തൊടുപുഴ: ഇടുക്കി നിയമസഭ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കൂടുതൽ ഊർജിതമാക്കി കോൺഗ്രസ്. ഇടുക്കിയിലും മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് കെ.പി.സി.സി. നിർദേശം നൽകി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന സ്ക്രീനിങ് കമ്മിറ്റിയിലാണ് ഡി.സി.സി.ക്ക് സുപ്രധാന നിർദേശം നൽകിയത്.

To advertise here,

കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ് ഇടുക്കി. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരേ കേരള കോൺഗ്രസ് സ്ഥാനാർഥി നിന്നാൽ വിജയിക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തദ്ദേശീയമായി സ്വാധീനമുള്ള കോൺഗ്രസിന്റെ സ്ഥാനാർഥിക്ക് വിജയിക്കാൻ സാധിക്കുമെന്നും വിലയിരുത്തുന്നു. അതിനാൽ അനുനയത്തിലൂടെ കേരള കോൺഗ്രസിൽനിന്ന് സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള ചർച്ചകൾ പൂർത്തിയായാൽ സംസ്ഥാന നേതൃത്വമാകും ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.

  • നാലിടത്തും കോൺഗ്രസ്?

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും കോൺഗ്രസ് മത്സരിക്കുമെന്നാണ് നേതൃത്വത്തിന്റെ താത്പര്യം. ഇടുക്കിയുടെ കാര്യത്തിലാണ് ഇനി സമവായത്തിൽ എത്താനുള്ളത്. യു.ഡി.എഫിന് ഏറെ ജയസാധ്യതയുള്ള പീരുമേട്ടിൽ സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നത് അഞ്ചുപേരെയാണ്. മുൻ ഡി.സി.സി. പ്രസിഡന്റ് റോയ് കെ.പൗലോസ്, മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ, സിറിയക് തോമസ്, ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു, ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് എന്നിവരുടെ പേരുകളാണ് വന്നിരിക്കുന്നത്. ഉടുമ്പൻചോല മണ്ഡലത്തിൽ സേനാപതി വേണു, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ്. അരുൺ, അനിൽ തറനിലം എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ദേവികുളം മണ്ഡലത്തിൽ എ. രാജാറാം, എഫ്. രാജ, പി. മുത്തുരാജ്, കൃഷ്ണമൂർത്തി എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡി. കുമാറിന്റെ പേരും കമ്മിറ്റി ചർച്ചയിൽ പരിഗണിച്ചിട്ടുണ്ട്. കോർ കമ്മിറ്റി അംഗങ്ങൾക്ക് കൂട്ടായോ വ്യക്തിപരമായോ സ്ഥാനാർഥികളെ സംബന്ധിച്ച നിർദേശങ്ങൾ എഴുതി നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

  • സ്വയം പ്രഖ്യാപനം വേണ്ടാ

ജില്ലയിലെ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരേ സ്‌ക്രീനിങ് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ യു.ഡി.എഫിന് ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ട ആളുകളെ ഒഴിവാക്കി പകരം മണ്ഡലം തിരിച്ചുപിടിക്കുന്നതിന് മുതിർന്ന നേതാക്കൻമാരെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്ന അഭിപ്രായത്തിനും സ്‌ക്രീനിങ് കമ്മിറ്റിയിൽ മുൻതൂക്കം ലഭിച്ചു. ‌ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ സ്‌ക്രീനിങ് കമ്മിറ്റി ചർച്ചയിൽ വന്ന യുവനേതാക്കളെയും പരിഗണിക്കുന്നതിനുള്ള സാധ്യതകളേറെയാണ്.

ചർച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളും പേരുകളും മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി കമ്മിറ്റി മുമ്പാകെ കെ.പി.സി.സി. നേതാക്കൻമാർ സമർപ്പിക്കും. അതിനുശേഷം വിശദമായ പഠനം നടത്തി ലഭിക്കുന്ന റിപ്പോർട്ടുകളും സ്ഥാനാർഥികളുടെ പേരുകളടങ്ങിയ ലിസ്റ്റും എ.ഐ.സി.സി.ക്ക് കൈമാറും.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എന്നിവരുമായി ജില്ലയിലെ കോർ കമ്മിറ്റി അംഗങ്ങളായ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയ് കെ.പൗലോസ്, എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം.ആഗസ്തി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഡീൻ കുര്യാക്കോസ് എം.പി. പങ്കെടുത്തില്ല.