ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ (ഡി.പി.എ.പി) പ്രചാരണത്തിനായി ഗുലാം നബി ആസാദ് ഇറങ്ങില്ല. അസുഖബാധിതാനായതിനാലാണ് പ്രചാരണത്തിന് വരാന്‍ കഴിയാത്തതെന്ന് ഡി.പി.എ.പി. സ്ഥാപകനായ ഗുലാം നബി ആസാദ് അറിയിച്ചു. തന്റെ അസാന്നിധ്യത്തില്‍ മത്സരിക്കണോ എന്ന കാര്യം ഡി.പി.എ.പി. സ്ഥാനാര്‍ഥികള്‍ക്ക് പുനഃപരിശോധിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിനായി ഡി.പി.എ.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 13 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 18-നാണ് ജമ്മു കശ്മീരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമായതോടെ അടുത്ത രണ്ട് ഘട്ടങ്ങളില്‍ ഡി.പി.എ.പി. സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്. സെപ്റ്റംബര്‍ 25-നും ഒക്ടോബര്‍ ഒന്നിനുമാണ് ജമ്മു കശ്മീരിലെ രണ്ട്, മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
അതേസമയം ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ല എന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ദൂരു മണ്ഡത്തിലെ ഡി.പി.എ.പി. സ്ഥാനാര്‍ഥി അഡ്വ. സലീം പരേ പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു വിവരവും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പാര്‍ട്ടി വക്താവ് സല്‍മാന്‍ നിസാമി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദ് 2022 ഓഗസ്റ്റിലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സെപ്റ്റംബര്‍ 26-ന് അദ്ദേഹം പുതിയ പാര്‍ട്ടിയായ ഡി.പി.എ.പി. പ്രഖ്യാപിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ രണ്ട് സീറ്റുകളില്‍ ഡി.പി.എ.പി. മത്സരിച്ചെങ്കിലും വിജയിച്ചില്ല. അനന്ത്‌നാഗ് മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഗുലാം നബി ആസാദ് തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
Content Highlights: DPAP leader Ghulam Nabi Azad says he can't campaign in Jammu Kashmir election as he is unell
Published: 29 Aug 2024, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented