ഭുവനേശ്വര്‍: ഒഡിഷയിലെ വന്‍ പരാജയത്തിന് കാരണക്കാരനെന്ന രീതിയിൽ വലിയ വിമര്‍ശനമേറ്റുവാങ്ങുന്ന വി.കെ. പാണ്ഡ്യന് പിന്തുണയുമായി ബി.ജെ.ഡി. അധ്യക്ഷന്‍ നവീന്‍ പട്നായിക്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് പറഞ്ഞ പട്നായിക്, പാര്‍ട്ടിയിലും ഭരണതലത്തിലും പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

To advertise here,

പാണ്ഡ്യനെതിരെയുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടു. അത് ദൗര്‍ഭാഗ്യകരമാണ്. ഭരണതലത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രണ്ടു തവണ ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. വിദ്യാഭ്യാസ- ആരോഗ്യ- കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പറഞ്ഞ നവീന്‍ പട്നായിക്, ക്ഷേത്രപുനരുദ്ധാരണപദ്ധതികളില്‍ പാണ്ഡ്യന്റെ ഇടപെടലിനേയും പ്രശംസിച്ചു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുശേഷം  ജോലിയില്‍നിന്ന് രാജിവെച്ച് അദ്ദേഹം പാര്‍ട്ടിക്ക് സംഭാവനകള്‍ ചെയ്തു. അദ്ദേഹം ഒരു പദവിയും വഹിച്ചിരുന്നില്ല, ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു മണ്ഡലത്തിലത്തിന് വേണ്ടിയും വാദിച്ചില്ല. അദ്ദേഹം സത്യസന്ധതയും ആര്‍ജവവുമുള്ള വ്യക്തിയാണ്, അത് ഓര്‍മിക്കപ്പെടുമെന്നും പട്നായിക് കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയല്ലെന്ന് ആവര്‍ത്തിച്ച പട്നായിക് അതാരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അഭിപ്രായപ്പെട്ടു.

'ജനാധിപത്യത്തില്‍ വിജയവും പരാജയവുമുണ്ടാവും. വളരക്കാലത്തിന് ശേഷമാണ് തോല്‍പ്പിക്കപ്പെടുന്നത്. അതിനാല്‍ ജനവിധി മര്യാദയോടെ സ്വീകരിക്കണം. ഒഡിഷയിലെ നാലരക്കോടി ജനങ്ങള്‍ എന്റെ കുടുംബമാണ്. അവരെ കഴിയാവുന്ന വിധത്തിലെല്ലാം സഹായിക്കും', അദ്ദേഹം വ്യക്തമാക്കി.