''സ്യൂണ്‍ ഹോ,സ്യൂണ്‍ ഹോ..പി.ഡി.പി.സ്യൂണ്‍ ഹോ.....'' മൈക്ക് കെട്ടിയ വാഹനങ്ങളില്‍ നിന്ന് ഈണത്തിലും താളത്തിലും കാശ്മീരി മുദ്രാവാക്യമുയരുന്നു. 'ജയിക്കും,ജയിക്കും പി.ഡി.പി ജയിക്കും' എന്നാണ് മുദ്രാവാക്യത്തിന്റെ അര്‍ഥം. കൊടികെട്ടിയ ബൈക്കുകളില്‍ പലയിടങ്ങളില്‍ നിന്ന് പാഞ്ഞെത്തിയ യുവാക്കള്‍ അതേറ്റു വിളിക്കുന്നു.ശ്രീനഗറില്‍ നിന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലേക്കുള്ള ദേശീയ പാതയില്‍ കംഗന്‍ നഗരത്തിനടുത്ത് ചട്ടര്‍ഗുല്‍ പ്രദേശം.ചുട്ടുപൊള്ളുന്ന വെയില്‍ മറന്ന്  കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് വലിയ വാഹനമെത്തിയതോടെ ആവേശം ഇരട്ടിച്ചു.വാഹനത്തിന്റെ തുറന്ന മേല്‍ക്കൂരയ്ക്ക് മുകളിലൂടെ കൈവീശി ഇല്‍തിജ മുഫ്തി അഭിവാദ്യം ചെയ്തു. റോഡ് ഷോ മുന്നോട്ട് നീങ്ങി. അകമ്പടിയായി യുവാക്കളുടെ ബൈക്ക് റാലി. പ്രകടനം നാല്‍ക്കവലയിലെത്തിയപ്പോള്‍, ഇല്‍തിജ മൈക്ക് കയ്യിലെടുത്തു.

To advertise here,

''അറുപത് വര്‍ഷത്തോളം നാഷണല്‍ കോണ്‍ഫ്രന്‍സ് ഈ സംസ്ഥാനം ഭരിച്ചു. നിങ്ങള്‍ക്കെന്തെങ്കിലും കിട്ടിയോ? നിങ്ങള്‍ നെഞ്ചില്‍ കൈവച്ച് പറയൂ. നിങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയോ.....?''. ഇല്‍തിജയുടെ ചോദ്യത്തിന് , ഒന്നും കിട്ടിയില്ലെന്ന് അണികളുടെ മറുപടി. പി.ഡി.പിക്ക് കേവലം നാല് വര്‍ഷത്തെ ഭരണകാലമാണ് കിട്ടിയത്. ഈ നാല് വര്‍ഷം കൊണ്ട് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് നോക്കൂ -ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയുമ്പോള്‍ നിലയ്ക്കാത്ത കയ്യടി. പ്രസംഗത്തിന് ശേഷം അടുത്ത ജംഗ്ഷനിലേക്ക് റാലി യാത്ര തുടരുന്നു.

മുഫ്തി കുടുംബത്തിന്റെ ഇളമുറ പെണ്‍നാളമായ ഇല്‍തിജ മുഫ്തിയാണ് കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഇക്കുറി താരം. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും മുന്‍ മുഖ്യമന്ത്രിയും പി.ഡി.പിയുടെ സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ ചെറുമകളുമായ ഇല്‍തിജ മുഫ്തി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ ബിജ്ബെഹരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമാണ്. 1967 മുതല്‍ മുത്തച്ഛനും 1996 മുതല്‍  മകള്‍ മെഹബൂബയും പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ബിജ്ബെഹര. ഇത്തവണ മെഹബൂബ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. പകരം മകള്‍  കളത്തിലിറങ്ങിയിരിക്കുന്നു.

placeholder
ചിത്രം: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ബിജ്ബെഹരയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം മറ്റ് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണവുമായി രംഗത്തിറങ്ങിയതാണ് മുപ്പത്തിയേഴുകാരിയായ ഇല്‍തിജ. 2019 ല്‍ 370-ാം അനുച്ഛേദം കേന്ദ്രം റദ്ദാക്കിയ കാലത്ത് മെഹബൂബ വീട്ടു തടങ്കലിലായപ്പോഴാണ് ഇല്‍തിജ പാര്‍ട്ടിയുടെ മുഖമായത്. അമ്മയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രചരണം ആരംഭിച്ചു. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. അമ്മയെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി നേടി. പിന്നീട് അമ്മ പുറത്തു വന്നപ്പോള്‍ നടത്തിയ പത്രസമ്മേളനങ്ങളിലും പരിപാടികളിലും ഇല്‍തിജയും പങ്കെടുത്തു.

ഇതോടെ 2022-ല്‍  തന്റെ മാധ്യമ ഉപദേഷ്ടാവായി ഇല്‍തിജയെ മെഹബൂബ നിയമിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഇല്‍തിജ ആരംഭിച്ച വീഡിയോ പരമ്പരയായ ആപ്കി ബാത്, ഇല്‍തിജാ കെ സാത് (നിങ്ങളുടെ സംവാദം ഇല്‍തിജയുമായി) ഹിറ്റായി മാറി. അതും രാഷ്ട്രീയ പ്രവേശനത്തിന് വഴി തുറന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയ ഇല്‍തിജ, യു.കെ.യിലെ വാര്‍വിക് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

റോഡ് ഷോയ്ക്കിടയില്‍  മാതൃഭൂമിയുമായി സംസാരിക്കാനും ഇല്‍തിജ സമയം കണ്ടെത്തി:

  • ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് പി.ഡി.പി.എന്നാല്‍, ജമ്മുകാശ്മീരില്‍ നിങ്ങള്‍ സഖ്യത്തിന് പുറത്താണ്.എന്താണ് കാരണം?

അവരുടെ സഖ്യം വെറും കടലാസില്‍ മാത്രമാണുള്ളത്. അവര്‍ പരസ്പരം വിമര്‍ശിച്ച് പ്രസ്താവനകളിറക്കുന്നു. പരസ്പരം തോല്‍പിക്കാനായി പ്രോക്സി സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നു. അതിനാല്‍ ഇന്ത്യാ സഖ്യമെന്ന് പേര് മാത്രമേയുള്ളു.തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ സഖ്യം പൊളിയും.

  • അനുച്ഛേദം 370 പിന്‍വലിച്ചത് പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാണല്ലോ.എന്താണ് പി.ഡി.പിയുടെ നിലപാട്?

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അനുച്ഛേദം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ഒരു സമരമാണ് ഞങ്ങള്‍ നടത്തുന്നത്. അതുപോലെ ജമ്മുകാശ്മീരിന്റെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ മുന്‍പന്തിയിലുണ്ട്.അനുച്ഛേദം പിന്‍വലിച്ചപ്പോള്‍ അതിനെതിരെ ആദ്യം പ്രതിഷേധമുയര്‍ത്തിയത് ഞാനാണ്.

  • അനുച്ഛേദം പിന്‍വലിച്ചതിന് ശേഷം ജമ്മുകാശ്മീരില്‍ വികസനമേറെയെത്തിയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. എന്താണ് അഭിപ്രായം?

എന്ത് വികസനമാണ് ബി.ജെ.പി കൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചു. അടിസ്ഥാന സൗകര്യം പോലും എവിടെയുമില്ല. ഇതാണോ വികസനം. യുവാക്കള്‍ക്ക് തൊഴിലില്ല. തൊഴിലില്ലായ്മയുടെ നിരക്ക് നോക്കു.39 ശതമാനമാണ്. രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണ് ജമ്മുകാശ്മീരിലുള്ളത്. ഇത് വികസനമല്ല.മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തെ തിരഞ്ഞ് പിടിച്ച് വിവേചനം കാട്ടുകയാണ്.

  • പി.ഡി.പി.യുടെ വിജയസാധ്യത എത്രത്തോളമുണ്ട്?

എന്തെല്ലാം പ്രചരണങ്ങള്‍ ഞങ്ങളെക്കുറിച്ച് നടത്തിയിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. നിങ്ങള്‍ക്കത് ഇവിടെ കാണാം. പ്രതീക്ഷകള്‍ക്കപ്പുറം വോട്ടുകള്‍ നേടി ഞങ്ങള്‍ ജയിക്കും.