ണംകൊടുത്ത് സീറ്റുവാങ്ങുന്ന കാലത്ത് ഒരു കവിയെ നിർത്താൻ ഇടതുപക്ഷം തയ്യാറായെന്നത് ചെറിയ കാര്യമല്ല. നിർധനരായ കവികളുടെ ആകെ സമ്പാദ്യം സ്വപ്നം മാത്രമാണ്. എല്ലാവരും പാടത്ത് സ്വർണം വിതയ്ക്കുമ്പോൾ എന്റെ പാടത്ത് സ്വപ്നം വിതയ്ക്കാനൊരു അവസരം തരികയില്ലേ...

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സി.പി.ഐ.യുടെ സ്ഥാനാർഥിയായി പ്രചാരണമാരംഭിച്ച എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, 'മാതൃഭൂമി'യോട് സംസാരിക്കുന്നു

അപ്രതീക്ഷിതം ഈ വേഷം

അഞ്ചാറുദിവസംമുൻപ് തികച്ചും അപ്രതീക്ഷിതമായി പാർട്ടിയുടെ (സി.പി.ഐ.) സംസ്ഥാന എക്സിക്യുട്ടീവ് കഴിഞ്ഞ് ബിനോയ് വിശ്വം വിളിച്ചപ്പോഴാണ് സ്ഥാനാർഥിയാക്കിയ കാര്യം അറിയുന്നത്. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന് സാംസ്‌കാരികമുഖമുള്ള ഒരാൾതന്നെ സ്ഥാനാർഥിയായി വേണം. അതിനായി ഒരൊറ്റപ്പേരേ ഞങ്ങൾ ആലോചിച്ചുള്ളൂ. നോ പറയരുത്- ബിനോയ് സഖാവ് ഇങ്ങനെ നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. ആദ്യം അമ്പരപ്പുണ്ടായെങ്കിലും പിന്നെ അതെന്റെ ഉത്തരവാദിത്വമാണെന്നുതോന്നി. പിറ്റേന്നുതന്നെ തൃശ്ശൂരിലെത്തി പ്രചാരണവും തുടങ്ങി.

വളരെ പോസിറ്റീവാണ് ഇക്കഴിഞ്ഞ മൂന്നുദിവസത്തെയും അനുഭവങ്ങൾ. വലിയ ഉണർവും ആവേശവും. മൂന്നുദിവസം കൊണ്ടുതന്നെ മണ്ഡലത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തി. മേഖലാ ഓഫീസുകൾ കേന്ദ്രീകരിച്ച് ചെറുസദസ്സുകൾ. കവിതകളും പാട്ടുമൊക്കെയായി ഹൃദയങ്ങൾതൊട്ട് യാത്ര...വെള്ളിയാഴ്ച ബൂത്തുതലങ്ങളിലായിരുന്നു. സച്ചിദാനന്ദൻ, എം.പി. പരമേശ്വരൻ, സി.ആർ. പരമേശ്വരൻ, സാറാ ജോസഫ് തുടങ്ങിയവരെ കണ്ടു. സച്ചിദാനന്ദൻമാഷ് ഏറ്റവും പുതിയ പുസ്തകം സമ്മാനമായിത്തന്നാണ് പിന്തുണയറിയിച്ചത്.

കൂടെയുണ്ടാകും കവിത

ജനപ്രതിനിധിയായാലും വായനയ്ക്കും എഴുത്തിനുമൊക്കെ സമയമുണ്ടാകും. വിരമിക്കുംമുൻപ് ബാങ്ക് ജോലിയുടെ തിരക്കുകൾക്കിടയിലും ഇതിനൊക്കെ സമയം കണ്ടെത്തിയിട്ടുണ്ട്. പ്രഭാഷണങ്ങൾക്കു പോകുന്നതിൽ അല്പം നിയന്ത്രണം വേണ്ടിവരും. ജനപ്രതിനിധിയായുള്ള പ്രവർത്തനപരിചയമില്ലെങ്കിലും ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു. സാംസ്‌കാരികപ്രവർത്തനം എന്റെ പ്രാണവായുവാണ്. അടിത്തട്ടിലെ മനുഷ്യരെ അഭിസംബോധനചെയ്തുകൊണ്ടാണ് എന്നും എന്റെ പ്രസംഗങ്ങളും എഴുത്തും ഉണ്ടായിട്ടുള്ളത്. കഥാപ്രസംഗകനായി തുടങ്ങിയയാളാണ് ഞാൻ. ജനമധ്യത്തിൽ, അവരുടെ സുരക്ഷയിലും സ്‌നേഹത്തിലും പുലർന്ന കലാകാരനാണ്.

വിജയസാധ്യത?

ഇടതുപക്ഷത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇപ്പോഴും ഇളകിയിട്ടില്ല. അതു തകരാതെ നോക്കൽ എന്നെപ്പോലുള്ളവരുടെ ചുമതലയാണ്. മാനവികതയുടെ രാഷ്ട്രീയം മാത്രമേ എനിക്കുള്ളൂ. തിരഞ്ഞെടുപ്പിലും മാനവികവിരുദ്ധമായ രാഷ്ട്രീയമുണ്ടാകില്ല. ആരെയും അന്ധമായി എതിർക്കില്ല, പ്രതിയോഗികളെക്കുറിച്ച് മോശമായി ഒരുവാക്കുപോലും പറയില്ല.

ഭരണനേട്ടം ഗുണംചെയ്യും

10 വർഷത്തെ ഭരണംകൊണ്ട് സാധാരണക്കാരായ മനുഷ്യർക്ക് ഒരുപാടു ഗുണങ്ങളുണ്ടായി. അതിനു തുടർച്ചയുണ്ടാകും. ഈയൊരു സാംസ്‌കാരിക, രാഷ്ട്രീയ തുടർച്ചയില്ലെങ്കിൽ ഒരുപാട് അട്ടിമറികൾവരും. യു.ഡി.എഫ്. മോശമായ രാഷ്ട്രീയപ്രസ്ഥാനമാണെന്നല്ല, അവരുടെ മുൻഗണനകൾ വേറെയാണ്. അത് പാവപ്പെട്ടവരുടെ പക്ഷത്തല്ല.

ജാതിയും മതവുമില്ലാത്ത വടക്കുന്നാഥൻ

വടക്കുംനാഥന്റെ രാഷ്ട്രീയം മനുഷ്യന്റെ രാഷ്ട്രീയമാണ്. എല്ലാ വിശ്വാസവും പുലരുന്ന ഇടമാണത്. ദൈവത്തിൽ വിശ്വസിക്കാത്തവരും അവിടെയുണ്ട്. ഞാൻ കാണുന്ന തൃശ്ശൂർ കലുഷതയുടെ തൃശ്ശൂരല്ല. മനുഷ്യനുവേണ്ടി ഉണർന്നിരുന്നു പാടുകയും എഴുതുകയുമൊക്കെചെയ്ത അനേകം മനുഷ്യരുടെ നടക്കാവാണത്.