റായ്പൂർ: ആര്‍ക്കും അനായാസമല്ല ഛത്തീസ്ഗഡിലെ വിജയം. തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക കടന്നപ്പോള്‍ പ്രവചനാതീതമായി ഛത്തീസ്ഗഡിന്റെ രാഷ്ട്രീയം.താഴെത്തട്ടില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയചേരുവകള്‍ മത്സരം സങ്കീര്‍ണമാക്കി.നന്നെ വിയര്‍ക്കാതെ ആര്‍ക്കും ഭരണം പിടിക്കാനാകില്ല.എളുപ്പം ജയിച്ച് ഭരണം തുടരാമെന്ന് കണക്ക് കൂട്ടിയ കോണ്‍ഗ്രസും അധികം അധ്വാനിക്കാതെ ഭരണം അട്ടിമറിക്കാമെന്ന് കരുതിയ ബി.ജെ.പിയും ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

പത്ത് ശതമാനം വോട്ടുകളുള്ള ചെറുപാര്‍ട്ടികളുടെ സാന്നിധ്യമാണ് ഇക്കുറി മത്സരം പ്രവചനാതീതമാക്കിയത്.അതിനാല്‍,ഭരണത്തിലെത്താന്‍ ആവശ്യമായതിനെക്കാള്‍ നാലോ അഞ്ചോ സീറ്റുകള്‍ മാത്രമായിരിക്കും ജയിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ കിട്ടുകയെന്നാണ് റായ്പൂരിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഇതോടെ ചെറുകിട പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും വിലപേശല്‍ തുടങ്ങി.

2018 ലെ രാഷ്ട്രീയകാലാവസ്ഥയല്ല 2023 ല്‍ ഛത്തീസ്ഗഡില്‍ അനുഭവപ്പെടുന്നത്.പതിനഞ്ച് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം,കാര്‍ഷിക മേഖലകളിലെ അസംതൃപ്തി,ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കം,വിമത ശല്യം,കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് 2018 ല്‍ രാഷ്ട്രീയ ഗതി നിശ്ചയിച്ചത്.ഈ കാരണങ്ങളെ അനുകൂലമാക്കി കോണ്‍ഗ്രസ് വന്‍വിജയം നേടി.എന്നാല്‍ 2018 ല്‍ കോണ്‍ഗ്രസിന് അനുകൂലമായ പല ഘടകങ്ങളും ഇക്കുറി നിസ്സംഗമാവുകയോ,അകന്നു പോവുകയോ ചെയ്തിട്ടുണ്ട്.ഇത് മത്സര രംഗത്തെ പിരിമുറുക്കിയിട്ടുണ്ട്.

ഒന്നാം ഘട്ടം വോട്ടെടുപ്പ് നടന്ന ബസ്തര്‍ ഉള്‍പ്പടെയുള്ള വനമേഖലയില്‍ തന്നെ ഇത് ദൃശ്യമാണ്.ബി.ജെ.പി വിരുദ്ധവും കോണ്‍ഗ്രസ് അനുകൂലവുമായ വോട്ടുകള്‍ ചിതറുന്ന രാഷ്ട്രീയ സ്ഥിതിയാണ് ആദ്യഘട്ടത്തിലെ 20 മണ്ഡലങ്ങളില്‍ അരങ്ങേറിയത്.ബി.എസ്.പി,ആം ആദ്മി പാര്‍ട്ടി,ഇടതുപാര്‍ട്ടികള്‍,ജനതാ കോണ്‍ഗ്രസ്,ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി,ആസാദ് സമാജ് പാര്‍ട്ടി (കന്‍ഷിറാം),ജെ.ഡി.യു,ആര്‍.എല്‍.പി,മജ്‌ലിസ് പാര്‍ട്ടി എന്നിവയ്ക്ക പുറമെ ആദിവാസികള്‍ക്ക് മാത്രമായി പുതുതായി രൂപം കൊണ്ടതും മുന്‍ കേന്ദ്രമന്ത്രി അരവിന്ദ് നേതം നേതൃത്വം നല്‍കുന്നതുമായ ഹമര്‍ രാജ് പാര്‍ട്ടിയും ബി.ജെ.പി വിരുദ്ധ വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നത്.ഇതോടെ 5 വര്‍ഷം മുമ്പ് ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് ലഭിച്ച ആദിവാസി വോട്ടുകള്‍ ഇപ്രാവശ്യം പല പാര്‍ട്ടികള്‍ക്കായി ചിതറും.ഇത് ബി.ജെ.പിക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് സൂചന.

ബസ്തര്‍ മേഖലയില്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളും ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും വോട്ട് ബാങ്കിനെ ബാധിച്ചിട്ടുണ്ട്.അക്രമങ്ങളിലേക്ക് നീങ്ങുന്ന തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസോ സംസ്ഥാന സര്‍ക്കാരോ തങ്ങളെ സഹായിച്ചില്ലെന്ന പരാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്.അതിനാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഈ വോട്ടുകള്‍ ഇക്കുറി ഹമര്‍രാജ് ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികള്‍ക്കായി ചിതറാന്‍ സാധ്യതയുണ്ട്.ഇതും രാഷ്ട്രീയഗതിയെ സ്വാധീനിക്കും.

ചെറുകിട പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ മാത്രമല്ല,ബി.ജെ.പിയെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.ഈ പാര്‍ട്ടികള്‍ സ്വന്തമായി സീറ്റുകള്‍ നേടിയില്ലെങ്കിലും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും വോട്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന്  1987 ല്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്ന കെ.എം.ചാണ്ടിയുടെ പ്രസ് സെക്രട്ടറിയും മുന്‍ സംസ്ഥാന തിരഞ്ഞെടു്പ്പ് കമ്മീഷണറുമായ ഡോ.സുശീല്‍ ത്രിവേദി ' മാതൃഭൂമി' യോട് പറഞ്ഞു.

ചരിത്രത്തിന്റെ ആവര്‍ത്തനം

2000 ല്‍ ഛത്തീസ് ഗഡ് സംസ്ഥാനം രൂപവല്‍ക്കരിച്ച കാലം മുതല്‍ പ്രാദേശികമായി രൂപവല്‍ക്കരിച്ച ചെറുപാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തെ വിജയപരാജയങ്ങളെ നിശ്ചയിക്കാനുള്ള സ്വാധീനമുണ്ട്.

To advertise here,

മുന്‍ കേന്ദ്രമന്ത്രിയും ഇന്ദിരാക്യാംപിലെ ശക്തനുമായിരുന്ന വി.സി.ശുക്ല പല പാര്‍ട്ടികള്‍ മാറി 2000 ല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി.തുടര്‍ന്ന് എന്‍.സി.പിയില്‍ ലയിച്ചു.2003 ലെ തിരഞ്ഞെടുപ്പില്‍ ശുക്ലയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തി.അധികാരത്തില്‍ തിരിച്ചു വരാന്‍ അജിത് ജോഗിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളെ അട്ടിമറിച്ചു.ബി.ജെ.പി ജയിച്ചു.

2016 ല്‍ അജിത് ജോഗിയുടെ ഊഴമായി.കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് രൂപവല്‍ക്കരിച്ചു.ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി.2018 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.7.6 ശതമാനം വോട്ടുകള്‍ നേടി.ജെ.സി.സി 5 സീറ്റുകളും ബി.എസ്.പി രണ്ട് സീറ്റുകളും നേടി.എന്നാല്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്ന കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ കോണ്‍ഗ്രസ് വോട്ടുകളെ വന്‍തോതില്‍ ഭിന്നി്പ്പിക്കാന്‍ ജോഗിക്ക് കഴിഞ്ഞില്ല.
2021 ല്‍ ദളിത് വിഭാഗമായ സത്നാമി സമുദായത്തില്‍ ഉള്‍പ്പെട്ട ഗുരു ബല്‍ദാസ് സത്നാം സേവ എന്ന പാര്‍ട്ടി ഉണ്ടാക്കിയപ്പോഴും ഇത് തന്നെ സംഭവിച്ചു.പട്ടികജാതി-വര്‍ഗ്ഗ സംവരണ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ  കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു.ബി.ജെ.പി ഈ മണ്ഡലങ്ങളിലെല്ലാം വിജയിച്ചു.ഗുരു ബല്‍ദാസ് 2018 ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഇത് കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ സഹായിച്ചു.എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നു.ഗുരു ബല്‍ദാസിന്റെ മകന്‍ കുശ്വന്ത് സാഹേബ് ആരംഗ് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാണ്.