ഭുവനേശ്വര്‍: 25 വര്‍ഷം നീണ്ട 'നവീന്‍ യുഗം' അവസാനിക്കുകയാണെന്ന സൂചന നല്‍കി ഒഡിഷ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം. വോട്ടെണ്ണല്‍ പുരോഗമിക്കവെ നിലവില്‍ 76 സീറ്റുകളില്‍ ബി.ജെ.പി. മുന്നേറുകയാണ്. നവീന്‍ പട്‌നായികിന്റെ ബി.ജെ.ഡിയ്ക്ക് 53 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കാന്‍ കഴിഞ്ഞത്. അതേസമയം 12 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സി.പി.എമ്മും രണ്ട് സീറ്റുകളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്.  കഴിഞ്ഞ തവണ ബി.ജെ.ഡിക്ക് 113 ഉം ബി.ജെ.പിക്ക് 23 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. തന്നെയാണ് ഒഡിഷയില്‍ നേട്ടം കൊയ്യുന്നത്. ആകെയുള്ള 21 സീറ്റുകളില്‍ 18 എണ്ണത്തിലും ബി.ജെ.പി. മുന്നിട്ടുനില്‍ക്കുകയാണ്. ബി.ജെ.ഡിയ്ക്ക് രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. 

ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂടി വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയാകുന്ന വ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കാന്‍ നവീന്‍ ബാബുവിന് കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ റെക്കോഡ് സ്വപ്‌നം തച്ചുടച്ചുകൊണ്ടാണ് ഒഡിഷയില്‍ ബി.ജെ.പി. ഭരണത്തിലേക്ക് അടുക്കുന്നത്. 

ഒഡിഷയിലെ ബി.ജെ.ഡിയുടെ പരാജയത്തില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി.കെ. പാണ്ഡ്യന് നേരെയാണ് ചോദ്യമുനകളുയരുക. തമിഴ്‌നാട് സ്വദേശിയായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് നവീന്‍ പട്‌നായികിന്റെ വലംകൈയായ പാണ്ഡ്യന്‍. അദ്ദേഹത്തിന്റെ തമിഴ് സ്വത്വത്തെ ആക്രമിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ഒഡിഷയിലെ പ്രചാരണം.