കൊച്ചി: കൊച്ചിയിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പുറത്തേക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റേയും പേരിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.

To advertise here,

നേരത്തെ കൊച്ചി മേയർ സ്ഥാനത്തിൽനിന്ന് തഴയപ്പെട്ടതിൽ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന വാഗ്ദാനം നിലനിൽക്കേയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ്‌ തന്നെ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

‘മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പോസ്റ്ററുകൾ അച്ചടിച്ചത്. നേരത്തെ തൃക്കാക്കര ചോദിച്ചിരുന്നെങ്കിലും സിറ്റിങ് എം എൽ എമാർ മത്സരിക്കുമെന്ന് വന്നതോടെയാണ് കൊച്ചിയിൽ സാധ്യത പറഞ്ഞത്. പ്രചാരണ പരിപാടികൾക്ക് വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ. നോമിനേഷനടക്കം ഫിൽ ചെയ്തത് മുന്നൊരുക്കും മാത്രമാണ്. പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും. സ്ഥാനാർഥിതത്വവുമായി ബന്ധപ്പെട്ട് എഐസിസിയിൽ ചർച്ച നടക്കുകയാണ്. മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. ആര് മത്സരിച്ചാലും ഇത്തവണ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും’- ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

ദീപ്തി മേരി വർഗീസാണോ മുഹമ്മദ് ഷിയാസാണോ സ്ഥാനാർഥി എന്ന പ്രഖ്യാപനം ഉണ്ടാകുന്നതിന്മുമ്പ് തന്നെ ദീപ്തിയുടെ പേരിൽ പോസ്റ്ററുകൾ അടിച്ച് പ്രവർത്തകർ പ്രചരണം ആരംഭിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പനമ്പള്ളി നഗർ യൂണിറ്റ് വിവിധയിടങ്ങളിൽ ഷിയാസിനുവേണ്ടിയുള്ള ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഷിയാസിന് വേണ്ടി പ്രവർത്തകർ റോഡ് ഷോ സംഘടിപ്പിക്കുന്നതായും അറിയിപ്പുകൾ വന്നിരുന്നു.

എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷമാണ് ഉയർത്തുന്നത്. രണ്ടുപേരിൽ ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും മറു വിഭാഗത്തിൽനിന്ന് ഉണ്ടാകാനിടയുള്ള ശക്തമായ പ്രതിഷേധം എങ്ങനെ നേരിടും എന്നതാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. രണ്ടുപേർക്കും വേണ്ടി അണികൾ സജീവമായി രംഗത്തുണ്ട്.

നേരത്തെ കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേയർ സ്ഥാനാർഥിയായി ദീപ്തി മേരി വർഗീസിനെ ഉയർത്തിക്കാണിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ മേയർ സ്ഥാനത്ത് നിന്ന് ദീപ്തിയെ തഴയുകയും അതൃപ്തി രേഖപ്പെടുത്തി ദീപ്തി പരസ്യമായി രംഗത്തെത്തിയതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. എന്നാൽ കെ. സി. വേണുഗോപാലടക്കം ദീപ്തിയെ നേരിട്ട് വിളിക്കുയും നിയമസഭയിലേക്ക് അംഗീകാരം ഉണ്ടാകുമെന്ന ഉറപ്പു നൽകിയിരുന്നതുമായാണ് വിവരം.

അതേസമയം നേരത്തെ തൃക്കാക്കരയിലും ദീപ്തിയുടെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും എവിടെ മത്സരിക്കാനും താൻ തയാറാണെന്നായിരുന്നു ദീപ്തിയുടെ മറുപടി. നേരത്തെ തൃക്കാക്കര ചോദിച്ചിരുന്നെങ്കിലും സിറ്റിങ് എം എൽ എമാർ മത്സരിക്കുമെന്ന് വന്നതോടെയാണ് കൊച്ചിയിൽ സാധ്യത തെളിഞ്ഞത്. നേരത്തെ കൊച്ചി മേയർ പദവിയിൽനിന്ന് തഴഞ്ഞ സംഭവത്തിൽ നീതി നടപ്പാക്കുമെന്നായിരുന്നു കെപിസിസി പ്രസി‍ഡന്റിന്റെ മറുപടി. എന്നാൽ ഇത്തവണയും ദീപ്തിയെ തഴയുകയാണെങ്കിൽ എറണാകുളത്ത് ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ വലിയ രീതിയിലുള്ള അമർഷത്തിന് കാരണമാകും.