ബാലുശ്ശേരി (കോഴിക്കോട്): നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ എസ്‌സി സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ സ്ഥാനാർഥികൾ ആരാവുമെന്നതിനെപ്പറ്റി രാഷ്ട്രീയചർച്ചകൾ മുറുകുന്നു. സിറ്റിങ് എംഎൽഎ കെ.എം. സച്ചിൻദേവിനെത്തന്നെ മുൻനിർത്തി ബാലുശ്ശേരി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

To advertise here,

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് കാഴ്ചവെച്ച മികച്ച പ്രകടനവും ഭരണവിരുദ്ധവികാരവും തങ്ങൾക്ക് അനുകൂലതരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു ഡിഎഫ്. മണ്ഡലം പിടിക്കാൻ കരുത്തുറ്റ സ്ഥാനാർഥികളെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. മുൻ ആലത്തൂർ എംപിയായ രമ്യാ ഹരിദാസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, എം.ടി. മധു, ഡോ. അജയ് കുമാർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ശീതൾരാജ് എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഒരുപക്ഷേ, യുഡിഎഫ് ധാരണ പ്രകാരം ബാലുശ്ശേരി സീറ്റ് മുസ്‌ലിം ലീഗ് ഏറ്റെടുക്കാനും പകരം കുന്ദമംഗലമോ, പേരാമ്പ്രയോ കോൺഗ്രസിന് വിട്ടുനൽകാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജിയുടെ പേരും ഉയരുന്നുണ്ട്.

കെ.എം. സച്ചിൻദേവ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും യുവജനതയ്ക്കിടയിലുള്ള സ്വീകാര്യതയും എൽഡി എഫിന് അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എൻഡിഎ പാളയത്തിൽ ബിജെപി റൂറൽ ജില്ലാ സെക്രട്ടറി നിബിൻ ബാലുശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് സി.പി. സതീശൻ എന്നിവരുടെ പേരുകളാണ് സജീവമായി കേൾക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം നടത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എട്ട് ഗ്രാമപ്പഞ്ചായത്തുകളിലെ ഭരണം ഇരുമുന്നണികളും തുല്യമായി പങ്കിട്ടു. ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫിന് ലഭിച്ചു. കാലാകാലങ്ങളായി എൽഡിഎഫ് ഭരിച്ച നടുവണ്ണൂർ പഞ്ചായത്ത് ഉൾപ്പെടെ യുഡിഎഫിന് ലഭിച്ചത് ഞെട്ടിക്കുന്നതരത്തിലായിരുന്നു. എന്നാൽ, രണ്ടുതവണ ഭരണത്തിലേറിയ അത്തോളി കൈവിട്ടത് യുഡിഎഫിന് ക്ഷീണമായി. അത്തോളിയെ കൂടാതെ ഉള്ളിയേരി, പനങ്ങാട്, കായണ്ണ പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണമാണ്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ തുല്യസീറ്റുകളാണ് ഇരുമുന്നണികൾക്കും ലഭിച്ചത്. നറുക്കെടുപ്പിലൂടെ ഭരണം എൽഡിഎഫിന് ലഭിക്കുകയായിരുന്നു. കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലും യുഡിഎഫിനും എൽഡിഎഫിനും തുല്യസീറ്റ് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തി.

തദ്ദേശതിരഞ്ഞെടുപ്പിൽ മേൽക്കൈ യുഡിഎഫിന്

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുനിലയിൽ ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫാണ് മുന്നിലെത്തിയത്. എൽഡിഎഫിനെക്കാൾ 1227 വോട്ടുകൾ അധികം നേടാൻ യുഡിഎഫിന് സാധിച്ചു. യുഡിഎഫ്- 69,255, എൽഡിഎഫ്- 68,028, എൻഡിഎ- 15,036 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നണി വോട്ടുനില. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.എം. സച്ചിൻ ദേവിനെ നേരിട്ടത് ചലച്ചിത്രനടൻ ധർമജൻ ബോൾഗാട്ടിയായിരുന്നു. എന്നാൽ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് സച്ചിൻദേവ് തിരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ യുഡിഎഫിനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിനും പ്രതീക്ഷിക്കാവുന്ന മണ്ഡലമാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന് 17,634 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം മണ്ഡലത്തിൽനിന്ന് ലഭിച്ചു.