലാർ രവി തോറ്റു. 1980 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും ഞാൻ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേകതകൾ നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത്.

രണ്ടര കൊല്ലം കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാം ഉൾക്കൊള്ളുന്ന എൽഡിഎഫിനുള്ളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. ഞങ്ങളൊക്കെ മാർക്‌സിസ്റ്റ് പാർട്ടിയുമായിട്ടുള്ള ഐക്യം വിട്ടു, വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടായി. 1982 ലെ ഈ തിരഞ്ഞെടുപ്പിൽ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിലും എനിക്ക് വിജയിക്കാൻ സാധിച്ചു.

പിന്നീട് 1987-ലാണ് ഞാൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴക്കൂട്ടത്ത് നിന്ന് മാറി ട്രിവാൻട്രം വെസ്റ്റിൽ മത്സരിച്ചു, ഇന്നത്തെ ട്രിവാൻഡ്രം സെൻട്രൽ. 87-ലും 91-ലും വെസ്റ്റിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് തിരഞ്ഞെടുപ്പിൽ ഞാൻ പരാജയം നേരിടുന്നത്. അത് കഴിഞ്ഞ് കുറച്ചുകാലം ഞാൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 1998-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. അന്ന് വർക്കല രാധാകൃഷ്ണനോട് 5000 വോട്ടിന് ഞാൻ പരാജയപ്പെട്ടു. പിന്നീട് 2001 ലാണ് മത്സരിക്കുന്നത്. അത്തവണ കായംകുളം നിയമസഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ഉന്നതനായ നേതാവ് ജി സുധാകരനെയാണ് പരാജയപ്പെടുത്തിയത്. ഇതാണ് എന്റെ തിരഞ്ഞെടുപ്പ് ചരിത്രം.

  • തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കാനുള്ള സാഹചര്യം എന്തായിരുന്നു?

പാർട്ടി മത്സരിക്കരുത് എന്ന് പറഞ്ഞാൽ മത്സരിക്കാതിരിക്കുക. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കുക. അതാണ് ഞങ്ങളുടെ രീതി. 2001 ന് ശേഷം പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം തന്നത്.

പത്തിരുപത്തിയഞ്ച് കൊല്ലക്കാലം കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. വി. എം. സുധീരൻ രാജിവയ്ക്കുമ്പോഴാണ് ഞാൻ കെപിസിസി പ്രസിഡന്റ് ആയിട്ട് വരുന്നത്. 18 മാസക്കാലം കെപിസിസി പ്രസിഡന്റ് ആയി പ്രവർത്തിച്ചു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്ന് കെപിസിസി പ്രസിഡന്റ് ആയിരുന്ന സുധാകരൻ മത്സരിക്കുന്നതുകൊണ്ട് എനിക്ക് രണ്ട് മാസത്തെ ചുമതല തന്നു. പിന്നീടാണ് യുഡിഎഫ് കൺവീനർ ആകാനുള്ള അവസരം പാർട്ടി നൽകിയത്. അഞ്ചു വർഷക്കാലം യുഡിഎഫ് കൺവീനർ ആയി പ്രവർത്തിച്ചു.

  • താങ്കളുടെ ഒരു ഡോക്യുമെന്ററി വരുന്നുണ്ടല്ലോ ? 'ദ് ലെഗസി ഓഫ് ട്രൂത്ത്; എം.എം ഹസൻ' എന്ന ഡോക്യുമെന്ററിയുടെ വിശേഷങ്ങൾ?

എന്റെ 50 കൊല്ലത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ ഡോക്യുമെന്ററി ചെയ്ത അതേ ടീമാണ് ഇതും ഒരുക്കുന്നത്. ജനുവരി 31 ആം തീയതി പ്രതിപക്ഷ നേതാവ് ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്യും

  • ഉമ്മൻചാണ്ടിക്കൊപ്പമുള്ള രാഷ്ട്രീയ കാലം എങ്ങനെ ഓർമിക്കുന്നു?

ഉമ്മൻചാണ്ടി പണ്ടും വളരെ ഊർജസ്വലനായിരുന്നു. ഒരിക്കലും അദ്ദേഹം വെറുതെയിരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. കെ.എസ്.യു പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഒട്ടാകെ ഓടിനടക്കും. വിദ്യാർഥി സമരങ്ങളിൽ നേതൃത്വം നൽകും, കെ.എസ്.യുവിനെ ശക്തിപ്പെടുത്താനുള്ള നിരവധി പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.

അന്നും അദ്ദേഹത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. സഹപ്രവർത്തകർക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ അവരെ സഹായിക്കും. അദ്ദേഹം കടന്നു പോകുന്ന വഴിയിൽ ആരെങ്കിലും വീണു കിടക്കുന്നത് കണ്ടാൽ അദ്ദേഹം തന്നെ അവരെ എടുത്തുകൊണ്ടുപോയി ചികിത്സ ലഭ്യമാക്കും. ഇങ്ങനെയൊക്കെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാം അന്നേ ഒരു പ്രത്യേകമായ താല്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

പിന്നീട് അതെല്ലാം വളരെ വലുതായി. അദ്ദേഹം എംഎൽഎ ആയപ്പോഴും മന്ത്രിയായപ്പോഴും നമ്മൾ ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവമാണിത്.

കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചപ്പോൾ ലഭിച്ച സംഘടനാപരമായ പരിചയം കോൺഗ്രസിൽ എത്തിയപ്പോൾ ഞങ്ങൾക്ക് കൈമുതലായി ഉണ്ടായിരുന്നു.

  • തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേയ്ക്ക് മാറാനുണ്ടായ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു ?

1996 ലെ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിക്കാനുള്ള താത്പര്യം എനിക്ക് നഷ്ടമായി. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. അന്ന് ഐക്യമുന്നണി രാഷ്ട്രീയമാണല്ലോ. ഞങ്ങളുടെ മുന്നണിയിലേക്ക് വരുന്ന എം.വി. രാഘവന് മത്സരിക്കാൻ ഒരു സീറ്റ് കണ്ടുപിടിക്കണമായിരുന്നു. പാർട്ടി തീരുമാനിച്ചത് തിരുവനന്തപുരം വെസ്റ്റ് ആയിരുന്നു. എന്നെ കായംകുളത്തേയ്ക്ക് മത്സരിക്കാൻ നിയോഗിച്ചു.

തച്ചടി പ്രഭാകരന്റെ മരണ ശേഷം കായംകുളത്ത് സ്ഥാനാർഥിയായി പുറത്ത് നിന്ന് ഒരാൾ വരണം എന്ന അഭിപ്രായം ഉയർന്നു. ഇത് രണ്ടും കൂടി ആയപ്പോൾ അപ്പോൾ അവിടെ എന്നെ സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് 2001ൽ എകെ ആന്റണിയുടെ മന്ത്രിസഭയിൽ എനിക്ക് അംഗമാകാൻ അവസരം കിട്ടുന്നത്.