
നിത്യോപയോഗത്താല്‍ നിറം മങ്ങിത്തുടങ്ങിയ ഭാഷയുടെ ഉടയാടകള്‍ കൊണ്ട് ബാഹ്യസൗന്ദര്യത്തെയും സംഭവങ്ങളുടെ വിശേഷണങ്ങള്‍ കൊണ്ട് പൊതുസമൂഹത്തെയും നിര്‍വചിക്കുന്നതിന്റെ പരിമിതിയില്‍ അകപ്പെട്ടു പോയ പ്രദേശമാണ് പലപ്പോഴും ജമ്മു കശ്മീര്‍. 'പൂക്കള്‍ അല്ലെങ്കില്‍ വെടിയുണ്ടകള്‍' എന്ന പദാവലികളുടെ വ്യാഖ്യാനങ്ങളില്‍ അടയാളപ്പെട്ടുപോയ ചരിത്രമാണ് കാലങ്ങളായി കശ്മീരിനുള്ളത്. സൗഹൃദമില്ലാത്ത അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിന്റെയും വിഭജനകാല മുറിവുകളുടെ കനല്‍ കെടാതെ കിടക്കുന്നതിന്റെയും ഗതകാല ഭാരവും മറ്റെങ്ങുമില്ലാത്ത വിധം കശ്മീര്‍ ജനതയുടെ തലയ്ക്ക് മുകളിലുണ്ട്.
അതിനപ്പുറം സഹനങ്ങളുടെയും ഒറ്റപ്പെടലുകളുടെയും അടിച്ചമര്‍ത്തലുകളുടെയും അവകാശലംഘനങ്ങളുടെയും ചരിത്രവും ഈ ഭൂപ്രദേശത്തെ മറ്റൊരിടമാക്കുന്നു. ഇവയുടെ അവശേഷിപ്പുകളില്‍ നിന്ന് പുറത്തുകടക്കുകയും മുഖ്യധാരയിലേക്ക് നടക്കുകയും ചെയ്യാനുള്ള ജനാധിപത്യപരമായ മാര്‍ഗമായി തിരഞ്ഞെടുപ്പുകള്‍ മാറുമോ എന്ന പരീക്ഷണമാണ് എക്കാലത്തും ജമ്മു കശ്മീരിലെ വിധിയെഴുത്തുകള്‍. അതിന് ഒരു ജനതയുടെ വിഹ്വലതകളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കാനുള്ള ശേഷിയുണ്ടോയെന്ന ഹിതപരിശോധനയാണ് തിരഞ്ഞടുപ്പ് ഫലങ്ങള്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഭരണകൂടങ്ങള്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജമ്മു കശ്മീരിലുണ്ടാക്കുന്ന സ്വാധീനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ജനതീരുമാനങ്ങള്‍.
ഇക്കുറി ഇതിനെല്ലാമുപരി രാഷ്ട്രീയ-അരാഷ്ട്രീയ കാരണങ്ങള്‍ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 370-ന്റെ റദ്ദാക്കല്‍, സംസ്ഥാന പദവി തിരിച്ചുനല്‍കല്‍, ലഫ്. ഗവര്‍ണറിലൂടെ കേന്ദ്രത്തിന്റെ ഇടപെടല്‍, തന്നാട്ടുകാര്‍ തന്നെ കശ്മീര്‍ ഭരിക്കണമെന്ന വികാരം, പ്രതിഷേധങ്ങളോടുള്ള ഭരണകൂട സമീപനങ്ങള്‍, തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രാദേശിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. അതുപോലെ ജമ്മു കശ്മീരില്‍ സമാധാന പുനസ്ഥാപനം, വികസനം, പുരോഗതി ഉറപ്പാക്കല്‍, നയാ കശ്മീര്‍ എന്ന മുദ്രാവാക്യം തുടങ്ങിയ സമീപനങ്ങള്‍ ഉയര്‍ത്തിയുള്ള ചര്‍ച്ചയും തിരഞ്ഞെടുപ്പ് രംഗത്ത് ഉയരുന്നുണ്ട്.
എന്തായാലും സ്വത്വം നിലനിര്‍ത്തല്‍, പൂര്‍ണ സംസ്ഥാന പദവിയോടെ സ്വയംഭരണം വീണ്ടെടുക്കല്‍ എന്നിവയ്ക്കായുള്ള അന്വേഷണവും സാമൂഹിക നീതിഘടകങ്ങളുടെ വിന്യാസവുമാണ് ഇത്തവണ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം നിശ്ചയിക്കുന്നത്.
ജനവിധിയുടെ ചരിത്രവും വര്‍ത്തമാനവും
ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന നിലയിലും 2014-ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിലും ഇത്തവണത്തെ ജനവിധി ശ്രദ്ധേയം. 2018 മുതല്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള ലഫ്. ഗവര്‍ണര്‍ ഭരണം, അനുച്ഛേദം 370 പിന്‍വലിച്ച 2019 ഓഗസ്റ്റ് അഞ്ചിനുശേഷം സംസ്ഥാനത്ത് ഇതേ ഭരണ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്നിവ പശ്ചാത്തലമായി നിലനില്‍ക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ രാഷ്ട്രീയ-ഭരണ നടപടികളെ ജനവിലയിരുത്തലിന് വയ്ക്കുന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തിന് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് വിശാല പാഠപുസ്തകം. തര്‍ക്കങ്ങളുള്ളതും ഇന്ത്യയുമായി സുഗമ ബന്ധമില്ലാത്തതുമായ രണ്ട് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യാന്തര രാഷ്ട്രീയത്തിനും പ്രധാനം.
'ബുള്ളറ്റിനും ബോയ്ക്കോട്ടിനും മുകളില്‍ ബാലറ്റിന്റെ വിജയം' എന്നാണ് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിശേഷിപ്പിച്ചത്. അക്രമങ്ങളും ഭീകരവാദവും ബഹിഷ്‌കരണാഹ്വാനങ്ങളും പതിവായിരുന്ന ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍.
2024 സെപ്തംബര്‍ 30-ന് മുമ്പ് നിയസമഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന സുപ്രീംകോടതി വിധി പിന്നിലുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലൂടെ ജനാധിപത്യം തിരിച്ചുകൊണ്ട് വരികയാണ് ഈ ജനവിധിയുടെ പ്രധാന ദൗത്യം. 2014 ഡിസംബറിലാണ് ഒടുവില്‍ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഡിസംബര്‍ 28-ന് ലഫ്. ഗവര്‍ണറുടെ ഭരണം പ്രഖ്യാപിച്ചു. എങ്കിലും പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ച രണ്ടുമാസം നീണ്ടുനിന്നു. ഒടുവില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പി.ഡി.പി-ബി.ജെ.പി സഖ്യമായി. 2015 മാര്‍ച്ചില്‍ പി.ഡി.പി. നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റു.
2016 ജനവരിയില്‍ മുഫ്തി മരിച്ചേതാടെ, ആശയധാരകളില്‍ ഉത്തര-ദക്ഷിണധ്രുവങ്ങളിലായിരുന്ന പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്നുള്ള തുടര്‍ ഭരണത്തിന് വഴിമുട്ടി. വീണ്ടും ഗവര്‍ണര്‍ ഭരണം. എങ്കിലും മുഫ്തിയുടെ മകള്‍ മെഹബൂബയും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ധാരണയായി. ഏപ്രില്‍ നാലിന് മെഹബൂബ ജമ്മുവിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി പദവും ലഭിച്ചു.
എന്നിട്ടും ഭരണവും സഖ്യവും സുഗമമായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളില്‍ ഏറ്റുമുട്ടലിന് കളമൊരുക്കി. 2018 ജൂണ്‍ 19-ന് സഖ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി. തീരുമാനിച്ചതോടെ സര്‍ക്കാര്‍ വീണു. വീണ്ടും ലഫ്. ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു, അതിപ്പോഴും തുടരുന്നു.
2019-ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റി. ഈ നീക്കത്തില്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ എതിര്‍പ്പുയര്‍ന്നു. ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് ഇപ്പോഴും തുടരുന്നു. നടപടി വികസനത്തിനും സുരക്ഷക്കും ആക്കം കൂട്ടിയെന്ന് ബി.ജെ.പി. അവകാശപ്പെടുമ്പോള്‍, വിഭജന രാഷ്ട്രീയമാണ് പ്രയോഗിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഈ ആശയ തര്‍ക്കത്തിനും ദിശ നിശ്ചയിക്കും.

അനുച്ഛേദത്തെ ചൊല്ലി
അനുച്ഛേദം 370 നിയമസഭാ തിരഞ്ഞടുപ്പില്‍ ചര്‍ച്ചാ വിഷയമായി മാറിയത് സ്വാഭാവികം. പിന്‍വലിക്കലിന്റെ രാഷ്ട്രീയവും എതിര്‍പ്പിന്റെ രാഷ്ട്രീയവും പ്രചരണ വേദികളില്‍ ഉയരുന്നു. അനുച്ഛേദം 370 തിരിച്ചു കൊണ്ടുവരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും സഖ്യകക്ഷികളും അവകാശപ്പെടുമ്പോള്‍, ഈ അനുച്ഛേദം ചരിത്രമായിക്കഴിഞ്ഞെന്ന് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കുന്നു. അനുച്ഛേദം പിന്‍വലിച്ച് ജമ്മു കശ്മീരിനോട് അനീതി കാട്ടിയെന്നും സംസ്ഥാന പദവി നല്‍കാതെ തരംതാഴ്ത്തിയെന്നുമാണ് പ്രതിപക്ഷ നേതാക്കളുടെ പ്രധാന വിമര്‍ശനം. അനുച്ഛേദം പിന്‍വലിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ വരുതിയിലാക്കിയതോടെ സമാധാനം പുനസ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും കേന്ദ്രവും നടപടികള്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്നു.
അതേസമയം, അനുച്ഛേദം പിന്‍വലിക്കല്‍ നടപടി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണോയെന്ന കാര്യത്തില്‍ രണ്ടുതരം ചര്‍ച്ചകള്‍ കശ്മീരിലെ അക്കാദമിക് സമൂഹത്തിലുയര്‍ന്നിട്ടുണ്ട്. അനുച്ഛേദം പിന്‍വലിച്ച നടപടിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ മേല്‍തട്ടില്‍ അടങ്ങിയെങ്കിലും കശ്മീര്‍ സമൂഹത്തില്‍ അത് പുകയുന്നുണ്ടെന്നും പ്രതിഷേധം വോട്ടായി രേഖപ്പെടുത്തുമെന്നുമാണ് ഒരു വാദം.
'ജനങ്ങള്‍ മുഴുവന്‍ നിശബ്ദരായി വീക്ഷിക്കുകയാണ്. അനുച്ഛേദം പിന്‍വലിച്ചതിനുശേഷമുള്ള സ്ഥിതിയില്‍ ജനങ്ങള്‍ മൗനം പാലിക്കുകയാണ്. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ നിയന്ത്രിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ പങ്കെടുത്ത് ഈ സംവിധാനങ്ങള്‍ക്കെതിരേ നിശബ്ദമായി വോട്ട് രേഖപ്പെടുത്താനാണ് സാധ്യത.'-കശ്മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ ഫിര്‍ദൗസി പറയുന്നു.
എന്നാല്‍, അനുച്ഛേദമാണ് ഇപ്പോഴത്തെ പ്രധാന വിഷയമെന്ന് താന്‍ കരുതുന്നില്ലെന്ന് കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. അസ്ലം അഭിപ്രായപ്പെട്ടു.
'പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുച്ഛേദം വിഷയം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കണക്കാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ലമെന്റ് റദ്ദാക്കുകയും സുപ്രീംകോടതി അതംഗീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്. പാര്‍ട്ടികള്‍ അവിടവിടെ ചര്‍ച്ചയാക്കുന്നുണ്ടാകാം. എന്നാല്‍ ജനങ്ങള്‍ അത് ചര്‍ച്ചയാക്കുന്നില്ല.' -അദ്ദേഹം പറഞ്ഞു.
അതേസമയം, ജമ്മു കശ്മീരിന് തന്നാട്ടുകാരുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന കാര്യം പരമപ്രധാനമാണെന്ന് ഇരുവാദക്കാരും അംഗീകരിക്കുന്നു.
'അനുച്ഛേദം പിന്‍വലിച്ചതിനുശേഷമുള്ള ഭരണസംവിധാനത്തിലെ ആരും തന്നെ കശ്മീരില്‍ നിന്നുള്ളവരല്ല. കശ്മീര്‍ ജനതയുടെ ആവശ്യങ്ങളോ മനസ്സോ അറിയുന്നവരല്ല. അവരെ പുറത്തുനിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നു. ജനങ്ങള്‍ ഇതില്‍ നിരാശരാണ്. ജനങ്ങള്‍ വന്‍തോതില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത് ഈ സംവിധാനങ്ങള്‍ക്കെതിരേ നിശബ്ദമായി വോട്ട് രേഖപ്പെടുത്തി.' -ജലീല്‍ ഫിര്‍ദൗസി ചൂണ്ടിക്കാട്ടുന്നു. മികച്ച പോളിംഗിന്റെ അര്‍ഥം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അരാഷ്ട്രീയ ഭരണകൂടം ഇവിടെ നിലവിലിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്നമെന്ന് പ്രൊഫ. അസ്ലമും വിലയിരുത്തുന്നു. '2019 മുതല്‍ അതാണ് നിലവിലുള്ളത്. ഈ ഭരണ സംവിധാനം മാറുമോ എന്നതിലാണ് ജനങ്ങളുടെ ആകാംക്ഷ. ജനപ്രതിനിധികള്‍ ജയിക്കുകയും അവര്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.' -അദ്ദേഹം പറഞ്ഞു.
എങ്കിലും വിഘടനവാദത്തിന്റെ കനലുകള്‍ അടങ്ങിയെന്ന് പറയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പലരും തയ്യാറല്ല. 2019-ന് ശഷം ആദ്യമായി തെരുവുകളില്‍ ജനക്കൂട്ടമെത്തുന്നത് ഇപ്പോഴാണ്. മുദ്രാവാക്യങ്ങളുടെ രീതി പരിശോധിച്ചാല്‍, അവയെല്ലാം വിഘടനവാദികളുടെ മുദ്രാവാക്യത്തിന്റെ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് കാണാം. ചില വാക്കുകളോ മറ്റോ മാറ്റിയിട്ടുണ്ടാകാം. എന്നാല്‍ മൂഡ് അത് തന്നെയാണ് എന്നവര്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ കല്ലേറ് പോലെയുള്ള സമരമുറകള്‍ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട് എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിന് പുറമെ, രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും മനോഭാവത്തില്‍ വന്ന മാറ്റങ്ങളും പ്രധാനമാണ്. കല്ലേറ്, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയവ നിര്‍ത്തി. ഇതിന് അനുച്ഛേദം സഹായിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തന്നെ ഇതില്‍ നിന്ന് പാഠം പഠിച്ച് തിരുത്തലുണ്ടാക്കി എന്നതാണ് പ്രധാനം. കല്ലേറെന്ന പ്രതിഷേധ മാര്‍ഗ്ഗത്തിലൂടെ ഒന്നും നേടുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. ഈ മനോഭാവം രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മനസ്സിലെത്തി. അങ്ങനെയാണ് സമാധാനം തിരിച്ചെത്തിയതെന്ന് പ്രൊഫ. അസ്ലം ചൂണ്ടിക്കാട്ടുന്നു.

കാറ്റ് എന്‍.സി.ക്കോ?
90 സീറ്റുകളിലേക്കാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ്. 2022-ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിലാണ് 87 സീറ്റുകളില്‍ നിന്ന് 90 സീറ്റുകളായി ഉയര്‍ന്നത്. കശ്മീര്‍ താഴ്വരയില് 47 സീറ്റുകളും ജമ്മുവില്‍ 43 സീറ്റുകളുമാണുള്ളത്. രാഷ്ട്രീയചരിത്രത്തിന്റെയും മതസമുദായഘടനകളുടെയും സാഹചര്യത്തില്‍ ജമ്മുവിലും കശ്മീരിലും വ്യത്യസ്ത രാഷ്ട്രീയധാരകള്‍ക്കാണ് കാലങ്ങളായി മുന്‍തൂക്കം. ജമ്മുവില്‍ ബി.ജെ.പിക്കും കശ്മീരില്‍ എന്‍.സി-പി.ഡി.പി പാര്‍ട്ടികള്‍ക്കുമാണ് കാലങ്ങളായി മേല്‍കൈ.
അനുച്ഛേദം 370 പിന്‍വലിക്കലും അനുബന്ധ നടപടികളും പ്രതിഷേധങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികളും നിശബ്ദവോട്ടുകള്‍ക്ക് പ്രേരണയായെന്ന വിലയിരുത്തല്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം നല്‍കുന്ന ഇന്ത്യാസഖ്യത്തിന് കശ്മീരില്‍ അനുകൂലമാണ്. എന്‍.സി, കോണ്‍ഗ്രസ്, സി.പി.എം, പാന്തേഴ്സ് പാര്‍ട്ടി എന്നിവരാണ് ഇന്ത്യാ സഖ്യത്തിലുള്ളത്. ഇതില്‍ എന്‍.സി.ക്ക് മാത്രമാണ് കശ്മീരില്‍ സംഘടനാ സംവിധാനവും കേഡര്‍ ബലവുമുള്ളത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിനായി സംഘടനാ സംവിധാത്തെ സജ്ജമാക്കിയാണ് എന്‍.സി. തിരഞ്ഞെടുപ്പ് കളത്തിലിറക്കിയിരിക്കുന്നത്. എങ്കിലും ചിലയിടങ്ങളില്‍ സഖ്യത്തിനിടയിലുള്ള വിള്ളല്‍ ബാധിക്കുമോയെന്ന ആശങ്ക എന്‍.സിക്കുണ്ട്. കശ്മീരില്‍ തുടക്കം മുതല്‍ പ്രചരണത്തില്‍ എന്‍.സിയാണ് മുന്നില്‍.
ഇന്ത്യാ സഖ്യത്തിന് പുറത്ത് മത്സരിക്കുന്ന പി.ഡി.പിയാകട്ടെ, 2014 ല്‍ ബി.ജെ.പിയുമായുണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ തകര്‍ന്ന മതേതര പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ്. എന്നാല്‍ അതത്ര വിജയിച്ചു എന്ന് പറയാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വഭാവത്തിനനുസരിച്ച് പി.ഡി.പി. ചാഞ്ചാടുമെന്ന സംശയം ജനങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍, മതേതര മുദ്രകള്‍ വീണ്ടെടുക്കാനുള്ള അവസരമെന്ന നിലയില്‍ തിരഞ്ഞെടുപ്പിനെ ഇത്തവണ പി.ഡി.പി. ഉപയോഗിക്കുമെന്ന വിലയിരുത്തലും കശ്മീരിലുണ്ട്. 2014-ല്‍ ബി.ജെ.പിയുമായുണ്ടാക്കിയ ബന്ധം തങ്ങളെ രാഷ്ട്രീയമായി ക്ഷീണിപ്പിച്ചെന്ന തോന്നല്‍ പി.ഡി.പി. നേതൃത്വത്തിനുണ്ട്. എന്നാല്‍ ബി.ജെ.പിയുമായുള്ള മുന്‍ ചങ്ങാത്തത്തിന്റെ ചരിത്രം എന്‍.സിക്കും ബാധ്യതയാണ്.
ഹിന്ദു വോട്ടുബാങ്കുകള്‍ക്ക് വേരോട്ടമുള്ള ജമ്മുവില്‍ ഇക്കുറിയും നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 2014-ല്‍ ജമ്മുവില്‍ നിന്ന് ബി.ജെ.പി 25 സീറ്റുകള്‍ നേടിയിരുന്നു. ജമ്മുവില്‍ ജാതി സമവാക്യങ്ങള്‍ അടിത്തറയാക്കി ബി.ജെ.പി. നടത്തിയ ചില കരുനീക്കങ്ങള്‍ ഇത്തരം നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ്. പഹാഡി വിഭാഗങ്ങള്‍ക്കും ഗഡ്ഡ, ബ്രഹ്‌മന്‍, കോലി, പാഡ്ഡേരി വിഭാഗങ്ങള്‍ക്കും ജോലിയില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച കേന്ദ്രനടപടി ഇതിന്റെ ഭാഗമാണ്. ജമ്മുവില്‍ സീറ്റെണ്ണം കൂട്ടുകയും കശ്മീര്‍ താഴ്വരയില് നിന്ന് സ്വതന്ത്രരുടെ അംഗബലം ഉറപ്പിക്കുകയും ചെയ്താല്‍ ഭരണം നേടാമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്. എന്നാല്‍ ജമ്മുവില്‍ പാര്‍ട്ടി നേരിടുന്ന ഗ്രൂപ്പ് പോരും വിമതശല്യവും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും ക്ഷീണമുണ്ടാക്കാനും സാധ്യതയുണ്ട്.
ചെറുപാര്‍ട്ടികളും സ്വതന്ത്രരും നിര്‍ണായകം
ചാഞ്ചാട്ടസംശയം അവശേഷിപ്പിച്ച് പി.ഡി.പി. ഒരു ഭാഗത്ത് നില്‍ക്കെ, നൂറുകണക്കിന് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ അപ്രതീക്ഷിത രംഗപ്രവേശമാണ് കശ്മീര്‍ തിരഞ്ഞെടുപ്പ് കളത്തെ സങ്കീര്‍ണമാക്കിയിരിക്കുന്നത്. മൊത്തം 873 സ്ഥാനാര്‍ഥികളില്‍ 365 സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരാണ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്രയും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യുന്നത്. 2008-ല്‍ 408 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. അനുച്ഛേദം 370 മായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ഇക്കുറി ഇത്രയും സ്വതന്ത്രരെങ്കില്‍, അമര്‍നാഥ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് അന്ന് ഇത്രയും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്തത്. പ്രാദേശികമായി സ്വാധീനമുള്ളവരും മുമ്പ് വിഘടനവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരും ജയിലില്‍ കിടക്കുന്നുവരുമൊക്കെ സ്ഥാനാര്‍ഥികളാണ്.
ഈ സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇന്ത്യാ സഖ്യത്തിന്റെ വോട്ട് വിഭജിക്കാന്‍ ബി.ജെ.പി. നിയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാര്‍ട്ടിക്ക് ആഴത്തില്‍ സ്വാധീനമുള്ള ജമ്മുവില്‍ എല്ലാ സീറ്റിലും മത്സരിക്കുന്ന ബി.ജെ.പി. സ്വാധീനമില്ലാത്ത കശ്മീരില്‍ 19 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് തീരുമാനം. ഈ തന്ത്രത്തിനായി ബി.ജെ.പി. സ്വതന്ത്രരെ രഹസ്യമായി പിന്തുണക്കുന്നുവെന്ന് എന്‍.സി. കുറ്റപ്പെടുത്തുന്നു. അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവും ലോകസഭാംഗവുമായ എഞ്ചിനീയര്‍ റഷീദിന്റെ താല്‍ക്കാലിക ജാമ്യത്തെ സംശയിച്ചും ചര്‍ച്ചയുണ്ട്.
എഞ്ചിനിയര്‍ റഷീദ്, സര്‍ജന്‍ ബര്‍കത്തി, സജ്ജാദ് ലോണ്‍ തുടങ്ങിയ വിഘടനവാദി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ട്. ഇവരില്‍ പലരും സ്ഥാനാര്‍ഥികളാണ്. ഇത് നാഷണല്‍ കോണ്‍ഫറന്‍സിനെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കമാണെന്ന് ഒമര്‍ അബ്ദുള്ള ആരോപിക്കുന്നു. എന്നാല്‍ ഇത്തരം പാര്‍ട്ടികളും നേതാക്കളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബി.ജെ.പിയും പറയുന്നു. എന്തായാലും കശ്മീരിന്റെ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്നതില്‍ ഈ സ്വതന്ത്രര്‍ക്ക് ഇക്കുറി നിര്‍ണായക പങ്കുണ്ടാകും.
തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പിനിടയിലുമുണ്ടായതിനെക്കാള്‍ നാടകങ്ങള്‍ ഒരുപക്ഷേ, ഫലമറിഞ്ഞശേഷമായിരിക്കും ജമ്മു കശ്മീരില്‍ അരങ്ങേറുക. താഴ്വരയിലെ അകം കാറ്റും പുറം കാറ്റും സങ്കീര്‍ണം. അത് ജമ്മു കശ്മീരിന്റെ ഭാവിയിലേക്കുള്ള വിരല്‍ചൂണ്ടലുമാകും.
Content Highlights: Jammu Kashmir assembly election 2024: Pre-poll analysis by Manoj Menon
Published: 03 Oct 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented