
തിരുവനന്തപുരം: മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിലുള്ള എ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിയിൽ പ്രതികരണവുമായി നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. 25 വർഷം മുൻപ് ഉമ്മൻചാണ്ടിയും ഈ സാഹചര്യം നേരിട്ടിട്ടുണ്ട്. ചരിത്രം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'സ്ഥാനം ഇല്ലാത്തതാണ് കൂടുതൽ നല്ലത്. കാരണം ജനങ്ങൾക്ക് വേണ്ടി കൂടുതലായി പ്രവർത്തിക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 140 മണ്ഡലങ്ങളിലും താൻ നടക്കാൻ പോവുകയാണ്. മന്ത്രിയായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ചുരുങ്ങിപ്പോയേനെ. ജനങ്ങൾക്കിടയിൽ സ്ഥാനമുണ്ട്. അത് ഉറപ്പിക്കാനായി താൻ ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഇറങ്ങുകയാണ്. അഞ്ചുവർഷവും പ്രവർത്തനം അങ്ങനെ ആയിരിക്കും, ചാണ്ടി ഉമ്മൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ എ ഗ്രൂപ്പ് നേതാക്കൾ എഐസിസിയെ കാണാൻ പോകുന്നെന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. അത് അവരുടെ സ്വാതന്ത്ര്യമല്ലേ. എനിക്ക് അതിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. എ ഗ്രൂപ്പ്, ഉമ്മൻചാണ്ടിയെ എന്നിൽ ദർശിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർക്ക് ഇങ്ങനെ ഒരു വിഷമം വരുന്നത്- എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.
25 വർഷം മുൻപ് സമാന സാഹചര്യം ഉമ്മൻചാണ്ടി നേരിട്ടിട്ടുണ്ട്. ചരിത്രം ആവർത്തിക്കപ്പെട്ടപ്പോൾ ജനങ്ങൾക്ക് ഉള്ള വിഷമം അവരിലും പ്രതിഫലിച്ചതാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കേരളത്തിന് കോൺഗ്രസ് മുഖ്യമന്ത്രിയെ ലഭിച്ചപ്പോൾ തന്നെ ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചു. ഉമ്മൻചാണ്ടിയുടെ മകന് മന്ത്രിസ്ഥാനമോ പുതുപ്പള്ളിയിൽനിന്ന് മന്ത്രി വേണമെന്നോ ഇല്ല. കോൺഗ്രസിന്റെ ഭരണമാണ് ഏറ്റവുംവലിയ നീതിയെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ഫ്‌ളെക്‌സ്
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഫ്‌ളെക്‌സ് ബോർഡുകൾ. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിന് സമീപത്താണ് ഫ്‌ളെക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് തിരുവനന്തപുരം എന്നാണ് ഫ്‌ളെക്‌സ് ബോർഡിന് താഴെയുള്ളത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ ആ സ്ഥാനത്തേക്ക് ആര് എത്തുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമായി നടക്കുന്നതിനിടെയാണ് ഫ്‌ളെക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
Content Highlights: Chandy Oommen prioritizes grassroots work over ministerial positions., Plans to tour all 140 constituencies in Kerala., Addresses A-group dissatisfaction regarding his cabinet exclusion., Reflects on Oommen Chandy's political history., Flex boards emerge demanding Chandy Oommen as KPCC President.
Published: 20 May 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented