തെലങ്കാനസംസ്ഥാനം യാഥാർഥ്യമാവുന്നത് വൈകിച്ച കോൺഗ്രസിനെ ഈ തിരഞ്ഞെടുപ്പോടെ ബംഗാൾ ഉൾക്കടലിൽ തള്ളണമെന്നാണ് ബി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖര റാവു വോട്ടർമാരോട് ആഹ്വാനംചെയ്യുന്നത്. അതത്ര എളുപ്പമല്ലെന്ന് ഹൈദരാബാദിലെത്തുമ്പോൾത്തന്നെ മനസ്സിലാവും. ആന്ധ്രാപ്രദേശ് വിഭജിച്ചുണ്ടായ തെലങ്കാനയ്ക്ക് കടൽത്തീരമില്ല എന്നതു മാത്രമല്ല കാരണം. വിഭജനത്തോടെ രണ്ടുസംസ്ഥാനത്തുനിന്നും പുറംതള്ളപ്പെട്ട കോൺഗ്രസ് തെലങ്കാനയിലെങ്കിലും കരുത്തുവീണ്ടെടുത്ത് തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. തുടർച്ചയായി മൂന്നാംവട്ടവും മുഖ്യമന്ത്രിസ്ഥാനത്തെത്തണമെങ്കിൽ അനുയായികൾ കെ.സി.ആർ. എന്നു വിളിക്കുന്ന ചന്ദ്രശേഖര റാവുവിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

To advertise here,

തെലങ്കാനയ്ക്കുവേണ്ടി വർഷങ്ങളോളം പടനയിച്ച കെ.സി.ആറിന് പുതിയസംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിസ്ഥാനം ലഭിച്ചതിൽ അതിശയം ഒട്ടുമില്ല. 2014-ലെ ആദ്യതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 119 സീറ്റിൽ 63-ലും പിന്നീട് ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) എന്നു പേരുമാറ്റിയ ടി.ആർ.എസ്. ജയിച്ചു. കോൺഗ്രസിന് 21 സീറ്റുകൊണ്ടും തെലുഗുദേശത്തിന് 15 സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടിവന്നു. കാലാവധി പൂർത്തിയാവാൻ ഒമ്പതുമാസം ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് 2018-ൽനടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിലാണ് കെ.സി.ആർ. ശരിക്കും ഞെട്ടിച്ചത്. നേരത്തേ ശത്രുക്കളായിരുന്ന കോൺഗ്രസും തെലങ്കാന ജനസമിതിയും തെലുഗുദേശവും സി.പി.ഐ.യും മുന്നണിയുണ്ടാക്കി മത്സരിച്ചിട്ടും കെ.സി.ആർ. ഭൂരിപക്ഷം വർധിപ്പിച്ചു. തനിച്ചുമത്സരിച്ച ടി.ആർ.എസിന് 88 സീറ്റുകിട്ടി. കോൺഗ്രസിന്റെ സീറ്റ് 19 ആയും തെലുഗുദേശത്തിന്റേത് രണ്ടായും കുറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിലെയും ടി.ഡി.പി.യിലെയും എം.എൽ.എ.മാർ ചേക്കേറിയതോടെ നിയമസഭയിൽ ടി.ആർ.എസിന്റെ അംഗബലം നൂറുകവിഞ്ഞു.

ക്ഷേമപദ്ധതികളുടെ പെരുമഴ

കെ.സി.ആർ. എന്ന മുഖ്യമന്ത്രിയുടെ ഭരണമികവുതന്നെയാണ് ബി.ആർ.എസിന് വർധിച്ച ഭൂരിപക്ഷത്തോടെ തുടർഭരണം സമ്മാനിച്ചത്. ഒരുവശത്ത് ശതകോടികൾ ചെലവിട്ട് അദ്ദേഹം വൻകിട വികസനപദ്ധതികൾ നടപ്പാക്കി. റോഡുകളും പാലങ്ങളും തരിശുനിലങ്ങളെ ഹരിതാഭമാക്കിയ ജലസേചനപദ്ധതികളും വന്നു. രാജ്യത്ത് ഏറ്റവുമുയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമായി തെലങ്കാനമാറി. മറുവശത്ത് പാവങ്ങൾക്കുവേണ്ടി ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ചു. ഒരുകാലത്ത് സൗജന്യങ്ങളെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത ആരുമുണ്ടാവില്ല തെലങ്കാനയിൽ. കർഷകർ, നവവധുക്കൾ, അമ്മമാർ, വയോധികർ, തൊഴിൽരഹിതർ, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ എല്ലാവരും ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പത്തുവർഷംമുമ്പ് നിലവിൽവന്ന, രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനം ക്ഷേമപദ്ധതികൾക്കായി ഒരു വർഷം ഏതാണ്ട് 52,000 കോടി രൂപയാണ് ചെലവിടുന്നത്.

കർഷകർക്ക് വർഷംതോറും ഒരേക്കറിന് 10,000 രൂപ വീതം നൽകുന്ന റൈത്തുബന്ധു പദ്ധതിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. വരുമാനപരിധിയോ ഭൂപരിധിയോ ഇല്ലാത്ത ഈ പദ്ധതിയനുസരിച്ച് പത്തേക്കർ ഭൂമി കൈവശമുള്ള ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപയെത്തും. 1.43 കോടി ഏക്കർ കൃഷിഭൂമിയുള്ള തെലങ്കാനയിലെ 50.25 ലക്ഷം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. അവിഭക്ത ആന്ധ്രയിൽ 200 രൂപയായിരുന്ന വയോജന പെൻഷൻ ഇപ്പോൾ മാസം 2016 രൂപയാണ്. പെൻഷൻ കിട്ടാനുള്ള പ്രായപരിധി 60 വയസ്സിൽനിന്ന് 57 വയസ്സായി കുറയ്ക്കുകയും ചെയ്തു. കല്യാണ ലക്ഷ്മി അഥവാ ശാദി മുബാറക് പദ്ധതിയനുസരിച്ച് പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി സർക്കാർ 1,00,116 രൂപ നൽകുന്നു. പ്രസവം നടന്നയുടൻ അമ്മയ്ക്കു കുഞ്ഞിനും വേണ്ട സാധനങ്ങളടങ്ങിയ കെ.സി.ആർ. കിറ്റ് ലഭിക്കും. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കുമായി ആരോഗ്യലക്ഷ്മി, 80 ലക്ഷം വീടുകളിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള മിഷൻ ഭാഗീരഥ എന്നിങ്ങനെ പദ്ധതികൾ വേറെയും പലതുണ്ട്.

കർണാടക കാറ്റ്

ഒമ്പതുവർഷം തുടർച്ചയായി ഭരണത്തിലിരുന്നാൽ ഏതൊരു കക്ഷിക്കും സംഭവിക്കാവുന്ന അപചയം ബി.ആർ.എസിനും സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പരമാധികാരം കെ.സി.ആർ. കുടുംബത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മകൻ കെ.ടി. രാമറാവു മന്ത്രിയും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാണ്. അനന്തരവൻ ഹരീഷ് റാവുവാണ് ധനമന്ത്രി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മകൾ കവിത എം.എൽ.സി.യാണ്. തെലങ്കാനയെ കെ.സി.ആർ. കുടുംബസ്വത്താക്കിമാറ്റിയെന്ന പരാതി പ്രതിപക്ഷത്തിനു മാത്രമല്ല, ബി.ആർ.എസ്. പ്രവർത്തകർക്കുമുണ്ട്. വൻകിട ഇടപാടുകളിലൂടെ ഈ കുടുംബം കോടികൾ കൈക്കലാക്കുന്നതായി ആരോപണമുയരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കോൺഗ്രസ് ഇതെല്ലാം മുതലെടുക്കാൻ രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വീറുറ്റതാക്കുന്നത്. കർഷകർക്കുള്ള സഹായം ഏക്കറിന് 10,000 രൂപയിൽനിന്ന് 15,000 ആക്കുമെന്നും വയോജന പെൻഷൻ 4000 രൂപയാക്കുമെന്നും കോൺഗ്രസ് പറയുന്നു. ഇതടക്കം ആറ് ഉറപ്പുകളാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ് എന്നതിന് മാതൃകയായി കോൺഗ്രസിനുമുന്നിൽ കർണാടകത്തിന്റെ ഉദാഹരണവുമുണ്ട്.

കോൺഗ്രസിനായി സുനിൽ കനഗോലു

കർണാടകത്തിലെ ജയമാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത്. പാർട്ടി അധ്യക്ഷൻ കെ. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച് പ്രബല റെഡ്ഡി വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുന്നു. നിയമസഭാകക്ഷി നേതാവ് മല്ലു ഭാട്ടി വിക്രമാർക്കയെ മുന്നിൽനിർത്തി പിന്നാക്കവിഭാഗങ്ങളെ കൈയിലെടുക്കുന്നു. ദേശീയതലത്തിൽ കോൺഗ്രസാണ് പ്രതീക്ഷ എന്നതോന്നൽ തെലങ്കാനയിലുണ്ട്. തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ സുനിൽ കനഗോലുവാണ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്. ന്യൂനപക്ഷവോട്ടുകളും ആന്ധ്രയിൽനിന്നുള്ളവരുടെ വോട്ടും ഇത്തവണ കോൺഗ്രസിനു വീഴുമെന്നാണ് പ്രതീക്ഷ. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അനിഷേധ്യനേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിളയുടെ പാർട്ടി കോൺഗ്രസിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.

ഒരുകൈനോക്കാൻ ബി.ജെ.പി.

പക്ഷേ, ഭരണവിരുദ്ധവികാരത്തിന്റെ പ്രയോജനം പൂർണമായി കോൺഗ്രസിന് ലഭിക്കില്ലെന്ന് ഉറപ്പുവരുത്താൻ ബി.ആർ.എസ്. ശ്രമിക്കുന്നുണ്ട്. സർക്കാരിനെതിരായ വോട്ടിൽ ഒരുപങ്ക് ബി.ജെ.പി.ക്കും ചെറുകക്ഷികൾക്കുമിടയിൽ വിഭജിച്ചുപോകും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഏഴുശതമാനം വോട്ടുവിഹിതമാണ് ബി.ജെ.പി.ക്ക് കിട്ടിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റിൽ നാലെണ്ണം നേടുകയും ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം കാഴ്ചവെക്കുകയുംചെയ്ത ബി.ജെ.പി. പക്ഷേ, അതിനുശേഷം താഴേക്കാണുപോയി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റായി നിയമിച്ചത്. ദേശീയനേതാക്കളെയിറക്കി പ്രചാരണകോലാഹലമഴിച്ചുവിടുന്നുണ്ടെങ്കിലും ചിലമണ്ഡലങ്ങളിൽ മാത്രമാണ് ശക്തമായ ത്രികോണമത്സരം കാഴ്ചവെക്കാൻ ബി.ജെ.പി.ക്കു കഴിയുന്നത്. കോൺഗ്രസ് അധികാരത്തിൽവരാതിരിക്കുകയെന്നതാണ് ബി.ജെ.പി.യുടെ പ്രധാന അജൻഡ എന്നതുകൊണ്ട് ബി.ആർ.എസിന്റെ ബി ടീം ആണെന്ന ആരോപണം അവർക്ക് നേരിടേണ്ടിവരുന്നുണ്ട്. തനിച്ചുമത്സരിച്ച് ഹൈദരാബാദിലെ ഏഴുസീറ്റ്‌ നിലനിർത്തിവരുന്ന മജ്‌ലിസ് പാർട്ടി മറ്റുസീറ്റുകളിൽ ബി.ആർ.എസിനെ പിന്തുണയ്ക്കുന്നുണ്ട്. നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി ബി.ജെ.പി.ക്കൊപ്പമാണ്.