
ജമ്മുകാശ്മീര്‍ നിയമസഭാ തിരഞ്ഞൈടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആത്മവിശ്വാസത്തിലാണ് ഇന്ത്യാ സഖ്യം. അനുച്ഛേദം 370 പിന്‍വലിച്ചതിനെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ ഉയരുന്ന നിശബ്ദ പ്രതിഷേധം വോട്ടായി മാറുമ്പോള്‍ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്നവര്‍ കണക്ക് കൂട്ടുന്നു.
ജമ്മുകാശ്മീരിലെ ഇന്ത്യാ സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി), കോണ്‍ഗ്രസ്, സി.പി.എം, ജമ്മുകാശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ എന്‍.സി. 51 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലും സി.പി.എം, പാന്തേഴ്‌സ് പാര്‍ട്ടി എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. അഞ്ച് സീറ്റുകളില്‍ സൗഹൃദമത്സരം നടക്കും. ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ പി.ഡി.പി. കാശ്മീരിൽ സഖ്യത്തിനൊപ്പമില്ല എന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

ഇന്ത്യാ സഖ്യത്തിന് അനുകൂലമാണ് ജനവികാരമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ താരീഖ് ഹമീദ് കാര മാതൃഭൂമിയോട് പറഞ്ഞു. ജമ്മുകാശ്മീരിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കാര ഷാല്‍ടെങ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമാണ്.
- ഈ നിയമസഭാ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണെന്നാണ് പൊതു വിലയിരുത്തല്‍.ഇന്ത്യാ സഖ്യം എങ്ങനെയാണ് വീക്ഷിക്കുന്നത്?
വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പായാണ് ഞങ്ങളും കണക്കാക്കുന്നത്. ഇത് വികസനത്തിന്റെയോ പതിവ് വിഷയങ്ങളുടെയോ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരമല്ല. ഞങ്ങളുടെ സ്വത്വവുമായും വ്യക്തിത്വവുമായും നേരിട്ട് ബന്ധപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കൈകളിലുടെ ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട തിരഞ്ഞെടുപ്പാണിത്. കാശ്മീരില്‍ വികസനം പണ്ടു മുതല്‍ പലകാലങ്ങളായി സംഭവിക്കുന്നതാണ്. അതിനാല്‍ വികസനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളെ തിരഞ്ഞെടുപ്പ് മാനദണ്ഡമായി ഞങ്ങള്‍ കാണുന്നില്ല.
- ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ട്?
ഇന്ത്യാ സഖ്യം വളരെ ശക്തമായ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. കാശ്മീരില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഈ സഖ്യം വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടും അജണ്ടകളുമുണ്ടാകാം. എന്നാല്‍ ബി.ജെ.പിക്കെതിരെയുള്ള വോട്ടുകള്‍ ഒന്നിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഇത് അനിവാര്യമാണെന്ന് അവര്‍ കരുതുന്നു.

- പക്ഷെ,പി.ഡി.പി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലല്ലോ.അവര്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ചിതറിക്കില്ലേ?
അത് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള വിഷയമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടിട്ടില്ല. എന്‍.സിയും പി.ഡി.പിയും തമ്മില്‍ സീറ്റ് വിഷയത്തില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ല. വോട്ട് ചിതറുന്ന വിഷയം ഉണ്ടെങ്കിലും അത് കാര്യമായി ബാധിക്കില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്.
- അനുച്ഛേദം 370 പിന്‍വലിച്ച നടപടി കാശ്മീരില്‍ വികസനം കൊണ്ടു വന്നുവെന്ന് ബി.ജെ.പി പറയുന്നു.എന്താണ് അഭിപ്രായം?
അതെല്ലാം ചില വ്യാഖ്യാനങ്ങളും വാദങ്ങളും മാത്രം. കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രവും 2018 മുതല്‍ ജമ്മുകാശ്മീരും ഭരിക്കുന്ന ബി.ജെ.പി, ഈ സംസ്ഥാനത്തേക്ക് ഒരു പ്രധാന പദ്ധതിയും കൊണ്ടു വന്നിട്ടില്ല. യു.പി.എ സര്‍ക്കാര്‍ നിര്‍മാണം തുടങ്ങി വച്ച ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമാണ് അവര്‍ ചെയ്തത്. എന്നാല്‍ ബി.ജെ.പിക്ക് വളരെ ശക്തമായ പ്രചരണ യന്ത്രങ്ങളുണ്ട്. മുന്‍ സര്‍ക്കാരുകളുടെ പദ്ധതികള്‍ സ്വന്തം പദ്ധതികളാണ് അവകാശപ്പെടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.

- അനുച്ഛേദം പിന്‍വലിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?
ഈ അനുച്ഛേദം ഔദാര്യപൂര്‍വം കാശ്മീര്‍ ജനതയ്ക്ക് ആരും നല്‍കിയതല്ല. ഇത് വളരെയധികം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം തീരുമാനിച്ചതാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഈ അനുച്ഛേദം നടപ്പാക്കിയത്. ഇത് എടുത്തു കളയാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. ബി.ജെ.പി പ്രചരണായുധമാക്കുന്ന 370 എന്ന അക്കങ്ങളോട് ഞങ്ങള്‍ക്ക് വലിയ താല്‍പര്യങ്ങളൊന്നുമില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഈ ഭരണഘടനാ വ്യവസ്ഥ നല്‍കിയ ഉറപ്പുകള്‍ പ്രധാനമാണ്. ഭൂമി, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ കാശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണിവ. അതിനാല്‍ അക്കങ്ങളല്ല പ്രധാനം,ഈ ഉറപ്പുകളാണ്. ഈ അവകാശങ്ങളും സംസ്ഥാന പദവിയും തിരിച്ചു കിട്ടണം.

- കാശ്മീരിലെ കുടുംബരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞുവെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.എന്ത് പറയുന്നു?
അതവര്‍ കാലങ്ങളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങളാണ്. എന്നാല്‍ അവര്‍ ഒരിക്കലും ബി.ജെ.പിക്കുള്ളിലെ കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്നില്ല. അവര്‍ക്ക് ഇവിടെ പറയാന്‍ മറ്റ് വിഷയങ്ങളൊന്നുമില്ല. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നു. ജമ്മുകാശ്മീരിനായി അവര്‍ എന്തു ചെയ്തു, എന്തൊക്കെ ചെയ്യും തുടങ്ങിയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പിക്കാവില്ല. 2014 മുതല്‍ ജമ്മുകാശ്മീരില്‍ ഭരണം പിടിക്കാനായി അവര്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.എന്നാല്‍ ഈ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു.അതിനാല്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിയോഗിച്ചാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാശ്മീരി ജനതയുടെ വോട്ട് ഭിന്നിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.അത് വിജയിക്കില്ല.
Content Highlights: Jammu Kashmir congress chief Tariq Hameed Karra talks with Mathrubhumi
Published: 29 Sept 2024, 02:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented