കുണ്ടുംകുഴിയുമില്ലാത്ത വീതിയേറിയ റോഡുകളാണ് തെലങ്കാനയിലെങ്ങും. ഹൈദരാബാദിൽനിന്ന് രാമഗുണ്ടത്തേക്കുള്ള പാതയിൽ 70 കിലോമീറ്ററോളം പിന്നിടുമ്പോൾ, റോഡിന്റെ മിനുമിനുപ്പ് ഒന്നുകൂടി വർധിക്കും. അപ്പോൾ ഉറപ്പിക്കാം, ഗജ്‌വേൽ എത്തി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ സ്വന്തം മണ്ഡലം.

To advertise here,

ഇരുവശത്തും തണൽമരങ്ങളും നടുവിൽ അലങ്കാരച്ചെടികളും പിടിപ്പിച്ച മനോഹരമായ പാതകൾ, വൃത്തിയും വെടിപ്പുമുള്ള ആതുരാലയങ്ങൾ, വിശാലമായ കർഷകച്ചന്തകൾ, സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സമുച്ചയങ്ങൾ, 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി, എല്ലാ വീട്ടിലും പൈപ്പിലൂടെ ശുദ്ധജലം... സിദ്ദിപ്പേട്ട് ജില്ലയിലെ ഗജ്‌വേൽ മണ്ഡലത്തിൽ ആസൂത്രിതനഗരത്തിൽകിട്ടുന്ന സൗകര്യങ്ങളെല്ലാമുണ്ട്. ‘‘പത്തുവർഷംമുമ്പ് ഇതൊരു കുഗ്രാമമായിരുന്നു. തെലങ്കാനസംസ്ഥാനം വരുകയും കെ.സി.ആർ. ഇവിടെനിന്ന് ജയിച്ച് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് എല്ലാം മാറിയത്.’’ -ചന്തയിൽ കാർഷികോത്‌പന്നങ്ങളുമായെത്തിയ വണ്ടിയുടെ ഡ്രൈവർ നവീൻ പറഞ്ഞു. ശതകോടികൾ ചെലവിട്ടാണ് സ്വന്തം മണ്ഡലത്തെ കെ.സി.ആർ. ഇങ്ങനെ മാറ്റിയെടുത്തത്. തെലങ്കാനയുടെ കുടുംബനാഥൻ എന്നാണ് കെ.സി.ആറിനെ ബി.ആർ.എസ്. പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജ്‌വേലിന്റെ നാഥനാണ് അദ്ദേഹം എന്നകാര്യത്തിൽ മണ്ഡലത്തിൽ ആർക്കും സംശയമില്ല.

കഴിഞ്ഞദിവസം ഗജ്‌വേലിലെത്തുമ്പോൾ കെ.സി.ആർ. അകലെ മുളുഗുവിൽ പ്രജാ ആശിർവാദ യാത്രയിലായിരുന്നു. സിദ്ധിപ്പേട്ട് കോനപ്പള്ളിയിലെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ ദർശനംനടത്തി നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞാൽ, വോട്ടുചോദിച്ച് മണ്ഡലത്തിൽ പോകേണ്ട ആവശ്യം കെ.സി.ആറിനില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനദിവസമേ അദ്ദേഹം ഗജ്‌വേലിലെത്തൂ. 1983-ൽ തെലുഗുദേശം ടിക്കറ്റിൽ മത്സരിച്ച ആദ്യതിരഞ്ഞെടുപ്പിലേ അദ്ദേഹം പരാജയമറിഞ്ഞിട്ടുള്ളൂ. പിന്നീട് സിദ്ദിപ്പേട്ടിൽനിന്ന് പലതവണ എം.പി.യായി. തെലങ്കാന സംസ്ഥാനം വന്നപ്പോൾ ഗജ്‌വേലിലേക്കുമാറി എം.എൽ.എ.യും മുഖ്യമന്ത്രിയുമായി. 2014-ലെ തിരഞ്ഞെടുപ്പിൽ 19,391 ആയിരുന്ന ഭൂരിപക്ഷം 2018-ൽ 58,000 ആയി വർധിച്ചു. എന്നിട്ടും ഇത്തവണ ആദ്യമായി കെ.സി.ആർ. രണ്ടുമണ്ഡലങ്ങളിൽനിന്നു മത്സരിക്കുന്നു. പതിവുമണ്ഡലമായ ഗജ്‌വേലിലും ജന്മനാടായ കാമാറെഡ്ഡിയിലും. പരാജയഭീതി കാരണമാണ് ഇതെന്ന് എതിരാളികൾ പറയുന്നുണ്ടെങ്കിലും ബി.ആർ.എസ്. പ്രവർത്തകർ അത് ചിരിച്ചുതള്ളുന്നു. ദക്ഷിണേന്ത്യയിൽ തുടർച്ചയായി മൂന്നുതവണ അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി കെ.സി.ആർ. മാറുമെന്ന് അവർക്കുറപ്പുണ്ട്.

പക്ഷേ, ഒരുകാലത്ത് കെ.സി.ആറിന്റെ വലംകൈയായിരുന്ന ഈട്ടല രാജേന്ദർ എതിർസ്ഥാനാർഥിയായി എത്തിയതോടെ ഗജ്‌വേലിൽ മത്സരം കടുത്തിട്ടുണ്ടെന്നത് സത്യമാണ്. കെ.സി.ആറിന്റെ മന്ത്രിസഭാംഗമായിരുന്ന രാജേന്ദർ രണ്ടു വർഷംമുമ്പാണ് ബി.ആർ.എസ്. വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഗജ്‌വേലിൽ മത്സരിച്ച് കെ.സി.ആറിനെ തോൽപ്പിക്കുമെന്ന് അന്നേ അദ്ദേഹം പ്രഖ്യാപിച്ചതാണ്. മണ്ഡലത്തിലെ പ്രബല മുദിരാജ് സമുദായാംഗമാണ് എന്നതാണ് രാജേന്ദറിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. ഗജ്‌വേലിനുപുറമേ ഹുസുർനഗറിലും രാജേന്ദർ മത്സരിക്കുന്നത് പരാജയം ഉറപ്പായതുകൊണ്ടല്ലേയെന്ന് ബി.ആർ.എസ്. പ്രവർത്തകർ ചോദിക്കുന്നു. മൂന്നുതവണ ഹുസൂർനഗറിൽനിന്നു ജയിച്ചിട്ടുള്ളയാളാണ് രാജേന്ദർ. ബി.ആർ.എസിൽപ്പോയി തിരിച്ചുവന്ന മുൻ എം.എൽ.എ. തുംകുണ്ട നർസ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. ഈ നാട്ടുകാരനാണ് എന്നതിലാണ് റെഡ്ഡിയുടെ പ്രതീക്ഷ.

ഗജ്‌വേലിലെ നാട്ടുകാരോട് തിരഞ്ഞെടുപ്പിനെപ്പറ്റി ചോദിക്കുമ്പോൾ കെ.സി.ആർ., കെ.സി.ആർ. എന്നുമാത്രമേ പറയാനുള്ളൂ. പക്ഷേ, ചിലകോണുകളിൽനിന്ന് കടുത്ത എതിർപ്പുയരുന്നുണ്ട്. മല്ലണ്ണസാഗർ അണക്കെട്ടിന്റെയും കൊണ്ടപൊച്ചമ്മ കനാലിന്റെയും നിർമാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ടവരും തൊഴിൽതേടുന്ന യുവാക്കളുമാണ് അവരിലേറെയും. ‘‘ഭൂമി വിട്ടുകൊടുത്തവർക്ക് ഉപജീവനമാർഗമാണ് നഷ്ടമായത്. കുറെ റോഡും കെട്ടിടങ്ങളും പണിതു എന്നല്ലാതെ യുവാക്കൾക്ക് തൊഴിൽനൽകാൻ കെ.സി.ആറിന് കഴിഞ്ഞിട്ടില്ല. വികസനപ്രവർത്തനങ്ങളുടെ മറവിൽ ഭരണകക്ഷി കോടികളുടെ റിയൽ എസ്‌റ്റേറ്റ് ഇടപാടാണ് നടത്തുന്നത്.’’ -രംഗാ റെഡ്ഡിയിലെ സർപഞ്ച് വർഗൽ മണ്ഡൽ രോഷംകൊണ്ടു. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കാൻ നൂറിലേറെ യുവാക്കളാണ് കെ.സി.ആറിനെതിരേ ഗജ്‌വേലിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. അതിൽ 44 പേർ മത്സരരംഗത്തുണ്ട്. 236 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുതോറ്റ തമിഴ്‌നാട്ടിൽനിന്നുള്ള കെ. പത്മരാജനും സ്ഥാനാർഥിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് രാഹുൽ ഗാന്ധിക്കെതിരേയും പത്മരാജൻ മത്സരിച്ചിരുന്നു.