
എഴുപതാം വയസ്സില്‍ ഓസ്ട്രേലിയയുടെ ആകാശത്ത് സ്കൈ ഡൈവിങ് നടത്തിയാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ത്രിഭുവനേശ്വര് ശരണ്‍ സിങ് ദേവ് അഥവാ ടി.എസ്.സിങ് ദേവ് വാര്‍ത്തകളില്‍ വൈറലായത്.ഛത്തീസ്ഗഢിന്റെ ഉപമുഖ്യമന്ത്രി, സര്‍ഗൂജ രാജവംശത്തിലെ മഹാരാജാവ്, എഴുന്നൂറ് കോടി രൂപയുടെ പ്രഖ്യാപിത സ്വത്തിന്റെ ഉടമ എന്നീ വിലാസങ്ങള്‍ക്കപ്പുറം സാഹസികകായിക ഇനങ്ങളുടെ പ്രണയി എന്ന വിശേഷണവും ഇതോടെ സിങ് ദേവിന് സ്വന്തമായി. 'സാഹസികത എനിക്ക് ഇഷ്ടമാണ്.എന്നാല്‍,രാഷ്ട്രീയം എനിക്ക് സാഹസികതയല്ല,ഉത്തരവാദിത്വമാണ് '-റായ്പൂരില്‍ നിന്ന് 337 കിലോമീറ്ററുകള്‍ക്കപ്പുറം അംബികാപുരിലെ കൊട്ടാരത്തിലിരുന്ന് സിങ് ദേവ് പറഞ്ഞു.
വൃത്തിയുള്ള പ്രദേശമെന്ന നിലയില്‍ ഇന്ദോറിന് മുമ്പ് പേരെടുത്ത നഗരമാണ് അംബികാപുര്‍. ഒരു ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള വിഭാഗത്തില്‍ അംബികാപുരിനാണ് വര്‍ഷങ്ങളായി ദേശീയ ശുചിത്വപുരസ്കാരം.അംബികാപുരിനെ മൂന്ന് തവണയായി നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്,ഛത്തീസ്ഗഢ് രാഷ്ട്രീയത്തിലെ മാന്യന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്ദേവാണ്. 2018 ല്‍ മുഖ്യമന്ത്രി പദം നഷ്ടമായപ്പോഴും പതിവ് രീതിയില്‍ പ്രതികരിക്കാതെ ക്ഷമകാട്ടിയ സിങ് ദേവിനെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഹൈക്കമാന്‍ഡ് ഉപമുഖ്യമന്ത്രിയാക്കിയത്. എങ്കിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ പിന്നീടും സ്വരച്ചേര്‍ച്ചയിലല്ല എന്നത് പകല്‍ പോലെ വ്യക്തം.
എന്നിട്ടും,ഇത്തവണയും മുഖ്യമന്ത്രി പദത്തില്‍ പ്രഥമ പരിഗണന ഭൂപേഷ് ബഗേലിനാണെന്ന് പറയാന്‍ സിങ് ദേവിന് തെല്ലും മടിയില്ല.ടീമിനെ വിജയത്തിലേക്ക നയിച്ച ക്യാപ്റ്റൻ തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.അതില്‍ ഒരു സംശയവുമില്ല.മറ്റുള്ളവരും പരിഗണിക്കപ്പെടേണ്ടവരായുണ്ടാകാം.എന്നാല്‍ ക്യാപ്റ്റനെ തന്നെയാണ് തീര്‍ച്ചയായും ആദ്യം പരിഗണിക്കേണ്ടത്-മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ടി.എ്സ്.സിങ് ദേവ് പറഞ്ഞു.അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ :
താങ്കള്‍ ഒരേ സമയം തന്നെ ഈ മേഖലയുടെ മഹാരാജാവും,ജനാധിപത്യപരമായി തിരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധിയുമാണ്.ഈ സങ്കല്പങ്ങള് തമ്മില്‍ വൈരുദ്ധ്യമുണ്ട്.എങ്ങനെയാണ് ഇതിനെ വീക്ഷിക്കുന്നത് ?
മഹാരാജാവ്,രാജാവ് എന്നതൊക്കെ കേവലം പദവി മാത്രമാണ്.അധികാരങ്ങളോ പ്രത്യേക അവകാശങ്ങളോ ഇല്ല.പ്രിവിപഴ്സടക്കമുള്ള അധികാരങ്ങള്‍ നിലനിര്‍ത്തിയിരുന്ന ഘട്ടത്തില്‍ പോലും ഈ പദവിക്കപ്പുറം ഒരു അധികാരവും രാജകുടുംബങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായിട്ടില്ല.എന്തെങ്കിലും തരത്തില്‍ രാജപദവി ഉണ്ടെങ്കില്‍ അത് ജനങ്ങളുടെ മനസ്സില്‍ മാത്രമായിരുന്നു.പൂര്‍വികര്‍ ചെയ്ത നന്മകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ രാജാക്കന്മാരെ മനസ്സുകൊണ്ട് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.അതിനപ്പുറം ഒരു എക്സിക്യൂട്ടീവ് അധികാരവും ഇല്ല.
ഇതിനെല്ലാം അപ്പുറം,തികഞ്ഞ ജനാധിപത്യവിശ്വാസമുള്ള അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. രാജ്യത്തെ മറ്റ് ഏതൊരു പൗരനുമുള്ള അവകാശങ്ങള്‍ മാത്രമേ എനിക്കുമുള്ളുവെന്ന് രക്ഷിതാക്കള്‍ എപ്പോഴും എന്നെ ഓര്‍മിപ്പിക്കുമായിരുന്നു.രാഷ്ട്രീയത്തില്‍ ,അച്ഛന് ശേഷം മകന് അടുത്ത ഭരണാധികാരി എന്ന രാജകുടുംബ രീതി അല്ലല്ലോ. എല്ലാ 5 വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നടക്കും. ജനങ്ങള്‍ ആരെയാണോ തിരഞ്ഞെടുക്കുന്നത് അയാള്‍ക്കായിരിക്കും ഭരണത്തിനുള്ള പങ്കാളിത്തം. രാജകുടുംബങ്ങളുടെ ഘടനയില്‍ ഫ്യൂഡല്‍ രീതിയാണ്,അച്ഛനു ശേഷം മകന്. സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ ഫ്യൂഡല്‍ രീതി രാജ്യത്ത് നിന്ന് പോയി.എന്നാല്‍ പ്രവിശ്യകളില്‍ ആരോടൊക്കെ ജനങ്ങളുടെ ഉള്ളില്‍ സ്നേഹാദരങ്ങളുണ്ടായിരുന്നുവോ അവര്‍ക്കെല്ലാം അത് ലഭിച്ചുകൊണ്ടിരുന്നു.ഇക്കാര്യത്തില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.പൂര്‍വികര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.അവര്‍ ആ സ്നേഹം എന്നോടും കാണിക്കുന്നു.തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ ജയിക്കുകയുള്ളു.
സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താങ്കളെന്ന് കേട്ടിട്ടുണ്ട്.എഴുപതാം വയസ്സില്‍ സ്കൈഡൈവിങ് നടത്തി ചരിത്രമെഴുതി.അതെക്കുറിച്ച് എന്ത് പറയുന്നു ?
ഞാന്‍ ഒരു സ്പോര്‍ട്ട്സ് പേഴ്സണാണ്.എന്റെ കുടുംബവും വിവിധ സ്പോര്‍ട്ട്സ് ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. കാടുകളുള്ള പ്രദേശത്തായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. അതിനാല്‍ മറ്റ് തരത്തിലുള്ള കായിക ഇനങ്ങളും ഉണ്ടായിരുന്നു.എന്റെ അച്ഛന് ക്രിക്കറ്റില്‍ താല്പര്യമുണ്ടായിരുന്നു.ഞാന്‍ ഒരു ബോര്‍ഡിങ് സ്കൂളിലാണ് പഠിച്ചത്.അതിനാല്‍ എല്ലാ ഗെയിമുകളിലും പ്രാവീണ്യം ലഭിച്ചു.ഞാന്‍ ക്രിക്കറ്റ് കളിക്കും,ഫുട്ബാള്‍ കളിക്കും.ഹോക്കി,ബാസ്കറ്റ് ബോള്‍,ബാഡ്മിന്റണ്‍,ടേബിള്‍ ടെന്നിസ് എന്നിവയിലെല്ലാം എനിക്ക് കമ്പമുണ്ട്.ഇപ്പോഴും കുറച്ച് സമയം കിട്ടിയാല്‍ ഞാന്‍ ബാഡ്മിന്റണ്‍ കളിക്കും.
സ്കൈ ഡൈവിങ് എന്റെ മനസ്സില്‍ എക്കാലത്തും ഒരു സ്വപ്നമായിരുന്നു. എന്റെ സഹോദരന്റെ മകനൊപ്പം ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയി.അവിടെ വച്ച് പാരാഗ്ലൈഡിങ് ചെയ്യാന്‍ അവസരം കിട്ടി.പിന്നീട് ഓസ്ട്രേലിയയില്‍ പോയപ്പോള്‍ സ്കൈഡൈവിങ് ചെയ്തു. ന്യൂസിലാന്‍ഡില്‍ പോയപ്പോള്‍ അവിടെ മറ്റൊരു അവസരം ലഭിച്ചു.അങ്ങനെ സ്കൈഡൈവിങ് നടത്താനുള്ള എന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു.വളരെ ത്രില്ലിംഗായിരുന്നു.വലിയ അനുഭവമായിരുന്നു.
രാഷ്ട്രീയവും ഒരു സാഹസികത അല്ലേ ?
രാഷ്ട്രീയത്തെ ഞാന്‍ ഒരു സാഹസികമായി കാണുന്നില്ല. എന്നെ സംബന്ധിച്ച് രാഷ്ട്രീയം ഒരു ഉത്തരവാദിത്വമാണ്. എക്കാലത്തും രാഷ്ട്രീയത്തില്‍ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പൊതുവെ രാഷ്ട്രീയത്തിന്റെ രീതി,ഒരാളെ തള്ളുക,മറ്റൊരാളുടെ അവസരം തട്ടിയെടുക്കുക തുടങ്ങിയവയാണെന്ന് പറയാറുണ്ടല്ലോ. എനിക്ക് അതില്‍ ഒട്ടും താല്പര്യമില്ല.അത് വലിയ തോതില്‍ സമയം നഷ്ടപ്പെടുത്തുന്ന പരിപാടിയാണെന്നാണ് എനിക്ക് തോന്നുന്നത്. 40 വര്‍ഷമായി ഞാന്‍ പൂര്‍ണസമയ രാഷ്ട്രീയത്തിലുണ്ട്. അംബികാപുരിനെ പ്രതിനിധീകരിക്കാന്‍ ജനങ്ങള്‍ അവസരം നല്കുന്നു.1983 ല്‍ ഞാന്‍ ഇവിടുത്തെ നഗരസഭാ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു.തുടര്‍ന്നും എനിക്ക് ജനങ്ങള്‍ അവസരം തരുന്നു. ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ വലിയ സംതൃപ്തി എനിക്കുണ്ട്.നിങ്ങളുടെ സ്വയം വിലയിരുത്തലില്‍,നിങ്ങള്‍ ചിലത് ചെയ്തു എന്ന് തോന്നുകയാണെങ്കില്‍,അതാണ് ജീവിതം എന്നാണ് എനിക്ക് തോന്നുന്നത്.
തിരഞ്ഞെടുപ്പില്‍ ഇക്കുറി എന്താണ് കോണ്‍ഗ്രസിന്റെ സാധ്യത ?
കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ പോവുകയാണ്.സര്‍ക്കാര്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു.കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കോണ്‍ഗ്രസിന്റെ പ്രചരണ വിഷയങ്ങള്‍ എന്തൊക്കെയാണ് ?
ഞങ്ങള്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്തു. അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടു പോകുന്നതിലാണ് മുന്‍ഗണന നല്‍കുന്നത്. ഒന്നും ചെയ്യാനില്ലാതെ വരുമ്പോഴാണ് ഇനി എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും പുതിയ ആശയങ്ങളെക്കുറിച്ച് ആലോചിക്കുന്നതും. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം ഈ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തലാണ്. അവരുടെ കുടുംബ വരുമാനം ഉയര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണന. ഞങ്ങള്‍ ഇതില്‍ കുറെ വിജയിച്ചിട്ടുണ്ട്. 40 ലക്ഷം പേരെ ഛത്തീസ്ഗഢില്‍ ദാരിദ്ര്യരേഖക്ക് പുറത്തേക്ക് കൊണ്ടു വന്നുവെന്ന് നിതി ആയോഗ് തന്നെ പറഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില നല്‍കുന്നുണ്ട്. സ്വാമിനാഥന് കമ്മീഷന് നല്കിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനായി ഇതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ല. 75 ശതമാനം ഗ്രാമീണ മേഖലകളുള്ള സംസ്ഥാനമാണിത്. നടപ്പാക്കിയ പദ്ധതികള്‍ തുടരുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുക.
എന്നാല്‍,ഭരണത്തില്‍ കടുത്ത അഴിമതിയാണെന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആരോപണം.എന്ത് പറയുന്നു ?
ഇതൊക്കെ ആരോപണങ്ങളാണെന്ന് താങ്കളുടെ ചോദ്യത്തില്‍ തന്നെ സൂചനയുണ്ടല്ലോ. ഇതെല്ലാം വെറും ആരോപണങ്ങളാണ്. ഈ ആരോപണങ്ങള്‍ ഇതേ ഫാസിസ്റ്റ് ശക്തികള്‍ നേരത്തെ രാജീവ് ഗാന്ധിക്കെരെയും ഉയര്‍ത്തിയിരുന്നു. രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക നയിക്കാന്‍ ശേഷിയുള്ള യുവനേതാവായി രാജീവ് വളരുമ്പോഴായിരുന്നു ഈ ആരോപണങ്ങള്‍. ബോഫോഴ്സ് പോലെയുള്ള വിഷയങ്ങളില്‍ കുടുക്കി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. എന്നിട്ട് എന്തു സംഭവിച്ചു. മരണാനന്തരം 12 വര്‍ഷങ്ങള്‍ക്ക് ശേഷം,രാജീവിനെതിരെ ഒരു തെളിവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതെ ആളുകള്‍ ഡോ.മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഭരണം നടത്തുകയല്ലേ. ഈ ആരോപണങ്ങളില്‍ എന്തെങ്കിലും ഒരു തെളിവ് കണ്ടെത്തിയോ. എന്തെങ്കിലും നടപടിആര്ക്കെങ്കിലും എതിരെ സ്വീകരിച്ചോ. ഇതാണ് ആരോപണങ്ങളുടെ രാഷ്ട്രീയം എന്ന് പറയുന്നത്. ഇതിലൂടെ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാമെന്നാണ് അവര്‍ കരുതുന്നത്. ഇതൊന്നും ഇവിടെ വിലപ്പോകില്ല. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എന്നാല്‍ മഹാദേവ ആപ്പ് വിവാദം ഗുരുതരമല്ലേ.ഇത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമല്ലേ ?
എന്തെങ്കിലും തെളിവുള്ള ആരോപണമാണെങ്കില്‍ മാത്രമേ ജനങ്ങളില്‍ സ്വാധീനമുണ്ടാവുകയുള്ളു. എന്നാല്‍ ഇത് വെറും പ്രതികാരരാഷ്ട്രീയമാണ്. അവര്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. ബി.ജെ.പിക്ക് വിരുദ്ധമായ രാഷ്ട്രീയമുള്ളവരെയെല്ലാം തിരഞ്ഞു പിടിച്ച് വേട്ടയാടുന്നു. ഒരു നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അഴിമതി ആരോപണങ്ങളും നടപടികളും അപ്പോള്‍ നിര്‍ത്തും. അല്ലെങ്കില്‍ നടപടികള്‍ തുടരും.ഇ.ഡിയുടെ തന്നെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. ജനങ്ങള്‍ വിശ്വസിക്കില്ല.
മാവോയിസം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി ആരോപിക്കുന്നു.എന്ത് പറയുന്നു ?
പരസ്പര വിരുദ്ധമാണ് ബി.ജെ.പിയുടെ നിലപാട്. ഒരു ഭാഗത്ത് അവര്‍ ആരോപണമുന്നയിക്കുന്നു. മറു ഭാഗത്ത് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ കുറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെടുന്നു. ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ മാവോയിസ്റ്റ് വിഷയം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണ്.അതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല പരിവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നേട്ടം സംസ്ഥാന സര്‍ക്കാരിനാണ് കിട്ടേണ്ടത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റ് അക്രമങ്ങള്‍ പകുതിയില്‍ താഴെയായി കുറഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്.
കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്നം ഗ്രൂപ്പ് തര്‍ക്കവും പടലപ്പിണക്കവുമാണ്.ഛത്തീസ്ഗഡും വ്യത്യസ്തമല്ല.ഇത് വിജയ സാധ്യതകളെ ബാധിക്കില്ലേ ?
എന്തു കൊണ്ടാണ് മാധ്യമങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ മാത്രം കാണുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ പാര്‍ട്ടികളിലും എല്ലാ സംഘടനകളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. വീടുകളില്‍ അഭിപ്രായവ്യത്യാസങ്ങളില്ലേ. ഭാര്യയും ഭര്‍ത്താവും തമ്മിലും രക്ഷിതാക്കളും കുട്ടികളും തമ്മിലും തര്ക്കങ്ങളുണ്ടാകില്ലേ. സുഹൃത്തക്കള്‍ തമ്മില്‍ പിണങ്ങുന്ന ഘട്ടങ്ങളുണ്ടാകില്ലേ. അതുപോലെ ഏത് പാര്‍ട്ടിയിലാണ് തര്ക്കങ്ങളില്ലാത്തത് ? എന്നാല്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ മാത്രം ഉയര്‍ത്തുന്നു. പ്രശനങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു പോവുകയാണ് പതിവ് രീതി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ ആരായിരിക്കും നയിക്കുക ?
2018 -ല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. നേതാക്കള്‍ സംയുക്തമായാണ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ചത്. ഞങ്ങള്‍ വിജയിച്ചു. ഇതിന് ശേഷം ഹൈക്കമാന്‍ഡ് ഞങ്ങള്‍ നാലുപേരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമസഭാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിയെ നിശ്ചയിച്ചു. ഇപ്പോള്‍ ഞങ്ങള്‍ 5 വര്‍ഷം പൂര്‍ത്തിയാക്കി. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും നേതാക്കള്‍ സംയുക്തമായാണ് പാര്‍ട്ടിയെ നയിക്കുന്നത്. എന്നാല്‍ ഇക്കുറി മുഖ്യമന്ത്രിയാണ് ഈ ടീമിനെ നയിക്കുന്നത്. ക്യാപ്റ്റൻ തന്റെ ടീമിനെ ഒരു സീരീസില്‍ വിജയകരമായി നയിക്കുന്നതിനിടയില്‍ ആരെങ്കിലും ക്യാപ്റ്റനെ പൊടുന്നനെ മാറ്റുമോ.ഈ ക്യാപ്റ്റനുമായി തുടരാന്‍ കഴിയുമോ എന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പരിശോധിക്കും. എന്നിട്ടല്ലേ തീരുമാനം കൈക്കൊള്ളുകയുള്ളു. ഒരു കാര്യം ഞാന്‍ പറയാം, ടീമിനെ വിജയത്തിലേക്ക നയിച്ച ക്യാപ്റ്റന്‍ തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതില്‍ ഒരു സംശയവുമില്ല. മറ്റുള്ളവരും പരിഗണിക്കപ്പെടേണ്ടവരായുണ്ടാകാം. എന്നാല്‍ ക്യാപ്റ്റനെ തന്നെയാണ് തീര്‍ച്ചയായും ആദ്യം പരിഗണിക്കേണ്ടത്.
ആരാണ് ടി.എസ്.സിങ്ദേവ്
ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ടി.എസ്.സിങ്ദേവ് 1952 ലാണ് ജനിച്ചത്. സര്‍ഗൂജ രാജവംശത്തിലെ 119-ാമത്തെ മഹാരാജാവാണ്. അവിവാഹിതനായതിനാല്‍ അവസാനത്തെ മഹാരാജാവും സിങ്ദേവ് തന്നെ. മധ്യപ്രദേശ് ചീഫ് സെക്രട്ടറിയും മഹാരാജാവുമായിരുന്ന എം.എസ്.സിങ്ദേവിന്റെ മരണത്തെത്തുടര്‍ന്നാണ് 2001 -ല്‍ ഈ പദവിയിലെത്തിയത്. മുന്‍ മധ്യപ്രദേശ് മന്ത്രി ദേവേന്ദ്രകുമാരി സിങ് ദേവാണ് അമ്മ. ഇന്ദിരാഗാന്ധിയുമായുള്ള അടുപ്പത്തിലൂടെയാണ് കോണ്‍ഗ്രസ് കുടുംബമായത്.1993- ലാണ് ടി.എസ്.സിങ്ദേവ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അംഗമായത്.അംബികാപുര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ചെയര്‍മാനായി. 2014- ല്‍ പ്രതിപക്ഷ നേതാവായിരുന്നു.
Content Highlights: chhattisgarh, assembly election, interview with deputy chief minister, ts singh deo
Published: 09 Nov 2023, 11:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented