
പുതിയസംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്നാവും എന്നായിരുന്നു തെലങ്കാന പ്രക്ഷോഭസമയത്ത് സമരനായകൻ കെ. ചന്ദ്രശേഖര റാവു നൽകിയ വാഗ്ദാനം. എന്നാൽ, മുന്നാക്ക വെളമ വിഭാഗക്കാരനായ കെ.സി.ആർ. തന്നെയാണ് സർവസമ്മതനായി മുഖ്യമന്ത്രിസ്ഥാനത്തെത്തിയത്. തെലങ്കാന വികാരമുണർത്തി എല്ലാ ജാതി, മതവിഭാഗങ്ങളെയും ഒപ്പംനിർത്താനായതുകൊണ്ടാണ് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ പാർട്ടി തിളങ്ങുന്ന ജയംനേടിയത്. എല്ലാ വിഭാഗങ്ങളിലേക്കുമെത്തുന്ന ക്ഷേമപദ്ധതികൾക്കും ബി.ആർ.എസ്. സർക്കാർ രൂപംനൽകി. ക്ഷേമപദ്ധതികളുടെ രാഷ്ട്രീയത്തിനൊപ്പം ജാതിസമവാക്യങ്ങളിലെ മാറിമറച്ചിലുകളാവും ഈ തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണയിക്കുക.
തെലങ്കാനയിലെ ജനസംഖ്യയിൽ 55 ശതമാനവും പിന്നാക്കവിഭാഗങ്ങളിൽപ്പെടുന്നവരാണ്. 25 ശതമാനം പേർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 12 ശതമാനം മുസ്‌ലിങ്ങളും. എന്നാൽ, ആറോ ഏഴോ ശതമാനംമാത്രംവരുന്ന മുന്നാക്ക റെഡ്ഡി, വെളമ വിഭാഗങ്ങൾക്കാണ് രാഷ്ട്രീയത്തിലും ബിസിനസിലും ഭൂ ഉടമസ്ഥതയിലും ആധിപത്യം. മറ്റുസംസ്ഥാനങ്ങളിൽ ‘ഇന്ത്യ’ സഖ്യം ജാതിസെൻസസ് തിരഞ്ഞെടുപ്പുവിഷയമായി ഉയർത്തിയപ്പോൾ തെലങ്കാനയിൽ കോൺഗ്രസോ ബി.ആർ.എസോ അത് ചർച്ചാവിഷയമാക്കാത്തതിനു കാരണവും അതുതന്നെ. തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ പിന്നാക്കവിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്നും പട്ടികജാതിയിൽപ്പെട്ട മാദിക വിഭാഗത്തിന് പ്രത്യേക സംവരണം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് ബി.ജെ.പി.യാണ് ഇവിടെ പിന്നാക്ക കാർഡ് ഇറക്കിയിരിക്കുന്നത്. ബി.ആർ.എസും കോൺഗ്രസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ പക്ഷേ, ബി.ജെ.പി.യുടെ ഈ പ്രഖ്യാപനത്തിന് വലിയ പ്രസക്തിയൊന്നുമില്ല. ഒമ്പതരവർഷം തെലങ്കാനയിൽ ആധിപത്യംപുലർത്തിയ ബി.ആർ.എസിന്റെ വോട്ടുബാങ്കിലെ വിള്ളലുകളും തകർച്ചയിൽനിന്ന് ഉയിർത്തെഴുന്നേറ്റ കോൺഗ്രസിന്റെ വളർച്ചയുമാണ് തെലങ്കാനയിൽ ദൃശ്യമാകുന്നത്.
വികസനബലത്തിൽ ബി.ആർ.എസ്.
ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്നപ്പോൾ തെലങ്കാനയിലെ ഹൈദരാബാദ് ഒഴികെയുള്ള പ്രദേശങ്ങൾ തീർത്തും പിന്നാക്കാവസ്ഥയിലായിരുന്നു. ഇന്നത്തെ ആന്ധ്രയിൽനിന്നുള്ള ഭരണകർത്താക്കൾ അവിടത്തെ നഗരങ്ങളിലേക്കാണ് പണമൊഴുക്കിയത്. തെലങ്കാനാ സംസ്ഥാനമെന്ന ആവശ്യത്തിന് കരുത്തുപകർന്നത് ഈ അസന്തുലിത വികസനം തന്നെയായിരുന്നു. കഴിഞ്ഞ ഒമ്പതരവർഷംകൊണ്ട് വികസനപ്രവർത്തനങ്ങളുടെ ഗുണം സംസ്ഥാനത്തിന്റെ ഓരോഭാഗത്തും ദൃശ്യമാക്കാൻ കഴിഞ്ഞു എന്നതാണ് കെ.സി.ആറിന്റെ നേട്ടം. ഈ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ബി.ആർ.എസിന്റെ പ്രചാരണം. താരപ്രചാരകനായ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നെത്തി സംസ്ഥാനത്ത് 96 റാലികളിൽ പ്രസംഗിച്ചു.
ഉയിർത്തെഴുന്നേറ്റ് കോൺഗ്രസ്
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. കേന്ദ്രത്തിലും കോൺഗ്രസ് അവിഭക്ത ആന്ധ്രാപ്രദേശിലും ഭരണം നടത്തുമ്പോഴാണ് തെലങ്കാനസംസ്ഥാനം നിലവിൽവരുന്നത്. ആന്ധ്രാവിഭജനത്തോടെ രണ്ടു സംസ്ഥാനങ്ങളുടെയും ഭരണം കോൺഗ്രസിന് നഷ്ടമായി. ഒമ്പതുവർഷത്തോളം ഉറങ്ങിക്കിടന്ന കോൺഗ്രസ് തിരിച്ചുവരവിന് നടത്തുന്ന ശ്രമങ്ങൾ പ്രചാരണരംഗത്ത് പ്രകടമാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർക്ക നടത്തിയ പദയാത്രയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി നടത്തിയ വിജയഭേരി യാത്രയുമാണ് സംസ്ഥാനത്ത് കോൺഗ്രസിനെ ഉണർത്തിയത്. കർണാടക തിരഞ്ഞെടുപ്പ് വിജയം ആവേശം പകരുകയും ചെയ്തു. രേവന്തിലൂടെ റെഡ്ഡി വിഭാഗത്തിന്റെയും ഭട്ടിയിലൂടെ പിന്നാക്കവിഭാഗത്തിന്റെയും പിന്തുണതേടുന്ന കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും രേവന്തിനുതന്നെയാണ് സാധ്യതകല്പിക്കപ്പെടുന്നത്. വികസനപദ്ധതികളിലെ പാകപ്പിഴവുകളും അഴിമതിയും ഉയർത്തിക്കാണിച്ചും കൂടുതൽ മെച്ചപ്പെട്ട പദ്ധതികൾ വാഗ്ദാനംചെയ്തുമാണ് പ്രചാരണം. ഭരണംകിട്ടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. പക്ഷേ, താഴേത്തട്ടിലെ സംഘടനാദൗർബല്യം പരിഹരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
മുന്നേറ്റം പ്രതീക്ഷിച്ച് ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമന്ത ശർമയും പങ്കെടുത്ത പടുകൂറ്റൻ റാലികളായിരുന്നു ബി.ജെ.പി. പ്രചാരണത്തിന്റെ സവിശേഷത. തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്തുകളയുമെന്നും ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കിമാറ്റുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ഏഴുശതമാനം വോട്ടും മാത്രം നേടിയ ബി.ജെ.പി. അതിനുശേഷംനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പിലും മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, തീപ്പൊരിനേതാവായിരുന്ന ബന്ദി സഞ്ജയ് കുമാറിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തകരുടെ ആവേശം തണുപ്പിച്ചു. എങ്കിലും 40 സീറ്റിലെങ്കിലും ശക്തമായ ത്രികോണമത്സരം കാഴ്ചവെക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. സീറ്റിന്റെ എണ്ണത്തിലും വോട്ടുനിലയിലും ബി.ജെ.പി. നല്ലമുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. 2014 മുതൽ ഏഴുവർഷം തെലങ്കാനയിൽ ബി.ജെ.പി.യുടെ പ്രഭാരിയായിരുന്നു കൃഷ്ണദാസ്. പരസ്യമായി വാക്‌പോരിൽ ഏർപ്പെടുന്നുണ്ടെങ്കിലും ബി.ആർ.എസും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നുണ്ട്.
മത്സരം ഫോട്ടോ ഫിനിഷിലേക്ക്
തെലങ്കാനവികാരവും ഇളക്കിവിട്ടും ക്ഷേമപദ്ധതികൾ കൊണ്ടുവന്നുമാണ് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ബി.ആർ.എസ്. വിജയംനേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴാണ് റൈത്തു ബന്ധു പദ്ധതിപ്രകാരം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ 12,000 കോടി രൂപ നൽകിയത്. ഇത്തവണ വോട്ടെടുപ്പിന് തൊട്ടുമുമ്പത്തെ പണംകൈമാറ്റം തിരഞ്ഞടുപ്പു കമ്മിഷൻ തടഞ്ഞു. അത് ആരോപണപ്രത്യാരോപണങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. ‘‘പ്രതിശീർഷവരുമാനം ഉയർന്നെങ്കിലും സംസ്ഥാനത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അധികാരകേന്ദ്രീകരണത്തോടൊപ്പം അഴിമതിയും കുതിച്ചുയർന്നു. അതുകൊണ്ടുതന്നെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ’’ - ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകൻ ഡോ. വി.ജെ. വർഗീസ് പറഞ്ഞു.
ഒ.ബി.സി., പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വോട്ട് ഇത്തവണ ബി.ആർ.എസിൽനിന്നു ചോരുമെന്നാണ് കരുതുന്നത്. ഇതുവരെ ബി.ആർ.എസിനു കിട്ടിയിരുന്ന മുസ്‌ലിം വോട്ടിൽ വലിയൊരുപങ്ക് ഇത്തവണ കോൺഗ്രസിലേക്കുപോകും. ബി.ആർ.എസിന് വോട്ടുനഷ്ടവും കോൺഗ്രസിന് മികച്ചനേട്ടവും ലഭിക്കുമെങ്കിലും അത് ഭരണമാറ്റത്തിലേക്ക് നയിക്കുമോ എന്ന് ഉറപ്പില്ല. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ എം.എൽ.എ.മാരെ വിലയ്ക്കെടുത്ത് ഭരണം നിലനിർത്താൻ ബി.ആർ.എസിന് കഴിയും. ഹൈദരാബാദിലെ ഏഴു സീറ്റ് നിലനിർത്തിവരുന്ന അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌സിലെ ഇത്തിഹാദുൽ മുസിലിമി(എ.ഐ.എം.ഐ.എം.)ന്റെ പിന്തുണയും ബി.ആർ.എസിന് ലഭിക്കും.
Content Highlights: telangana election 2023
Published: 30 Nov 2023, 04:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented