ചേർത്തല (ആലപ്പുഴ): നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ, ചേർത്തല മണ്ഡലങ്ങൾക്കായി നീക്കം ശക്തമാക്കി ബി.ജെ.പി. നിലവിൽ അടുത്തടുത്ത രണ്ടുമണ്ഡലങ്ങളിലും എൻ.ഡി.എ.യിലെ മുഖ്യ ഘടകകക്ഷിയായ ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലും ശക്തമായ മത്സരത്തിനു ബി.ജെ.പി. മത്സരരംഗത്തുവരണമെന്ന ആവശ്യം പ്രാദേശിക നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും 30,000-നുമേൽ വോട്ടു സമാഹരിക്കാൻ എൻ.ഡി.എ.ക്കായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ അരൂരിൽ 36,840-ഉം ചേർത്തലയിൽ 25,434 വോട്ടുമാണ് ലഭിച്ചത്. രണ്ടിടത്തും താമര ചിഹ്നത്തിൽ മത്സരിക്കാനായാൽ വിജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അരൂരിൽ ശോഭാസുരേന്ദ്രനെ പോലെയുള്ള സംസ്ഥാന നേതാക്കൾ മത്സരത്തിനിറങ്ങിയാൽ നിർണായകമാകുമെന്നാണ് സംസ്ഥാന പ്രസിഡന്റിനു നൽകിയ കത്തുകളിൽ പറയുന്നത്. നിലവിൽ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എൽ.ഡി.എഫിലും യു.ഡി.എഫിലുമായി മത്സരിക്കാൻ സാധ്യതയെന്നും ഇതറിഞ്ഞുള്ള തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചേർത്തലയിലും സമാനസാഹചര്യമാണെന്നും വിജയിക്കാനായില്ലെങ്കിലും ശക്തമായ മത്സരമുണ്ടാക്കാനും വോട്ടുവിഹിതം ഉയർത്താനും താമരചിഹ്നത്തിൽ മത്സരിക്കണമെന്നാണ് നിർദേശം. വടക്കൻ ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർത്തുന്നത്. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ബി.ഡി.ജെ.എസിനു 20,000 വോട്ടിനടുത്തെത്താൻപോലും കഴിഞ്ഞിരുന്നില്ല. എൻ.ഡി.എ.യുടെ പരമ്പരാഗത വോട്ടുകൾപോലും സമാഹരിക്കാൻ ബി.ഡി.ജെ.എസിനു കഴിയുന്നില്ലെന്ന വിമർശനവും ഉയർത്തിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പി.യുടെ ആവശ്യം ബി.ഡി.ജെ.എസ്. അംഗീകരിക്കാൻ സാധ്യതയില്ല. അല്ലെങ്കിൽ സംസ്ഥാനതലത്തിൽ അത്രയ്ക്കു സമ്മർദമുണ്ടാകണം.
Content Highlights: bjp plans to take over cherthala and aroor from bdjs
Published: 13 Feb 2026, 08:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented