ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.

To advertise here,

ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് മുഹമ്മദ് അക്ബറിനെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

'ഒരു അക്ബർ ഒരിടത്ത് വന്നാൽ പിന്നാലെ നൂറ് അക്ബർമാർ വരും. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അക്ബറിനെ അകറ്റിനിർത്തുക, അല്ലെങ്കിൽ മാതാവ് കൗസല്യയുടെ ഭൂമി പുണ്യസ്ഥലമല്ലാതായി മാറും' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് ഭരണത്തിന് കീഴിലാണ് ലൗ ജിഹാദിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം നവംബർ 7നും രണ്ടാംഘട്ടം നവംബർ 17നുമാണ്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.