റായ്പുര്‍: ഛത്തീസ്ഗഢില്‍ ദസറ ദിനത്തില്‍ മുഖ്യമന്ത്രി  ഭൂപേഷ് ബാഘേലിനെ രാവണനാക്കി ബി.ജെ.പി.യുടെ കാര്‍ട്ടൂണ്‍. 'ഇത്തവണ അഴിമതികളുടെ രാവണനെ കത്തിക്കു'മെന്ന കുറിപ്പോടെ ഛത്തീസ്ഗഢ് ബി.ജെ.പി.യുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചത്.  

To advertise here,

പി.എസ്.സി., ട്രാന്‍സ്ഫര്‍, മദ്യ-ഘനന അഴിമതികളാണ് രാവണൻ്റെ ഓരോ തലകൾ. തട്ടിപ്പിന്റെ രാജാവ് എന്ന അര്‍ഥത്തിലുള്ള 'ഠഗേഷ്' എന്ന പേരും ഭൂപേഷ് ബാഘേലിന്റെ കാര്‍ട്ടൂണ്‍ ചിത്രത്തിനു നല്‍കിയിട്ടുണ്ട്. അഴിമതിയെന്ന് പേര് കൊടുത്ത ആയുധവും ചിത്രത്തിന്റെ കൈയിലുണ്ട്. ഛത്തീസ്ഗഢുകാരനായ ഒരാള്‍, 'ഇനി ഞങ്ങള്‍ സഹിക്കില്ല, തീര്‍ച്ചയായും മാറ്റം കൊണ്ടുവരും' എന്നുപറഞ്ഞാണ് കാര്‍ട്ടൂണിലെ രാവണനുനേരെ അമ്പെയ്യുന്നത്. 

ആദിവാസികളും ദളിതരുമുള്‍പ്പെടുന്ന പിന്നാക്ക വിഭാഗക്കാരെ ആക്രമിക്കുന്നത് മുന്‍മുഖ്യമന്ത്രി ഠാക്കൂര്‍ രമണ്‍ സിങ്ങിന്റെയും പാര്‍ട്ടിയുടെയും പാരമ്പര്യമാണെന്നായിരുന്നു ബി.ജെ.പി.യുടെ കാര്‍ട്ടൂണിനോട് ബാഘേലിന്റെ പ്രതികരണം. നേരത്തെ ചെറിയവരെന്നും നായയെന്നും പൂച്ചയെന്നുമൊക്കെ അവര്‍ വിളിച്ചു. ഇവര്‍ക്ക് മറുപടി പറയണമെന്ന് എല്ലാവരും ആവശ്യപ്പെടുകയാണ്. ജനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രമാണ് ഞാന്‍ ബാധ്യസ്ഥന്‍. അവരുടെ ദുഷ്പ്രവൃത്തികളൊന്നും എന്നെ ബാധിക്കുന്നില്ല, ബാഘേല്‍ പറഞ്ഞു,

എന്നെ സംബന്ധിച്ചിടത്തോളം നിരക്ഷരതയും പോഷകാഹാരക്കുറവും കര്‍ഷകരുടെ ദുരവസ്ഥയും നക്‌സലിസവുമൊക്കെയാണ് രാവണരൂപങ്ങള്‍. ഒന്നിച്ചുനിന്ന് ഈ പ്രശ്‌നങ്ങളെയൊക്കെ നാം നേരിടും. തിന്മയെ തോല്‍പ്പിച്ച് സത്യം വിജയിക്കുക തന്നെ ചെയ്യും, ബാഘേല്‍ വ്യക്തമാക്കി.

നവംബർ 7-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢിൽ ഭരണത്തുടര്‍ച്ച നിലനിലര്‍ത്താന്‍ കോണ്‍ഗ്രസും കൈവിട്ടുപോയ ഭരണം തിരികെപിടിക്കാന്‍ ബി.ജെ.പി.യും പോരു മുറുക്കുകയാണ്. കാർഷിക വായ്പ എഴുതിത്തള്ളുമെന്നതും ജാതി സെൻസസുമാണ് കോൺഗ്രസിൻ്റെ തന്ത്രങ്ങളെങ്കിൽ ഭൂപേഷ് സർക്കാരിനു നേരെയുയർന്ന അഴിമതിയാരോപണങ്ങളാണ് ബി.ജെ.പി.യുടെ ആയുധമാക്കുന്നത്.