റായ്പുര്‍: തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഛത്തീസ്ഗഢില്‍ കര്‍ഷകരുമായി സംവദിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷക അനുകൂല മാതൃക രാജ്യത്താകമാനം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തില്‍ ജാതി സെന്‍സസ് നിര്‍ണായക പങ്ക് വഹിക്കുമെന്നും ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങിയ രാഹുല്‍ വിളവെടുപ്പിന് കര്‍ഷകരെ സഹായിക്കുകയും ചെയ്തു.

To advertise here,

കര്‍ഷകവായ്പകള്‍ എഴുതിത്തള്ളിയതുള്‍പ്പടെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിറവേറ്റിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക ക്ഷേമത്തിനായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടത്തിയ അഞ്ച് പ്രധാന പദ്ധതികള്‍ രാഹുല്‍ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കര്‍ഷകര്‍ സന്തുഷ്ടരായാല്‍ രാജ്യം സന്തുഷ്ടമാകും. കര്‍ഷക ക്ഷേമത്തിനായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ അഞ്ച് പദ്ധതികള്‍ അവരെ രാജ്യത്തെ ഏറ്റവും സന്തുഷ്ടരാക്കി. നെല്ലിന് കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കര്‍ഷകര്‍ക്ക് 23000 കോടി സബ്‌സിഡി നല്‍കി. 19 ലക്ഷം കര്‍ഷകരുടെ പതിനായിരം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ചാര്‍ജ് പകുതിയാക്കി കുറച്ചു. അഞ്ചു ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ഏഴായിരം രൂപ വീതം നല്‍കി. ഈ മാതൃക രാജ്യത്താകമാനം വ്യാപിപ്പിക്കും.- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തെ കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഒബിസി വിഭാഗങ്ങള്‍, ആദിവാസികള്‍, ദളിത് വിഭാഗക്കാര്‍ അവരുടെ ഉപജാതികള്‍ എന്നിങ്ങനെയുള്ളവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. രാജ്യത്തെ ജനസംഖ്യയുടെ അമ്പത് ശതമാനവും ഒബിസി വിഭാഗമാണ്. അതേസമയം ഫണ്ട് അനുമതിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സര്‍ക്കാരിന്റെ സെക്രട്ടറിമാരായ 90 ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ മാത്രമാണ് ഒ.ബി.സി. വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.