
തിരുവനന്തപുരം: പ്രബലരായ മൂന്ന് മന്ത്രിമാർ മാറിനിൽക്കുകയും സിപിഎമ്മിനുള്ളിലെ പടലപ്പിണക്കങ്ങളും കണ്ട് 2021-ൽ ആലപ്പുഴയിൽ യുഡിഎഫ് വലിയ പ്രതീക്ഷയർപ്പിച്ചിരുന്നു. എന്നാൽ ഫലം യുഡിഎഫിനെ ഞെട്ടിച്ചു. ജില്ലയിലെ ഒമ്പതിൽ എട്ട് സീറ്റും എൽഡിഎഫ് സ്വന്തമാക്കി. 2016-ലെ അതേ ഫലം തന്നെയാണ് 2021 ൽ ആവർത്തിച്ചത്. ഹരിപ്പാട്ട് രമേശ് ചെന്നിത്തല അജയ്യനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. ഇത്തവണയും ആധിപത്യം നിലനിർത്താൻ എൽഡിഎഫ് തങ്ങളുടെ സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷംപേരെയും വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. തദ്ദേശ ഫലത്തിന്റെ ആത്മവിശ്വാസത്തിൽ പുതിയ തന്ത്രങ്ങളുമായിട്ടാണ് യുഡിഎഫ് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കിയ ശോഭാ സുരേന്ദ്രനെ ഇറക്കി ജില്ലയിൽ അക്കൗണ്ട് തുറക്കാൻ എൻഡിഎയും രംഗത്തുണ്ട്.
ആലപ്പുഴ മണ്ഡലത്തിൽ സിറ്റിങ് എഎൽഎ പി.പി.ചിത്തരഞ്ജനെ തന്നെയാകും ഇത്തവണയും എൽഡിഎഫ് രംഗത്തിറക്കുക. 2021-ൽ തോമസ് ഐസക്കിനെ മാറ്റിയാണ് ചിത്തരഞ്ജനെ മത്സരിപ്പിച്ചിരുന്നത്. സിപിഎം വിട്ട കെ.എസ്.മനോജിനെയാണ് കോൺഗ്രസ് അവിടെ സ്ഥാനാർഥിയാക്കിയിരുന്നത്. മനോജിനെ 11,644 വോട്ടുകൾക്കാണ് ചിത്തരഞ്ജൻ പരാജയപ്പെടുത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ തുടങ്ങിയവരെയാണ് കോൺഗ്രസ് ഇത്തവണ ആലപ്പുഴയിൽ മുഖ്യമായും പരിഗണിക്കുന്നത്. ഇവരെ കൂടാതെ ചില യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുവരുടെ പട്ടികയിലുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയായി എത്തിയേക്കും.
അതേസമയം അമ്പലപ്പുഴയിൽ സിറ്റിങ് എംഎൽഎ എച്ച്.സലാം ഇത്തവണ മത്സര രംഗത്തുണ്ടാകുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുയരുന്നുണ്ട്. സലാമിനെ മാറ്റണമെന്ന ആവശ്യവും പാർട്ടിക്കുള്ളിലുണ്ട്. സലാമിനെ മാറ്റുകയാണെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറാകും സ്ഥാനാർഥി. ഇതിനിടെ കഴിഞ്ഞ തവണ നിബന്ധന പ്രകാരം ഒഴിവാക്കിയ ജി.സുധാകരന്റെ പേരും ഉയർന്നിട്ടുണ്ട്. വീണ് പരിക്കേറ്റ ജി.സുധാകരൻ വീട്ടിൽ വിശ്രമത്തിലാണ്. യുഡിഎഫിനായി എം.ലിജു വീണ്ടും മത്സരിക്കാനാണ് സാധ്യത. 2021-ൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാനായിരുന്നു ലിജുവിന്. 11,125 വോട്ടിനാണ് ലിജുവിനെ എച്ച് സലാം പരാജയപ്പെടുത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയുടെ തട്ടകമായതിനാൽ ഈഴവ പ്രാതിനിധ്യം കൂടി കണക്കിലെടുത്ത് ജില്ലയിൽ ഏതെങ്കിലും ഒരു സീറ്റിൽ ലിജു മത്സരിക്കാനുള്ള സാധ്യത ഏറെയാണ്.
എൽഡിഎഫിൽ എൻസിപിയുടെ സിറ്റിങ് സീറ്റായ കുട്ടനാട്ടിൽ തോമസ് കെ.തോമസ് ഇതിനോടകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് ഈ സീറ്റ് നൽകിയിരിക്കുന്നത്. പ്രവാസി വ്യവസായി ആയിട്ടുള്ള റെജി ചെറിയാൻ ഇവിടെ യുഡിഎഫിനായി മത്സരിച്ചേക്കും. സ്ഥാനാർഥിയാക്കുമെന്ന് ചില ഉറപ്പുകൾ കിട്ടിയ സാഹചര്യത്തിൽ മണ്ഡലത്തിൽ അദ്ദേഹം പ്രചാരണങ്ങൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. എൻഡിഎയ്ക്കായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിൽ മത്സരിക്കാനും സാധ്യതയുണ്ട്.
കായംകുളത്ത് ഇത്തവണ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. ബിജെപിക്കായി ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ മത്സരിക്കാനാണ് എല്ലാ സാധ്യതയും. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റമാണ് ശോഭയ്ക്ക് കായംകുളത്ത് പ്രതീക്ഷ നൽകുന്നത്. എവിടെ മത്സരിച്ചാലും വോട്ട് വിഹിതം വർധിപ്പിക്കുന്ന ശോഭ സുരേന്ദ്രൻ കഴിഞ്ഞ തവണ ഇരുമുന്നണികളേയും ഞെട്ടിച്ച് വൻമുന്നേറ്റമുണ്ടാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിന്റെ ചുമതല ബിജെപി നൽകിയത് ശോഭാ സുരേന്ദ്രനായിരുന്നു. ടേം മാനദണ്ഡം കർശനമാക്കുന്നില്ലെങ്കിൽ എൽഡിഎഫ് സിറ്റിങ് എംഎൽഎ യു.പ്രതിഭയ്ക്ക് വീണ്ടും അവസരം നൽകിയേക്കും. പ്രതിഭയെ മാറ്റുകയാണെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറോ കെ.എച്ച് ബാബുജാനോ മത്സരിക്കും. കൺട്രോൾ കമ്മീഷൻ ചെയർമനാണ് ബാബുജാൻ. യുഡിഎഫ് കഴിഞ്ഞ തവണ മത്സരിച്ച അരിത ബാബുവിനെ ഒരിക്കൽകൂടി പരിഗണിച്ചേക്കും. 2021-ൽ 6298 വോട്ടുകൾക്കാണ് അരിത ബാബുവിനെ യു.പ്രതിഭ പരാജയപ്പെടുത്തിയത്.
അരൂരിൽ സിറ്റിങ് എംഎൽഎ ദലീമയ്ക്ക് തന്നെയാണ് സാധ്യത. ഇവരെ മാറ്റുകയാണെങ്കിൽ എ.എം.ആരിഫ്, സി.ബി.ചന്ദ്രബാബു ഇവരിൽ ആരെങ്കിലും സ്ഥാനാർഥിയായി വരാം. യുഡിഎഫിനായി ഷാനിമോൾ ഉസ്മാൻ ഇത്തവണയും മത്സരിച്ചേക്കും.
ചേർത്തലയിൽ സിറ്റിങ് എംഎൽഎ മന്ത്രി പി.പ്രസാദ് വീണ്ടും മത്സരിക്കും. യുഡിഎഫിനായി കെ.ആർ.രാജേന്ദ്ര പ്രസാദ്, സി.കെ.ഷാജി മോഹൻ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ പേരുകൾ സാധ്യതാ പട്ടികയിലുണ്ട്. ടി.അനിയപ്പൻ എൻഡിഎ സ്ഥാനാർഥിയായി എത്തിയേക്കും.
രമേശ് ചെന്നിത്തല ഹരിപ്പാട് തന്നെ ഇത്തവണയും മത്സരിക്കും. ജില്ലയിൽ 2021-ൽ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ജയിക്കാനായിരുന്നത്. എന്നാൽ 2016-നെ അപേക്ഷിച്ച് 2021-ൽ ഹരിപ്പാട്ട് ചെന്നിത്തലയ്ക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു.
18,621 വോട്ടിനാണ് 2016-ൽ രമേശ് ചെന്നിത്തല വിജയിച്ചത്. 2021-ൽ ഭൂരിപക്ഷം 13,666 വോട്ടാണ്. സിപിഐയുടെ യുവജന നേതാവ് ടി.ടി.ജിസ്‌മോനെ ചെന്നിത്തലയ്‌ക്കെതിരെ മത്സരിപ്പിക്കാനാണ് എൽഡിഎഫിൽ ധാരണയെന്നാണ് വിവരം. ബിജെപി സന്ദീപ് വാചസ്പതിയെ രംഗത്തിറക്കിയേക്കും.
മാവേലിക്കരയിൽ എൽഡിഎഫിനായി എം.എസ്.അരുൺകുമാർ തുടർന്നേക്കും. യുഡിഎഫിനായി എസ്.സി നാഷണൽ കോർഡിനേറ്റർ മുതാര രാജ് മത്സരിച്ചേക്കും. എൻഡിഎയ്ക്കായി പന്തളം പ്രതാപനെയാണ് പരിഗണിക്കുന്നത്.
ചെങ്ങന്നൂരിൽ മന്ത്രി സജി സജി ചെറിയാൻ വീണ്ടും മത്സരിക്കും. ഇവിടെ യുഡിഎഫിനായി നിരവധി നേതാക്കൾ രംഗത്തുണ്ട്. കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായി ബിനു ചുള്ളിയിൽ, അബിൻ വർക്കി തുടങ്ങിയ നേതാക്കളടക്കം സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ആറന്മുളയിലാണ് അബിന്റെ പേര് പ്രധാനമായും പരിഗണിക്കുന്നത്. അവിടെ മത്സരിക്കാത്ത പക്ഷം ചെങ്ങന്നൂർ സീറ്റിൽ ജനവിധി തേടിയേക്കും
Content Highlights: Alappuzha election preview: LDF, UDF, NDA battle heating up! Key constituencies, candidate predictions, and what to expect. Don`t miss the electoral landscape of Kerala!
Published: 16 Jan 2026, 11:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented