പട്ന: ബിഹാറിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ സംസ്ഥാനത്തെങ്ങും എൻഡിഎ തേരോട്ടത്തിന്റെ ചിത്രം തെളിയുമ്പോൾ മഹാസഖ്യം ദയനീയ പരാജയത്തിനാണ് സാക്ഷിയാകുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് പരാജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ആദ്യഘട്ടത്തിലുടലെടുത്തെങ്കിലും അവസാനഘട്ടത്തിലേക്കെത്തിയപ്പോൾ 14,000ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മൂന്നാം തവണയും തേജസ്വി വിജയമുറപ്പിച്ചു. പ്രതിപക്ഷ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിച്ച യുവ നേതാവിന് തൻ്റെ കുടുംബത്തിൻ്റെ ശക്തികേന്ദ്രമായ രഘോപുരിൽ പോലും നിലയുറപ്പിക്കാൻ കഴിയാതെ വന്ന ചിത്രമായിരുന്നു തുടക്കത്തിലുണ്ടായിരുന്നെങ്കിലും മഹാസഖ്യത്തിന് തെല്ലാശ്വാസം പകരുന്നതാണ് തേജസ്വിയുടെ വിജയം.
രഘോപുർ ആർജെഡിയുടെ ശക്തികേന്ദ്രമാണ്. മുൻപ്, തേജസ്വി യാദവിൻ്റെ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അദ്ദേഹത്തിൻ്റെ അമ്മ റാബ്രി ദേവിയും ഈ സീറ്റിൽ വിജയിച്ചിട്ടുണ്ട്. 2015 മുതൽ തേജസ്വിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പിൽ 38,000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ സീറ്റിൽ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവാണ് മണ്ഡലത്തിൽ തേജസ്വിക്കെതിരെ ആദ്യഘട്ടത്തിൽ ലീഡ് നേടിയിരുന്നത്. 15 വർഷം മുൻപ് രാഘോപുരിൽ ലാലു യാദവിൻ്റെ ഭാര്യ റാബ്രി ദേവിയെ പരാജയപ്പെടുത്തി സതീഷ് കുമാർ രാഷ്ട്രീയ ജനതാദളിന് ഏൽപ്പിച്ച ശക്തമായ ആഘാതത്തിന്റെ ആവർത്തനം വീണ്ടും സംഭവിക്കുമോയെന്നായിരുന്നു രാജ്യം ഉറ്റുനോക്കിയത്.
ആർജെഡിയിൽ നിന്നാണ് സതീഷ് കുമാർ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ബിഹാറിലെ ജനസംഖ്യയുടെ ഏകദേശം 15 ശതമാനം വരുന്ന യാദവ സമുദായത്തിലെ ഒരു പ്രമുഖ നേതാവായ അദ്ദേഹം 2005-ൽ നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡിലേക്ക് മാറുകയും രാഘോപുരിൽ നിന്ന് മത്സരിക്കുകയും ചെയ്തു. എന്നാൽ എതിർ സ്ഥാനാർത്ഥിയായിരുന്ന റാബ്രി ദേവി നിർണായക വിജയം നേടി. 25,000-ത്തിലധികം വോട്ടുകൾക്കായിരുന്നു വിജയം. 2010ൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സതീഷ് കുമാർ 13,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ച് മണ്ഡലത്തിൽ ആർജെഡിയെ പരുങ്ങലിലാക്കി. 2015ൽ തേജസ്വി യാദവിനെ കളത്തിലിറക്കി ആർജെഡി മണ്ഡലം തിരിച്ചുപിടിച്ചു. 2020ലും വിജയം ആവർത്തിച്ചു. രണ്ടു തവണയും 40 ശതമാനത്തിൽ താഴേ വോട്ടുമാത്രമാണ് സതീഷ് കുമാറിന് നേടാനായത്. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ മാറിമറിഞ്ഞു. കടുത്ത പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയായത്. സഹോദരൻ തേജ് പ്രതാപ് യാദവ് സ്ഥാപിച്ച പാർട്ടിയായ ജൻശക്തി ജനതാദളിലെ പ്രേം കുമാർ ആണ് മണ്ഡലത്തിൽ തേജസ്വി യാദവിന് കടുത്ത പ്രതിസന്ധിക്ക് വഴി തുറന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
2020 ൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷകളെ തൂത്തെറിയുന്ന കാഴ്ചയ്ക്കാണ് ബിഹാർ സാക്ഷിയായത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന മഹാസഖ്യത്തിന്റെ പദ്ധതികൾക്ക് കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി എൻഡിഎ സഖ്യം പ്രതിരോധം തീർത്തു.
Content Highlights: Tejashwi Yadav facing a nail-biter in his family stronghold, Raghopur.
Published: 14 Nov 2025, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented