കോഴിക്കോട്: 1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത്. എന്നാൽ, ഇത്തവണ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കുമ്പോൾ തന്റെ ഭാഗ്യം തിരുത്തിക്കുറിച്ച എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കാൻ മനസ്സുകൊണ്ടുറപ്പിച്ച് നിൽക്കുകയാണ് എ.കെ. ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്. എന്നാൽ, ഇതിൽ പ്രാദേശിക നേതൃത്വത്തിന് വലിയ എതിർപ്പുണ്ട്. ഇതോടെ എലത്തൂരിലെ സ്ഥിതി സങ്കീർണമായി.
ശശീന്ദ്രൻ ഇത്തവണ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കൾ താത്പര്യപ്പെടുന്നതെങ്കിലും ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കൾ തന്നെ പറയുന്നത്. അദ്ദേഹത്തിന് പിടിവാശിയാണെന്നും ആരോപിക്കുന്നുണ്ട്. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയമടക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൽഡിഎഫ് വീണ്ടും ചർച്ചയാക്കുമെന്നും അങ്ങനെ വന്നാൽ ശശീന്ദ്രനെതിരെയുണ്ടായിരുന്ന ആരോപണങ്ങളെല്ലാം ഇവിടെയും ചർച്ചയാകുമെന്നും എൻസിപി നേതാക്കൾ ഭയക്കുന്നു. മാത്രമല്ല മൂന്ന് പതിറ്റാണ്ടോളം അധികാരത്തിലിരുന്നിട്ടും മാറിത്താരാൻ തയ്യാറാവാതെ നിൽക്കുന്നതിലുള്ള വലിയ എതിർപ്പും മണ്ഡലത്തിലുണ്ട്. ഇത് ഇത്തവണ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിനെതിരേ പല ആരോപണങ്ങൾ ഉണ്ടായപ്പോഴും പാർട്ടിയിൽ നിന്ന് പ്രശ്‌നങ്ങൾ വന്നപ്പോഴും അദ്ദേഹത്തിന് പിറകിൽ ഉറച്ചുനിന്നവരാണ് ഞങ്ങൾ. പക്ഷേ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അദ്ദേഹം ഇതൊന്നും കണക്കിലെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഇനിയെങ്കിലും അദ്ദേഹം മാറാനുള്ള മനസ്സുകാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കളിലൊരാൾ പ്രതികരിച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം കൊയ്ത മണ്ഡലത്തിൽ ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള തന്ത്രം അണിയറിയിൽ ഒരുങ്ങുമ്പോൾ ശശീന്ദ്രനെതിരെയുള്ള പ്രാദേശിക വികാരം പരമാവധി മുതലാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
എലത്തൂരിനെ സംബന്ധിച്ച് കഴിഞ്ഞ തവണ ജില്ലയിൽ തന്നെ എൽഡിഎഫിന് ഏറ്റവയും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ്. 38502 എന്ന ചരിത്ര ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എൽഎഫിന് ലഭിച്ചത്. അതുകൊണ്ടു തന്നെ ഏറെ ഉറപ്പുളള ഒരു മണ്ഡലത്തിൽ തർക്കങ്ങൾ വന്നാൽ മണ്ഡലം സിപിഎം ഏറ്റെടുക്കുന്ന നിലപാടിലേക്കും പോകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഇത്രയും ലഭിച്ച ഒരു ഉറച്ച മണ്ഡലമാവും നഷ്ടപ്പെടുകയെന്നും ശശീന്ദ്രനെ എതിർക്കുന്ന എൻസിപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോവുന്നതിന് മുമ്പെ തന്നെ എലത്തൂർ വാർത്തകളിൽ നിറഞ്ഞത് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എകെ ശശീന്ദ്രൻ പറഞ്ഞതുകൊണ്ടാണ്. എൻസിപി ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് അടക്കമുള്ളവർ എലത്തൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, മണ്ഡലം വിട്ടുകൊടുക്കാൻ ശശീന്ദ്രൻ താത്പര്യപ്പെടാത്തതാണ് പാർട്ടിയെ കുഴക്കുന്നത്. കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുൽ വോട്ട് നേടിയ മണ്ഡലങ്ങളിലൊന്നും എലത്തൂരായിരുന്നു. 2021-ൽ ടി.പി ജയചന്ദ്രൻ മാസ്റ്റർ 32010 വോട്ട് നേടി കരുത്ത് തെളിയിച്ചിരുന്നു. ഇവിടെ ശക്തമായ പോരാട്ടം നടത്താൻ ബിജെപിയും രംഗത്തെത്തുമെന്ന് തീർച്ച.
1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് എകെ ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982ൽ എടക്കാട്ടേയ്ക്ക് മാറി ജയം തുടർന്നു. എന്നാൽ, അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് മാറിയപ്പോൾ രണ്ട് തവണയും അടിതെറ്റി. 1987ൽ പി.ഭാസ്കരനോടും 1991ൽ എൻ.രാമകൃഷ്ണനോടുമായിരുന്നു തോൽവി. അങ്ങനെയാണ് തട്ടകം കോഴിക്കോട്ടേയ്ക്ക് മാറ്റുന്നത്. 2006ൽ ബാലുശ്ശേരിയിൽ നിന്ന് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് മണ്ഡലം പുനഃസംഘടനയിൽ ബാലുശ്ശേരി സംവരണ മണ്ഡലമായപ്പോൾ പുതിയ മണ്ഡലമായ എലത്തൂരിലേയ്ക്ക് മാറി. ഇടയ്ക്ക് വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തെങ്കിലും അവിടെ ഹാട്രിക് തികച്ച് നിൽക്കുകയാണ് ഇപ്പോൾ.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. ആകെയുള്ള ആറ് പഞ്ചായത്തുകൾ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എൽഡിഎഫിന്റെ കയ്യിലുള്ളത്. എന്നാൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോർപ്പറേഷൻ വാർഡുകളിൽ ആധിപത്യം നിലിനിർത്താനായത് എൽഡിഎഫിനെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. ആകെയുള്ള ആറ് കോർപ്പറേഷൻ വാർഡുകളിൽ നാലിടത്ത് എൽഡിഎഫും ഓരോ വാർഡുകളിൽ യുഡിഎഫും ബിജെപിയുമാണ് ജയിച്ചത്.
Content Highlights: AK Saseendran, Elathur constituency, NCP, Kerala politics, election 2024, political debate, candidate selection
Published: 04 Jan 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented