ന്ത്യ കൃഷ്ണഗംഗയെന്നും പാകിസ്താന്‍ നീലമെന്നും വിളിക്കുന്ന നദി. ഇരുവശത്തും ജനനിരയെ രണ്ടായി മുറിച്ച് രണ്ട് മലനിരകള്‍. ഇടത്ത് പാക് അധീന കാശ്മീര്‍, വലത്ത് വടക്കന്‍ കാശ്മീരിലെ അവസാന ഗ്രാമമായ സീമാരി. നടുവില്‍ നിയന്ത്രണ രേഖ. ജീവിതവും വികാരങ്ങളും വിഭജിക്കപ്പെട്ട പ്രദേശങ്ങള്‍.

To advertise here,

യുദ്ധങ്ങളും ചോരചൊരിച്ചിലുകളും വെടിയൊച്ചകളും ഷെല്ലാക്രമണങ്ങളും പതിവായിരുന്ന കാലം പശ്ചാത്തലമായി നില്‍ക്കെ, ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ആരവമാണ്. കനത്ത സുരക്ഷയുടെയും നിത്യനിരീക്ഷണങ്ങളുടെയും കുടക്കീഴിലായ ഗ്രാമങ്ങളില്‍ പ്രചാരണവാഹനങ്ങളുടെ പര്യടനങ്ങള്‍. ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ടം തിരഞ്ഞെടുപ്പിലാണ് ഈ പ്രദേശങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നത്.

ശ്രീനഗറില്‍ നിന്ന് 168 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂര്‍ കൊണ്ട് പിന്നിട്ടാണ് പ്രകൃതിയുടെ കൈത്തൊട്ടില്‍ പോലെയുള്ള കര്‍ന്‍ഹ, തിത്തോളി തുടങ്ങിയ മേഖലകളിലെത്തുക. സുരക്ഷാസേനയുടെ രേഖാമൂലമുള്ള അനുമതി വാങ്ങി വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ കേന്ദ്രങ്ങളില്‍ പലവട്ടം പരിശോധനകള്‍ കടന്ന്, വമ്പന്‍ മലകളെച്ചുറ്റി താഴേക്കിറങ്ങുന്ന പാതകളിലൂടെ സഞ്ചാരം. ഒരു ഭാഗത്ത് അത്യഗാധമായ കൊക്ക, മറുഭാഗത്ത് പാറകള്‍ പൊട്ടിവീണേക്കാവുന്ന പടുകൂറ്റന്‍ മലകള്‍.ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാശ്മീര്‍ വില്ലോ മരങ്ങളും ദേവദാരു മരങ്ങളും ആകാശം തൊട്ടു നില്‍ക്കുന്നു. അതിനിടയിലൂടെ വളഞ്ഞുപുളയുന്ന റോഡുകള്‍.

placeholder
കുപ്‍വാര ജില്ലയിലെ തീത്വാളില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് അവസാനഗ്രാമമായ സീമാരിയില്‍ നിന്നുള്ള ദൃശ്യം. ഇടതുഭാഗത്ത് പാക് അധീന കാശ്മീര്‍. നടുക്ക് കൃഷ്ണഗംഗ-നീലം നദി. വലതുഭാഗത്ത് കാശ്മീരില്‍ കുപ്‍വാര മേഖലയിലെ അവസാന ഗ്രാമമായ സീമാരി | ചിത്രം: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

കുപ്‍വാര ജില്ലാ ആസ്ഥാനത്ത് നിന്ന് 82 കിലോമീറ്റര്‍ ചുരമിറങ്ങി താഴെത്തട്ടിലെത്തുമ്പോഴാണ് തീത്വാള്‍ പ്രദേശം. വിഭജനത്തിന് മുമ്പ് ഒരു വാണിജ്യ-വ്യാപാര കേന്ദ്രമായിരുന്നു. ഇരു രാജ്യങ്ങളുടെയും സംരക്ഷണത്തിലാണ് അപ്പുറവും ഇപ്പുറവും ഈ മേഖലകള്‍. അതാത് രാജ്യങ്ങള്‍ അവരുടെ കീഴിലുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നു. മൂന്ന് വലയങ്ങളുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീത്വാളില്‍ കഴിഞ്ഞ വര്‍ഷം തുറന്ന ശാരദാ ക്ഷേത്രം. ക്ഷേത്രവളപ്പിനുള്ളില്‍ സിഖ് ഗുരുദ്വാരയും ആദി ശങ്കരാചാര്യരുടെ ഛായാചിത്രം സ്ഥാപിച്ച പ്രാര്‍ഥനാ മുറിയും. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് ചെറു ക്ഷേത്ര സമുച്ചയം.

കാശ്മീരിനെയും പാക് അധീന കാശ്മീരിനെയും ബന്ധിപ്പിക്കുന്ന പാലം കൃഷണഗംഗ-നീലം നദിക്ക് മുകളില്‍. ഇരുഭാഗത്തെയും ബന്ധുക്കള്‍ക്ക് നേരില്‍ കാണാന്‍ നിയന്ത്രണങ്ങളോടെ പാലത്തിന് ഇരുഭാഗത്തും സൗകര്യമുണ്ടായിരുന്നു 2018 വരെ. ഇരുരാജ്യങ്ങളുടെയും കവാടങ്ങള്‍ക്കപ്പുറവും ഇപ്പുറവും നിന്ന് ജനങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ പാലം അടച്ചു.ഇപ്പോഴും മുള്‍ക്കമ്പികള്‍ ചുറ്റി പാലം അടഞ്ഞു കിടക്കുന്നു.

തീത്വാളിന് തൊട്ടാണ് കുപ്‍വാര മേഖലയിലെ അവസാന ഗ്രാമമായ സീമാരി പഞ്ചായത്ത്. 1175 പേര്‍ താമസിക്കുന്ന സീമാരി പാക് അധീന കാശ്മീരിന് മുഖാമുഖമാണ്. സുരക്ഷാ സേനയുടെ നിരന്തരസാന്നിധ്യം. നദിക്കപ്പുറം പാക് അധീന കാശ്മീരില്‍ ഗ്രാമങ്ങള്‍ക്ക് മുകളില്‍ പാകിസ്താന്റെ പ്രചാരണ ബോര്‍ഡുകള്‍. വിഭജനകാലത്ത് മുറിഞ്ഞു പോയ കുടുംബങ്ങള്‍ അക്കരയും ഇക്കരെയും.

placeholder
കാശ്മീരില്‍ കുപ്വാര മേഖലയില്‍ അവസാന ഗ്രാമമായ സീമാരി ഗ്രാമം | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

രാവിലെ 11 മണിയോടെ തീത്വാളിനടുത്തെത്തുമ്പോള്‍ എഞ്ചിനീയര്‍ റാഷിദിന്റെ അവാമി ഇത്തെഹാദ് പാര്‍ട്ടി സ്ഥാനാര്‍ഥി രാജാ മന്‍സൂര്‍ അഹമ്മദ് ഖാന്റെ  തിരഞ്ഞെടുപ്പ് വാഹന റാലി മുദ്രാവാക്യം മുഴക്കി കടന്നു പോകുന്നു. യാത്ര തുടര്‍ന്ന് സീമാരിയിലെത്തുമ്പോള്‍, സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറൻസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നസീര്‍ അഹമ്മദ് മിറിന്റെ പ്രചാരണ വാഹനം തയ്യാറായി നില്‍ക്കുന്നു.

സുരക്ഷാ കാരണങ്ങളാല്‍  വര്‍ഷങ്ങളായി രാത്രി വൈകിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിര്‍ത്തി മണ്ഡലങ്ങളില്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ സമാധാനാന്തരീക്ഷത്തില്‍ ഈ സമ്പ്രദായം പുനരാരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അര്‍ധരാത്രിയില്‍ പ്രചാരണ പരിപാടികളുമായി മണ്ഡലങ്ങളില്‍ പ്രചാരണം നടത്തുന്നു. ബുള്ളറ്റിനുമേല്‍ ബാലറ്റിന്റെ ആരവമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശേഷിപ്പിച്ച വിധിയെഴുത്താണിപ്പോള്‍ കാശ്മീരിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍.

********

മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കുപ്‍വാര, ബാരമുള്ള, ബന്ദിപോര, ഉധംപൂര്‍, കത്വ, സാംബ എന്നീ കാശ്മീലെ അതിര്‍ത്തി ജില്ലകള്‍ മൂന്നാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്. കാശ്മീര്‍ മേഖലയില്‍  16 മണ്ഡലങ്ങളും ജമ്മു മേഖലയില്‍ 24 മണ്ഡലങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കും.

കാശ്മീര്‍: കറാന്‍ഹാ, ട്രെഹാം, കുപ്വാര, ലോലാബ്, ഹാന്ദ്വാര, ലാംഗതെ, സോപോര്‍, റാഫിയാബാദ്, ഉറി, ബാരാമുള്ള, ഗുല്‍മാര്‍ഗ്, വഗൂര-ക്രീരി, പഠാന്‍, സോനാവാരി, ഗുറേസ് എന്നീ മണ്ഡലങ്ങള്‍.

ജമ്മു: ഉധംപൂര്‍ വെസ്റ്റ്, ഉധംപൂര്‍ ഈസ്റ്റ്, ചെനാനി, രാംനഗര്‍,ബാനി, ബില്ലാവര്‍, ബസോളി, ജസ്രോത, കാത്വ, ഹിരാനഗര്‍, രാംഗഡ്, സാംബ, വിജയ്പൂര്‍, ബിഷാനാഹ്. സുചേത് ഗഡ്, ആര്‍.എസ്. പുര, ജമ്മു സൗത്ത്, ബാഹു, ജമ്മു ഈസ്റ്റ്, നഗ്രോത്ത, ജമ്മു വെസ്റ്റ്, ജമ്മു നോര്‍ത്ത്, മാര്‍ഹ്, അഖനൂര്‍, ചാംബ് തുടങ്ങിയ മണ്ഡലങ്ങള്‍.