
തേജസ്വി യാദവ്, രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തില്‍ തുടരുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി ചര്‍ച്ച നടത്താന്‍ രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിനെ പട്നയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. തേജസ്വി യാദവുമായി ഇന്ന് ഗെഹ്ലോട്ട് ഇന്ന് കൂടി കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തേജസ്വി യാദവുമായി അശോക് ഗെഹ്ലോട്ട് നടത്തുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലാവരുവും പങ്കെടുക്കും. ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ നേതാവാണ് കൃഷ്ണ അല്ലാവരു. തേജസ്വി യാദവുമായി എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അശോക് ഗെഹ്ലോട്ടിനെ പട്നയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രൂപരേഖ, പ്രകടന പത്രിക പുറത്തിറക്കല്‍ എന്നിവ സംബന്ധിച്ച് ഗെഹ്ലോട്ട് തേജസ്വി യാദവ് ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
സംയുക്ത വാര്‍ത്താ സമ്മേളനം വ്യാഴാഴ്ച;മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി
മഹാസഖ്യത്തിലെ തര്‍ക്കങ്ങള്‍ വൈകിട്ടോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാതൃഭുമി ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച പട്നയില്‍ മഹാസഖ്യത്തിലെ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും. സംസ്ഥാന നേതാക്കള്‍ ആയിരിക്കും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുക. ഈ വാര്‍ത്ത സമ്മേളനത്തോടെ മഹാസഖ്യത്തിന്റെ ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ അംഗീകരിക്കണമെന്ന ആര്‍ജെഡിയുടെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയേക്കും. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സഖ്യത്തിലെ ചെറിയ കക്ഷികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനവും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായേക്കും.
പത്ത് മണ്ഡലങ്ങളില്‍ ഇപ്പോഴും മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള 'സൗഹൃദമത്സരം' എന്ന പ്രതീതിയാണ്. ഇതില്‍ നാല് മണ്ഡലങ്ങളില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് സൗഹൃദ മത്സരം. ഇന്നത്തെ പട്ന ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. മഹാസഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ക്കായി അടുത്ത ആഴ്ച രാഹുല്‍ ഗാന്ധി ബിഹാറില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന.
Content Highlights: bihar assembly election 2025 congress bjp clash
Published: 22 Oct 2025, 06:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented