കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും ഘടകകക്ഷികളുമായി വേഗത്തിൽ അന്തിമ ധാരണയുണ്ടാക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിൽ ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്ഥാനാർഥിചർച്ചയുമായി ബന്ധപ്പെട്ട് ആശയവിനിമയം നടക്കുന്നുണ്ട്. ഞായറാഴ്ചകളിൽ ജാഥയ്ക്ക് അവധിയായതിനാൽ അന്നേദിവസം ചർച്ചകൾ നടക്കും.
കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.െഎ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃതാ രാമകൃഷ്ണൻ എന്നിവരാണ് പരിഗണനയിൽ. കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാൻ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗിന്റെ സീറ്റാണ്. മുൻ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്‌ലിം ലീഗിലെ െപാട്ടൻകണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്. 9541 വോട്ടിന് കെ.പി.മോഹനൻ വിജയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പിൽ സജീവമായി പരിഗണിക്കുന്നത്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുണ്ടെങ്കിൽ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. കല്യാശ്ശേരിയിൽ രജിത്ത് നാറാത്ത്, ജോഷി കണ്ടത്തിൽ എന്നിവരുടെയും പയ്യന്നൂരിൽ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ബ്രിജേഷ് കുമാർ എന്നിവരുടെയും പേരുകൾക്കാണ് മുൻഗണന.
മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി. കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. പകരം മലബാറിൽ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോൺ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരി, സജ്ജീവ് മാറോളി, ഫർസീൻ മജീദ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. കോൺഗ്രസാണ് മത്സരിക്കുന്നതെങ്കിൽ തലശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.കെ.ഷിബിന, കെ.പി.സാജു എന്നിവരെയാണ് പരിഗണിക്കുന്നത്. തളിപ്പറമ്പിൽ വി.പി.അബ്ദുൾ റഷീദ്, മുഹമ്മദ് ബ്ലാത്തൂർ, രജനി രമാനന്ദ് എന്നിവർക്കാണ് മുൻതൂക്കം. യു.ഡി.എഫ്. വിജയിച്ച പേരാവൂരിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും ഇരിക്കൂറിൽ സജീവ് ജോസഫും ഇത്തവണയും മത്സരിക്കും.
നായർ വിഭാഗത്തിന് ജില്ലയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ ആ വിഭാഗത്തിൽപ്പെട്ടയാളെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും ആലോചനയുണ്ട്. വിവിധ സർവേ റിപ്പോർട്ടിന്റെയും പാർട്ടിതലത്തിൽ നടത്തുന്ന അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പേരുകളിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Content Highlights: Congress to quickly finalize seat-sharing and constituency decisions with allies for the Kerala Assembly elections. Discussions underway.
Published: 10 Feb 2026, 11:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented