
സംസ്ഥാനത്തുടനീളം അലയടിച്ച ഭരണവിരുദ്ധവികാരം, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉയര്‍ന്നുവന്ന ബെറ്റിങ് ആപ്പ് വിവാദം, ബി.ജെ.പി. തുടരെത്തുടരെ ആയുധമാക്കിയ പി.എസ്.സി., മദ്യ,ഘനന അഴിമതി ആരോപണങ്ങള്‍, ഇവയൊക്കെ തീര്‍ത്ത പ്രതിരോധത്തെ മറികടന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ അമിതാത്മവിശ്വാസമാണ് ഛത്തീസ്ഗഢില്‍ തകര്‍ന്നുവീണത്. 'കാകാ അഭീ സിന്ദാ ഹേയ്' എന്നുപറയുന്ന ലാഘവത്തോടെ കിട്ടിയ കസേര മുറുകെപിടിക്കാനാകുമെന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ പ്രതീക്ഷയും വെള്ളത്തിലായി.
ഛത്തീസ്ഗഢില്‍ ഇക്കുറിയും കോണ്‍ഗ്രസിന്റെ ത്രിവര്‍ണം പാറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഉറപ്പു പറഞ്ഞപ്പോള്‍ കഴിഞ്ഞ തവണ വേരടര്‍ന്ന താമര ഉയിര്‍ത്തെഴുന്നേറ്റ അട്ടിമറിക്കാണ് ഛത്തീസ്ഗഢ് സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാകും ഇത്തരമൊരട്ടിമറിയുണ്ടാകുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഒരുപോലെ കോണ്‍ഗ്രസിന് അനുകൂലം. ഒരുപക്ഷേ കോണ്‍ഗ്രസ്സുകാര്‍ തന്നെ പകച്ചുപോയ പ്രവചനം. പക്ഷേ ഛത്തീസ്ഗഢിലെ കാറ്റ് ഗതിമാറി വീശി കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കൊടുംങ്കാറ്റാകുമെന്നത് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു.
കോണ്‍ഗ്രസിനെ കടപുഴക്കാന്‍ ബി.ജെ.പി. തൊടുത്തുവിട്ട കൂരമ്പുകളെല്ലാം നിഷ്പ്രഭമാക്കാന്‍ ബാഘേലിന്റെ ജനപ്രീതിയും സംസ്ഥാനത്ത് നടപ്പാക്കിയ കര്‍ഷകക്ഷേമപദ്ധതികളും സഹായിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയടക്കം വിശ്വാസം. ബി.ജെ.പി.ക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കരുത്തനായ ഒരു നേതാവോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ ഇല്ലായെന്നതും തങ്ങള്‍ക്ക് തുണയാകുമെന്ന് കോണ്‍ഗ്രസ് കരുതി. പക്ഷേ ഹിന്ദിഹൃദയഭൂമിയാകെ അലയടിച്ച മോദിപ്രഭാവം കോണ്‍ഗ്രസിന്റെ എല്ലാ ആയുധങ്ങളെയും നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ളതായിരുന്നു എന്ന് വേണം കരുതാന്‍.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെതിരെ ബെറ്റിങ് ആപ്പിന്റെ രൂപത്തില്‍ ഇ.ഡി. ഇട്ട ബോംബ് തന്നെയാണ് ബി.ജെ.പി.യെ തുണച്ചത് എന്നതില്‍ സംശയമില്ല. മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് ബാഘേല്‍ 508 കോടി കൈപറ്റിയെന്നും ആ ഹവാല പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നുമുള്ള ഇ.ഡി. വെളിപ്പെടുത്തലാണ് ബാഘേലിനും കോണ്‍ഗ്രസിനും തിരിച്ചടിയായത്. മത്സരരംഗത്ത് ഹമര്‍രാജ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ സാന്നിധ്യവും കോണ്‍ഗ്രസിന് മാത്രം ലഭിച്ചുകൊണ്ടിരുന്ന ആദിവാസി വോട്ടുകള്‍ ഭിന്നിച്ചു പോകുന്നതിനും കോണ്‍ഗ്രസിന്റെ നല്ലൊരു ശതമാനം വോട്ടുവിഹിതം കുറയുന്നതിനുമിടയാക്കിയിട്ടുണ്ട്. ഭരണകക്ഷിയിലെ എം.എൽ.എ.മാർക്കെതിരെയുയർന്ന ഭരണവിരുദ്ധവികാരം, പാർട്ടിനേതൃത്വത്തിനിടയിൽ തന്നെ നിലനിന്ന ഭിന്നതയും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം കോൺഗ്രസിൻ്റെ അടിതെറ്റിച്ചതായി കരുതാം.
കഴിഞ്ഞ കുറച്ചധികം നാളുകളായി കടുത്തക്ഷീണത്തിലായ കോണ്‍ഗ്രസിന്റെ അവശേഷിച്ച തുരുത്തുകളിലൊന്നായിരുന്നു ഛത്തീസ്ഗഢ്. 2018-ല്‍ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നെല്‍പ്പിച്ച ബാഘേലിന് ഇത്തവണ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ബി.ജെ.പി.യെ വരിഞ്ഞ കെട്ട് മുറുക്കാനാകുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയാണ് വൃഥാവിലായത്.
അരി രാഷ്ട്രീയം മുറുകെ പിടിച്ച കോണ്‍ഗ്രസ്; തുണയ്ക്കാതെ കര്‍ഷകാശ്വാസ പദ്ധതികളും
മധ്യേന്ത്യയുടെ നെല്ലറയായ, ജനസംഖ്യയുടെ സിംഹഭാഗവും കര്‍ഷകരായ ഛത്തീസ്ഗഢ് പോലെയൊരു സംസ്ഥാനത്തില്‍ കര്‍ഷകവോട്ടുകള്‍ നിര്‍ണായകമാണ്. നെല്‍കൃഷിയും നെല്ലും അരിയുമൊക്കെയാണ് ഛത്തീസ്ഗഢിലെ സാധാരണ മനുഷ്യരുടെ നിലനില്‍പ്പിന്റെ അടയാളങ്ങളും. 4.78 മില്യന്‍ ഹെക്ടറിലാണ് ഛത്തീസ്ഗഢില്‍ കൃഷിസ്ഥലമുള്ളത്. ഇതില്‍ 68.8 ശതമാനം പ്രദേശത്ത് നെല്‍ക്കൃഷിയാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ ഛത്തീസ്ഗഢില്‍ നെല്ലും അരിയും നെല്ലിന്റെ താങ്ങുവിലയുമെല്ലാം വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 2018-ല്‍ പതിനഞ്ച് വര്‍ഷം നീണ്ട ഭരണത്തില്‍ നിന്ന് രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കിയതും കര്‍ഷകരോഷമാണ്.
2018-ല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ആദ്യ ക്യാബിനറ്റില്‍ തന്നെ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ബാഘേല്‍ സര്‍ക്കാര്‍ നടപ്പാക്കി. ആ കാലയളവില്‍ തന്നെയാണ് രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന പദ്ധതിയിലൂടെ കര്‍ഷകരില്‍ നിന്ന് ക്വിന്റലിന് 2500 രൂപയ്ക്ക് സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. സംഭരണവില ക്രമേണ വര്‍ദ്ധിപ്പിച്ച് 2640 രൂപയാക്കി. കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും കോണ്‍ഗ്രസ് നിറവേറ്റി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസങ്ങള്‍ക്കുള്ളിലാണ് സംസ്ഥാനത്ത് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ചത്. 19.82 ലക്ഷം കര്‍ഷകരില്‍ നിന്നായി 9,270 കോടിയോളം രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
ഇത്തവണയും കോണ്‍ഗ്രസ് മുറുകെപിടിച്ചത് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം തന്നെ. അത് കര്‍ഷകവിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് സൃഷ്ടിച്ച ആധിപത്യം ചില്ലറയല്ല. കൂടാതെ, ബാഘേല്‍ കര്‍ഷകവിഭാഗമായ കുര്‍മിസമുദായത്തില്‍പ്പെട്ടയാളായതും കോണ്‍ഗ്രസിന് അടിവളമായി. ഇതേ അമ്പ് പൊടിതട്ടിയെടുത്താണ് ഇക്കുറിയും കോണ്‍ഗ്രസ് പോര്‍മുഖത്തെത്തിയത്. പക്ഷേ ഇത്തവണ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധവികാരം മറികടക്കാന്‍ കോണ്‍ഗ്രസിന്റെ കര്‍ഷകാശ്വാസപദ്ധതികള്‍ക്ക് കഴിഞ്ഞില്ല. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ നെല്ലുസംഭരണത്തുക ക്വിന്റലിന് 3100 രൂപയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചപ്പോള്‍ നൂറു രൂപ കൂടി കൂട്ടി 3200 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പക്ഷേ ആ വാഗ്ദാനവും തിരഞ്ഞെടുപ്പിൽ വിലപോയില്ല.
ജാതിസെൻസസും മറ്റു ജനക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും കോൺഗ്രസിന് ഛത്തീസ്ഗഢിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചില്ല. ബി.ജെ.പി.യുടെ ഹിന്ദുത്വനയത്തെ നേരിടാൻ പുറത്തിറക്കിയ മൃദുഹിന്ദുത്വയും ഗുണം ചെയ്തില്ല. രാം വൻ ഗമൻ ടൂറിസവും ഗോധൻ ന്യായ് യോജനയുമൊന്നും വേണ്ടവിധം കോൺഗ്രസിന് ഉപകാരപ്പെട്ടില്ല.
എതിരായി ആദിവാസികൾ; വെല്ലുവിളിയായി ഹമർരാജ് പാർട്ടി
എക്‌സിറ്റ് പോള്‍ ഫലങ്ങളെയാകെ കാറ്റില്‍ പറത്തി സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണമായത് ബി.ജെ.പി.യേക്കാളുപരി മുൻ കേന്ദ്രമന്ത്രിയും ആദിവാസി നേതാവുമായ അരവിന്ദ് നേതം രൂപം കൊടുത്ത ഹമർരാജ് പാർട്ടിയുടെ സാന്നിധ്യമാണ്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കുറയാന്‍ കാരണമായതിലെ പ്രധാനഘടകം ഹമർരാജ് ഉൾപ്പടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എക്കാലവും കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ച ആദിവാസി വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു എന്നതാണ് ഇക്കുറി കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഗോത്രമേഖലയായ ബസ്തറില്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും ആദിവാസി വിഭാഗവും തമ്മിലുടലെടുത്ത തര്‍ക്കമാണ് മുൻ കോൺഗ്രസ് നേതാവായ അരവിന്ദ് നേതം ഹമര്‍രാജ് പാര്‍ട്ടി രൂപികരിക്കാൻ കാരണമായതും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതും.
കഴിഞ്ഞ ജനുവരിയിലാണ് നാരായണ്‍പുരിലും കോണ്ടാഗാവിലും ആദിവാസി ഹിന്ദുവിഭാഗവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും തമ്മില്‍ തര്‍ക്കമുടലെടുക്കുന്നത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണങ്ങളിലേക്കും വഴിവെച്ചു. ഇരുവിഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ അറസ്റ്റിലായി.
സംഘര്‍ഷം പരിഹരിക്കാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പി.ക്കും കഴിഞ്ഞില്ല എന്ന വിമര്‍ശനം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. ഇതാണ് കോണ്‍ഗ്രസ് നേതാവായ അരവിന്ദ് നേതത്തെ പാര്‍ട്ടി വിടാനും പുതിയ പാര്‍ട്ടി രൂപീകരിക്കാനും പ്രേരിപ്പിച്ചതും. സര്‍വ ആദിവാസി സമാജ് എന്ന ഗോത്രസംഘടനയുടെ തലവന്‍ കൂടിയായ നേതം താന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുകയാണെന്ന് സെപ്റ്റംബറില്‍ ആഹ്വാനം ചെയ്തു. ജല്‍, ജമീന്‍, ജംഗിള്‍(ജലം, ഭൂമി, വനം) എന്ന ആഹ്വാനവുമായി എത്തിയ ഹമര്‍ രാജ് പാര്‍ട്ടി ആദിവാസി മേഖലകളില്‍ പഞ്ചായത്തീരാജ് വിപുലീകരണം നടത്തുമെന്ന ഉറപ്പും നല്‍കി.
ഛത്തീസ്ഗഢ് ജനസംഖ്യയുടെ 30 ശതമാനവും ആദിവാസി വിഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന്റെ ശക്തിയും ആദിവാസി വോട്ടുകളില്‍ നല്ലൊരു പങ്കും കോണ്‍ഗ്രസിലേക്ക് എത്തിയെന്നതായിരുന്നു. ഇത്തവണ 90-ല്‍ 50 സീറ്റുകളിലേക്കും ഹമര്‍ രാജ് പാര്‍ട്ടി മത്സരിച്ചു. ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് വോട്ടുകള്‍ ഭിന്നിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ എത്ര ഇടിവുണ്ടാക്കിയെന്നത് വ്യക്തമാണെല്ലോ.
വിവാദമായ ബെറ്റിങ് ആപ്പും ഹവാല പണവും
നവംബർ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് മഹാദേവ് ബെറ്റിങ് ആപ്പ് വിവാദം ബാഘേലിനെ പിടിമുറുക്കുന്നത്. ബാഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പണം കൈമാറാന്‍ ഇടനില നിന്നയാള്‍ മൊഴി നല്‍കിയെന്ന് ഇ.ഡി. അവകാശപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇ.ഡി. വെളിപ്പെടുത്തി. പിന്നാലെ ഹവാലപ്പണം കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചു എന്നാരോപണവുമായി ബി.ജെ.പി.യും രംഗത്തെത്തി. ഛത്തീസ്ഗഢിനെ കൊള്ളയടിക്കുന്നവർ മഹാദേവൻ്റെ പേര് പോലും വെറുതെവിടുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബാഘേലിൻ്റെ വോട്ടുവിഹിതത്തെ വിവാദം ബാധിച്ചില്ലെങ്കിൽ പോലും പാർട്ടിക്ക് രക്തസാക്ഷിയാകേണ്ടിവന്നു.
വെല്ലുവിളിയായ ഭരണവിരുദ്ധവികാരം
കോൺഗ്രസ് എം.എൽ.എ.മാർക്കെതിരെയുയർന്ന ഭരണവിരുദ്ധവികാരം ബി.ജെ.പി.യുടെ ആയുധസഞ്ചിയിലെ മൂർച്ചയേറിയ ആയുധം. കോൺഗ്രസിനെതിരെ 69 ആരോപണങ്ങളുമായി ആരോപ് പത്ര എന്ന പേരിൽ ഒരു കുറ്റപത്രവും ബി.ജെ.പി. പുറത്തിറക്കി. ആദിവാസികളുടെ ഇടയിലെ കൂട്ടമതപരിവർത്തനവും നൽകിയ 36 വാഗ്ദാനങ്ങളിൽ 19 എണ്ണവും പാലിക്കാതിരുന്നതും ബി.ജെ.പി. പ്രചരണത്തിൽ ചേർത്തു. ബസ്തർ, സർഗുജു മേഖലകളിൽ ആദിവാസികൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്ന വ്യവസ്ഥ കോൺഗ്രസ് ഭരണകാലത്ത് റദ്ദാക്കിയിരുന്നു. ഇതും ബി.ജെ.പി. തിരഞ്ഞെടുപ്പ് വിഷയമാക്കി. കൂടാതെ ബി.ജെ.പി. പ്രവർത്തകരെ ഇല്ലാതാക്കാൻ കോൺഗ്രസ് നക്സലുകളെ ഉപയോഗിക്കുയാണെന്ന ഗുരുതര ആരോപണവും ബി.ജെ.പി. ഉന്നയിച്ചു.
വിനയായത് പടലപ്പിണക്കമോ?
രാജസ്ഥാനിലേത് പോലെ ഗുരുതരമല്ലെങ്കിൽ പോലും കോൺഗ്രസ് നേതൃത്വത്തിനിടെയിലെ പടലപ്പിണക്കം ഛത്തീസ്ഗഢിലും കോൺഗ്രസിന് വെല്ലുവിളിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബാഘേലിനും ടി.എസ്. സിങ് ദിയോയ്ക്കുമിടയിൽ ഉടലെടുത്ത അസ്വാരസ്യം ഉപമുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് പരിഹരിച്ചെങ്കിലും അത് ബാക്കിയാക്കിയ സ്വരചേർച്ച തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതാം. കൂടാതെ കോൺഗ്രസ് നേതൃത്വത്തിലെ നല്ലൊരു വിഭാഗവും ബാഘേലിന് എതിരായി നിലകൊണ്ട സാഹചര്യവും ഛത്തീസ്ഗഢിലുണ്ടായി. ഇതും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി കരുതാം.
മോദിപ്രഭാവത്തില്‍ വിജയം കുറിച്ച് ബിജെപി; മുഖ്യമന്ത്രിപദത്തിലേക്കിനിയാര്?
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബി.ജെ.പി.യുടെ പ്രചരണം. പതിവുതെറ്റിക്കാതെ ഛത്തീസ്ഗഢിലും മോദിയുടെ ക്യാപ്റ്റന്‍സിയുടെ പിന്‍ബലത്തില്‍ ബി.ജെ.പി. പോരിനിറങ്ങി. അവസാനനിമിഷം മുന്‍മുഖ്യമന്ത്രിയായ രമണ്‍സിങ്ങിന് സ്ഥാനാര്‍ഥിത്വം വെച്ചുനീട്ടിയെങ്കിലും ഇത്തവണ മുഖ്യമന്ത്രി കസേരയിലേക്ക് രമണ്‍സിങ്ങെത്താന്‍ സാധ്യതയില്ല. 15 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് 2018-ൽ നിലംപതിച്ചപ്പോള്‍ രമണ്‍സിങ്ങിന് സംസ്ഥാനരാഷ്ട്രീയത്തില്‍ ക്ഷീണമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും ബി.ജെ.പി. നേതൃത്വത്തിലും രമണ്‍സിങ്ങിന് മേല്‍വിലാസം നഷ്ടപ്പെട്ടു. സംസ്ഥാന അധ്യക്ഷനായ അരുൺ സാവുവിനാകും പാർട്ടി മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ സാധ്യതയേറെ. സാഹു വിഭാഗത്തിൽപ്പെട്ട അരുൺ സാവുവിലൂടെ പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയും പാർട്ടിയിലേക്കെത്തിയേക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
Content Highlights: chhattisgarh, assembly election, election 2023, congress, bjp
Published: 03 Dec 2023, 02:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented