ഭുവനേശ്വർ: രണ്ട് പതിറ്റാണ്ടുകൾക്കൊടുവിൽ ഒഡിഷയിൽ നവീൻ പട്നായിക് യുഗത്തിന് അന്ത്യംകുറിച്ച് ബി.ജെ.പി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിന് സമാനമായ അട്ടിമറിയാണ് ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി. (ബിജു ജനതാ ദൾ) നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 147 സീറ്റിൽ 79 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. 49 സീറ്റുകൾ മാത്രമാണ് ബി.ജെ.ഡിക്ക് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡിക്ക് നിരാശ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 20 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു.
ഒഡീഷയിൽ ആകെയുള്ള 21 ലോക്സഭാ സീറ്റിൽ 2019-ൽ ബി.ജെ.ഡിക്ക് 12-ഉം ബി.ജെ.പിക്ക് 8 -ഉം സീറ്റുണ്ടായിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നു. 2014-ൽ ബി.ജെ.ഡി. 20-ലും ജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല. 20 സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ കോൺഗ്രസുമാണ് ജയിച്ചത്.
സംസ്ഥാനത്ത് നവീന്‍ മുഖ്യമന്ത്രിയായതിനുശേഷം മറ്റൊരു നേതാവിന്റെ പേരും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകേട്ടിരുന്നില്ല. 2019-ല്‍ 146 അംഗ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോള്‍ ബിജു ജനതാദളിന്റെ സീറ്റുകളുടെ എണ്ണം 112. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്കാകട്ടെ 23 സീറ്റ് മാത്രവും. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഒരു മോദിക്കാറ്റും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മത്സരത്തില്‍ ഏശിയില്ല. എന്നാൽ ഇത്തവണ പ്രതീക്ഷകൾ പാടെ തെറ്റിക്കുന്നതായിരുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി ഒഡീഷയുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന നവീൻ പട്നായിക്കിനെ ജനം കൈവിട്ടു.
കോൺഗ്രസ് തട്ടകത്തിൽ നവീന്റെ തുടക്കം
കോൺഗ്രസ് കുത്തകയായിരുന്നു ഒഡീഷയിൽ അട്ടിമറി ജയവുമായാണ് 2000-ൽ ബി.ജെ.ഡി ഒഡീഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അതിന് ശേഷം നവീൻ പട്നായിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നീണ്ട 24 വർഷക്കാലം നവീൻ പട്നായിക് എന്ന രാഷ്ട്രീയക്കാരൻ മുഖ്യമന്ത്രിസ്ഥാനത്തിരുന്നു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന രണ്ടാമത്തെ നേതാവ് കൂടിയാണ് പട്നായിക് (24 വർഷം 91 ദിവസം). 24 വര്‍ഷവും 166 ദിവസവും സിക്കിമിലെ മുഖ്യമന്ത്രി കസേരയിലിരുന്ന പവന്‍ കുമാര്‍ ചാംലിങാണ് നവീന്‍ പട്‌നായിക്കിന് മുന്നിലുള്ളത്.
1977-ൽ പിതാവിന്റെ മരണത്തോടെയാണ് നവീൻ പട്നായിക് അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശം നടത്തുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ നടന്ന ലോക്സഭാ സീറ്റിലേക്കായുള്ള ഉപതിരഞ്ഞെടുപ്പിൽ നവീൻ പട്നായിക് ജയിച്ചു കയറി. 2000-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൂട്ടുചേർന്നാണ് ബി.ജെ.ഡി. സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്നത്.
ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനു ശേഷം ഡല്‍ഹിയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ബി.ജെ.ഡി. ഭാഗഭാകാവാറില്ലായിരുന്നു. കേന്ദ്രം ആരു ഭരിച്ചാലും തനിക്കൊന്നുമില്ലെന്ന മട്ട്. സംസ്ഥാനത്തെ കാര്യങ്ങള്‍ കൃത്യമായി നടക്കണം. നരേന്ദ്ര മോദി സര്‍ക്കാരിനെ നിര്‍ണായക നിമിഷങ്ങളില്‍ രാജ്യസഭയില്‍ സഹായിക്കാന്‍ പലപ്പോഴും ബി.ജെ.ഡി. തയ്യാറായിരുന്നു. പ്രതിപക്ഷ മുന്നണിയിലേക്ക് ഒപ്പം കൂട്ടാന്‍ വന്നവരോടും നവീന്‍ പട്‌നായിക് താൻ ഒരു സഖ്യത്തിലേക്കുമില്ലെന്നായിരുന്നു മറുപടി.
യഥാര്‍ഥത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ആശയം നവീന്‍ പട്‌നായിക്കിന് നേരത്തെയുണ്ടായിരുന്നതായാണ് വിവരം. ബി.ജെ.ഡിയുടെ ചെലവിലാണ് ബി.ജെ.പി. വളരുന്നതെന്ന വസ്തുത സ്വകാര്യ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലൂടെ നവീന്‍ മനസ്സിലാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സീറ്റ് സമവാക്യത്തെച്ചൊല്ലിയായിരുന്നു ഇരുവരും സഖ്യചർച്ചകൾ ഉപേക്ഷിച്ചത്. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. ഒഡീഷയിൽ ബി.ജെ.പി. സംസ്ഥാനത്ത് ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.
ആരാകും മുഖ്യമന്ത്രി?
നവീൻ പട്നായികിന് യുഗത്തിന് ശേഷം ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് ഇപ്പോൾ ഒഡീഷയിൽ നിന്ന് ഉയരുന്നത്. കേന്ദ്ര മന്ത്രിയായിരുന്നു ധർമേന്ദ്ര പ്രധാന്റെ പേരാണ് കൂടുതലായും ഉയർന്നു കേൾക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ഭൂരിപക്ഷത്തിൽ സംബൽപുർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ധർമേന്ദ്ര പ്രധാൻ ജയിച്ചിരുന്നു. ഇദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയേക്കും എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
എന്നാൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മന്ത്രിസഭയിലെത്തുകയാണെങ്കിൽ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ഒന്ന് ധർമേന്ദ്രപ്രധാന്റേതാണ്. അങ്ങനെയെങ്കിൽ ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡെ ഒഡീഷ മുഖ്യമന്ത്രി ആയേക്കും. കേന്ദ്രപര ലോക്സഭാ മണ്ഡലത്തിൽ നിന്നായിരുന്നു ബൈജയന്ത് പാണ്ഡെ മത്സരിച്ച് ജയിച്ചത്. ബി.ജെ.ഡിയിൽ നിന്ന് മത്സരിച്ച് ഒരു തവണ രാജ്യസഭാ എം.പിയും രണ്ട് തവണ ലോക്സഭാ എം.പിയുമായിരുന്നു അദ്ദേഹം. ആറ് വർഷം മുമ്പാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. 2019-ൽ കേന്ദ്രപര ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിച്ചിരുന്നില്ല.
ബലാസോർ എം.പി. പ്രതാപ് സാരംഗിയുടേയും മുൻ കേന്ദ്ര മന്ത്രി ജുവൽ ഓറമിന്റെ പേരും ബിജെപി ദേശീയ വക്താവ് സംപിത് പാത്രയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
Content Highlights: Naveen Patnaik 24 year rule ends Who will be next Odisha CM
Published: 06 Jun 2024, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented