തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇതിനോടകം നേമത്ത് സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റു പ്രധാന നേതാക്കളെല്ലാം മത്സരിക്കുമെന്ന് രാജീവ് ചന്ദ്രേശഖർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നേതാക്കൾ ഏതെല്ലാം മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന സൂചനയും രാജീവ് ചന്ദ്രശേഖർ നൽകുകയുണ്ടായി. എന്നാൽ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സാധ്യതകളെ സംബന്ധിച്ച് സംസാരിച്ചത്.
മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും അത്തരമൊരു ഉറപ്പ് രാജീവ് ചന്ദ്രശേഖർ നൽകുന്നില്ല. കെ.സുരേന്ദ്രൻ എവിടെ നിന്നാലും വിജയിക്കുന്ന ആളാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവ് അദ്ദേഹം മത്സരിക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പ് പറയാനാകില്ലെന്നും വ്യക്തമാക്കി.
അതേസമയം വി.മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. 'തദ്ദേശ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് പാർട്ടി ഉത്തരവാദിത്തം വി.മുരളീധരന് നൽകിയിരുന്നു. അദ്ദേഹം നന്നായി പ്രവർത്തിച്ചു.കെ.സുരേന്ദ്രന് കോഴിക്കോട് പ്രവർത്തിക്കാനാണ് ചുമതല നൽകിയതും. അദ്ദേഹവും നന്നായി പ്രവർത്തിച്ചു' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശോഭാ സുരേന്ദ്രൻ ആലപ്പുഴ ലോക്‌സഭാ പരിധിയിലെ ഏതെങ്കിലും സീറ്റുകളിലായിരിക്കും മത്സരിക്കുക എന്ന സൂചനയും രാജീവ് ചന്ദ്രശേഖർ നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ കായംകുളവും ഹരിപ്പാടും കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് കൃത്യമായി ഇപ്പോൾ പറയുന്നില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
അൽഫോൺസ് കണ്ണന്താനത്തോട് കോട്ടയത്ത് പ്രവർത്തിക്കാനും ആവശ്യപ്പെട്ടു. അവരെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. എന്നു കരുതി ഇവരൊക്കെ ഇവിടെ തന്നെ മത്സരിക്കണമെന്നില്ലെന്നും രാജീവ് ചന്ദ്രേശഖർ വ്യക്തമാക്കി.
മേയർ സ്ഥാനത്തെ ചൊല്ലി അതൃപ്തി പരസ്യമാക്കിയ ആർ.ശ്രീലഖയ്ക്ക് ഭാവിയിൽ വലിയൊരു റോളുണ്ടാകുമെന്ന് പാർട്ടി ദേശീയ നേതൃത്വം തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വട്ടിയൂർക്കാവിൽ അവർക്ക് സീറ്റ് നൽകാനുള്ള സാധ്യതകളും രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞില്ല. ദേശീയ നേതൃത്വമാകും അക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് 2024 മുതലേ താൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. 35 ദിവസം മാത്രം പ്രചാരണം നടത്തിയിട്ടാണ് നേമത്തുകാർ തനിക്ക് ഇത്രയും വോട്ടുകൾ നൽകിയത്. അതുകൊണ്ടാണ് നേമം തിരഞ്ഞെടുത്തതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Content Highlights: BJP state president Rajeev Chandrasekhar confirms top leaders will contest Kerala Assembly elections
Published: 12 Jan 2026, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented