തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താരങ്ങളെ കളത്തിലിറക്കാൻ ബിജെപി. നടിമാരായ ശോഭന, ശ്വേതാ മേനോൻ എന്നിവരെ സ്ഥാനാർഥികളാക്കാൻ നീക്കം നടത്തുന്നതായി സൂചന. തിരുവനന്തപുരം സെൻട്രൽ, തൃക്കാക്കര എന്നീ മണ്ഡലങ്ങളിൽ സെലിബ്രിറ്റികളെ പരിഗണിക്കാനാണ് തീരുമാനം. കേരളത്തിലെ ബിജെപി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിർണായകചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.

To advertise here,

തിരുവനന്തപുരം സെൻട്രലിൽ മുൻപും സെലിബ്രിറ്റികളെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും നടൻ കൃഷ്ണകുമാറുമാണ് മണ്ഡലത്തിൽ മുൻപ് ബിജെപിക്കായി മത്സരിച്ചത്. ബിജെപിക്ക് വോട്ട് സമാഹരിക്കാൻ കഴിയുന്ന മണ്ഡലമായാണ് തിരുവനന്തപുരം സെൻട്രൽ കണക്കാക്കപ്പെടുന്നത്.

രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ, തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സെലിബ്രിറ്റി സ്ഥാനാർഥി വരുന്നപക്ഷം വാശിയേറിയ മത്സരം നടക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

നിലവിൽ മുംബൈയിലാണ് ശ്വേതാ മേനോനുള്ളത്. സ്ഥാനാർഥിത്വത്തെ കുറിച്ച് ആരാഞ്ഞെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് ശ്വേത. ശോഭനയുമായി ബിജെപി നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് വിവരം. എന്നാൽ അവർ മത്സരരംഗത്തിറങ്ങുമോ എന്നതിൽ വ്യക്തതയില്ല.

മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തുനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയപ്പോൾ ശോഭന പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ശ്വേതാ മേനോന് പാർട്ടി അംഗത്വമുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.