പുതുപ്പള്ളി: കണ്ണേ കരളേ കണ്മണിയേ...ആദ്യം അണികളുടെ ഉച്ചത്തിലുള്ള മുദ്രാവാക്യംവിളിയും സ്വീകരണവും. ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ചാണ്ടിയുടെ വിതുമ്പൽ. പിന്നെ മാധ്യമങ്ങൾക്ക് മുൻപിൽ ആവലാതി. ബുധനാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയങ്കണത്തിൽ നടന്നത് നാടകീയത നിറഞ്ഞ സംഭവങ്ങൾ.

To advertise here,

എം.എൽ.എ. ആയി സത്യപ്രതിജ്ഞചെയ്യുംമുൻപേ പുതുപ്പള്ളിയിലെത്തിയതാണ് ചാണ്ടി ഉമ്മൻ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതിന് ശേഷം ആദ്യം പുതുപ്പള്ളിയിലെത്തിയ ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നീണ്ട നിരതന്നെ കാത്തുനിന്നു.

ആൾക്കൂട്ടത്തിലേക്ക് വന്നിറങ്ങിയ ചാണ്ടിയെ തോളിലേറ്റിയും ഷാളണിയിച്ചും ആളുകളുടെ സ്നേഹപ്രകടനം. പള്ളിയിലെ പ്രാർഥനയ്ക്കുശേഷം കബറിടത്തിൽ മുട്ടുകുത്തി പ്രാർഥന. പ്രാർഥന പൂർത്തിയാക്കി എഴുന്നേറ്റ ചാണ്ടിക്ക് വിതുമ്പലടക്കാനായില്ല. സഹപ്രവർത്തകർ ആശ്വസിപ്പിക്കാൻ നന്നേ പാടുപെട്ടു. ഒടുവിൽ മധ്യമങ്ങളോടായി ചില ആവലാതികളും നിരത്തി. വികാരപരമായിരുന്നു ആ പ്രതികരണം-പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകനെന്ന പ്രചാരണമായിരുന്നു ആദ്യം. ഇപ്പോൾ പാർട്ടി വിരുദ്ധനാണെന്ന നിലയിലെ ചർച്ച. മന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴച്ചു. പാർട്ടിക്കെതിരേ ജീവിതത്തിൽ ചിന്തിച്ചിട്ടേയില്ലെന്നും ഇത്തരം പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ വിശദീകരണം.