
ഹിന്ദിഹൃദയഭൂമിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം മഷിപുരളുന്നത് ഛത്തീസ്ഗഢിന്റെ ബാലറ്റിലാണ്. മോദി തരംഗത്തിന്റെ ആവിര്‍ഭാവത്തോടെ ക്ഷീണിച്ച കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന തുരുത്തുകളില്‍ ഒന്ന്. ഭരണവിരുദ്ധവികാരം അലയടിക്കുമ്പോഴും അതിനെ അതിജീവിക്കാനുള്ള കോണ്‍ഗ്രസിന്റെ കരുത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ ജനപ്രീതിയാണ്. കര്‍ഷകക്ഷേമ പദ്ധതികളും ജനപ്രിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാണ്. മറുവശത്ത് മൂന്ന് ടേം തുടര്‍ച്ചയായി ഭരിച്ചതിന്റെ ജനരോഷത്തില്‍ അധികാരത്തിന് പുറത്തായ ബിജെപിക്ക് രമണ്‍സിങ്ങിന് ശേഷം ഒരു നേതാവിനെ കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. എന്നാല്‍ വോട്ടിങ്ങിന് നാല് ദിവസം മുമ്പ് ഇ.ഡി ഇട്ട 'ബോംബ്' ഫലത്തില്‍ ബിജെപിയെ എങ്ങനെ തുണക്കും എന്നാണ് കണ്ടറിയേണ്ടത്.
മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന ഇ.ഡി. വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. അനധികൃത വാതുവെപ്പ് കമ്പനിക്കാരില്‍ നിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോണ്‍ഗ്രസ് ഹവാലപ്പണം കൈപ്പറ്റിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം. മഹാദേവ് ആപ്പിന്റെ ഉടമയും പണം കൈമാറിയത് സംബന്ധിച്ച് വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പരാജയം ഉറപ്പായതോടെ ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പി. അവസാനത്തെ ആയുധം പുറത്തെടുക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരണം.
15 വര്‍ഷം ബി.ജെ.പി. കൈപ്പിടിയിലൊതുക്കിയ ഭരണത്തെ തകര്‍ത്തെറിഞ്ഞാണ് 2018-ല്‍ തൂത്തുവാരി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ക്ഷീണം നികത്തി ഛത്തീസ്ഗഢില്‍ വീണ്ടും താമര വിരിയിക്കാനുള്ള ആയാസത്തിലാണ് ബി.ജെ.പി. അധികാരം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി.യും ഭരണം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള ദ്വന്ദയുദ്ധത്തിനാകും ഛത്തീസ്ഗഢ് സാക്ഷിയാകുക.
പ്രീ പോൾ സർവ്വെ ഫലങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കിലും പ്രതീക്ഷ കൈവിടാന്‍ ബി.ജെ.പി. ഒരുക്കമല്ല. മോദിപ്രഭാവത്തിന്റെ പിന്‍ബലത്തില്‍ അധികാരം തിരിച്ചു പിടിക്കാനാകും എന്ന ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല ബി.ജെ.പി. കര്‍ണാടക പഠിപ്പിച്ച പാഠം ഗ്രഹിച്ച് കോണ്‍ഗ്രസിന് ഒരുമുഴം മുമ്പേ ബി.ജെ.പി. നീങ്ങി. തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും മുമ്പേ ആദ്യഘട്ടസ്ഥാനാര്‍ഥികളെ ബി.ജെ.പി. കളത്തിലിറക്കുകയും ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം കരുതുന്നതും.
ദരിദ്രരുടെ സമ്പന്നഭൂമിയിലെ രാഷ്ട്രീയ ചരിത്രം
2000-ൽ മധ്യപ്രദേശിൻ്റെ ഒരു ഭാഗം അടർത്തിമാറ്റിയാണ് ഛത്തീസ്ഗഢ് രൂപംകൊള്ളുന്നത്. ഛത്തീസ്ഗഢിൻ്റെ രാഷ്ട്രീയവും മധ്യപ്രദേശ് രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണ്. ഭൂപ്രകൃതിയുടെ 44 ശതമാനത്തോളം വനമഖലയായ ഛത്തീസ്ഗഢ് പ്രകൃതിവിഭവങ്ങളാലും സമ്പന്നമാണ്. ഖനികൾക്കും ഖനനങ്ങൾക്കും പേരുകേട്ട നാടായ ഛത്തീസ്ഡഗഢിന് ഒരു വിളിപ്പേര് കൂടിയുണ്ട്, ദരിദ്രരുടെ സമ്പന്നഭൂമി. ഭരണം കൈമാറി മറിഞ്ഞിട്ടും ഇപ്പോഴും വികസനവും വൈദ്യുതിയും എത്തിനോക്കാത്ത ഗ്രാമങ്ങൾ ഛത്തീസ്ഗഢിലുണ്ട്. ദാരിദ്ര്യസൂചികയിൽ ഛത്തീസ്ഗഢിൻ്റെ സ്ഥാനം മുൻപന്തിയിൽ തന്നെ.
മധ്യപ്രദേശിൽ നിന്ന് വേർപെടുമ്പോൾ അവിടെ നിലവിൽ കോൺഗ്രസ് ഭരണമായിരുന്നതിനാൽ ഛത്തീസ്ഗഢിൻ്റെ ആദ്യ സർക്കാരും കോൺഗ്രസിൻ്റേതായി. രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങി, പതിയെ കോൺഗ്രസിൻ്റെ അതികായന്മാരിലൊരാളായ അജിത് ജോഗിക്കായിരുന്നു ചത്തീസ്ഗഢിൻ്റെ ആദ്യമുഖ്യമന്ത്രിപദത്തിലേറാനുള്ള നിയോഗം.
വിഭജനത്തെതുടർന്ന് ഛത്തീസ്ഗഢിലെത്തിയ മധ്യപ്രദേശ് കോൺഗ്രസിലെ ശക്തരായ നേതാക്കളായ ശുക്ല സഹോദരന്മാർ, ശ്യാം ചരൺ ശുക്ലയും വിദ്യാചരൺ ശുക്ലയും മോത്തിലാൽ വോറയുമൊക്കെ കസേരയ്ക്കായി പിടിവലികൂട്ടി. പക്ഷേ ഛത്തീസ്ഗഢിന് പിന്നാക്കവിഭാഗക്കാരനായ മുഖ്യമന്ത്രി വേണമെന്ന കോൺഗ്രസ് തീരുമാനമാണ് അജിത് ജോഗിക്ക് നറുക്ക് വീഴ്ത്തിയത്.

എന്നാൽ തുടർച്ചയായ അഴിമതി ആരോപണങ്ങൾ ജോഗിസർക്കാരിനെതിരേ ഭരണവിരുദ്ധവികാരത്തിന് വഴിവെച്ചു. ഒപ്പം കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന ജോഗിവിരുദ്ധ വികാരവും ചേർന്ന് 2003-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അധികാരം നൽകി. പിന്നീട് പാർട്ടി വിട്ട അജിത് ജോഗി സ്വന്തമായി പാർട്ടിയുണ്ടാക്കി. 2003-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 50 സീറ്റുകൾക്ക് വിജയമുറപ്പിച്ചപ്പോൾ കോൺഗ്രസിന് 37 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ചത്തീസ്ഗഢിൻ്റെ അമരത്തേക്ക് വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന രമൺസിങ് എത്തി.
ഛത്തീസ്ഗഢികളുടെ ചാവൽ വാലാ ബാബ
2008-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയം ആവർത്തിച്ചു. അത്തവണയും 90 സീറ്റുകളിൽ 50 സീറ്റും ബി.ജെ.പി. സ്വന്തമാക്കി. കോൺഗ്രസിന് നേടാനായത് 38 സീറ്റുകൾ. രണ്ടാം തവണയും ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പി.യെ പ്രാപ്തമാക്കിയ പ്രധാനഘടകം മുഖ്യമന്ത്രിയായിരുന്ന രമൺസിങ്ങിൻ്റെ ജനകീയ പ്രതിച്ഛായായിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. നീതി ആയോഗിൻ്റെ കണക്ക് പ്രകാരം 20 ശതമാനത്തോളം ജനങ്ങൾ ദാരിദ്ര്യത്തിലാണ്. മുഖ്യമന്ത്രിയായ രമൺസിങ് റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കി. പാവപ്പെട്ടവർക്ക് ഒരു കിലോ അരി മൂന്ന് രൂപയ്ക്ക് നൽകി. 2008-ലെ രമൺസിങിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരു രൂപയ്ക്ക് അരി നൽകാമെന്നായിരുന്നു. അത് വിജയം കാണുകയും ചെയ്തു.

ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള സംസ്ഥാനത്ത് പട്ടികവിഭാഗ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാൻ ബി.ജെ.പി.ക്കായി. 2008-ലും ആദിവാസി സമൂഹത്തിനിടയില്‍ സ്വാധീനം ബി.ജെ.പി. നിലനിർത്തി. 45 ഓളം പുതുമുഖങ്ങളെ പരീക്ഷിച്ചതും ബി.ജെ.പി.യെ സഹായിച്ചു.
2013 മെയിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ മഹേന്ദ്ര കര്‍മ അടക്കം കോൺഗ്രസിലെ പ്രധാന നേതാക്കള്‍ ഒന്നടങ്കം കൊല്ലപ്പെട്ടു. ആ സഹതാപതരംഗം തിരഞ്ഞെടുപ്പിന് തുണയാകുമെന്ന പ്രതീക്ഷ കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഉദയ് മുതലിയാരുടെ ഭാര്യ അൽക്ക മുതലിയാരെ രമൺസിങ്ങിൻ്റെ എതിരാളിയാക്കി. എന്നാൽ മുതലിയാരുടെ കൊലപാതകം സൃഷ്ടിച്ച സഹതാപതരംഗത്തെയും മറികടന്ന് 35000-ത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹാട്രിക് വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് 2018-ൽ രമൺസിങ് കളത്തിലിറങ്ങുന്നത്. പക്ഷേ അത്തവണ രമൺസിങ്ങിന് കോൺഗ്രസിനോട് അടിയറവ് പറയേണ്ടിവന്നു.
കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിച്ച ബാഘേൽ
മാവോവാദി ആക്രമണത്തിൽ പ്രധാനനേതാക്കൾ കൊല്ലപ്പെട്ടതിന് ശേഷം ഛത്തീസ്ഗഢിൽ കോൺഗ്രസ് ഉയർത്തെഴുന്നേറ്റത് ഭൂപേഷ് ബാഘേലിൻ്റെ നേതൃമികവിലാണ്. ഛത്തീസ്ഗഢിൽ ആദിവാസിവിഭാഗത്തെ പോലെ ഒ.ബി.സി. വിഭാഗത്തിനും വ്യക്തമായ സ്വാധീനമുണ്ട്. 2018-ലെ തിരഞ്ഞെടുപ്പിൽ ഒ.ബി.സി. വിഭാഗക്കാരനായ ബാഘേലിനെ തുണച്ചതും ഒ.ബി.സി. വോട്ടുകൾ തന്നെ. ബി.ജെ.പി.ക്കെതിരെ ഉയർന്ന ഭരണവിരുദ്ധവികാരമായിരുന്നു കോൺഗ്രസിൻ്റെ തുറുപ്പ്ചീട്ട്. 15 വർഷം രമൺസിങ് ഭരിച്ചിട്ടും പരിഹാരമാകാത്ത ദാരിദ്ര്യവും കർഷകരുടെ പ്രശ്നങ്ങളും തുടർക്കഥയാകുന്ന മാവോയിസ്റ്റാക്രമണങ്ങളുമൊക്കെ കോൺഗ്രസ് ആയുധമാക്കി.
തങ്ങൾ അധികാരത്തിലെത്തിയാൽ ഛത്തീസ്ഗഢിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നതായിരുന്നു കോൺഗ്രസിൻ്റെ പ്രധാനവാഗ്ദാനങ്ങളിലൊന്ന്. അധികാരം ഉറപ്പായാൽ കാർഷികവായ്പ എഴുതിത്തള്ളുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ആ സമയം ബാഘേലിനെതിരായി പുറത്തു വന്ന അശ്ലീല സിഡി ആരോപണം ബാഘേലിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് ബി.ജെ.പി. പ്രതീക്ഷ വെച്ചു പുലർത്തിയിരുന്നു. പക്ഷേ അതും പാഴായി. നരേന്ദ്രമോദിയെ കരിങ്കൊടി കാണിച്ചതിലുള്ള പ്രതികാരമാണ് തനിക്കെതിരെ ഉയർന്ന ആരോപണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാഘേൽ സ്വയം പ്രതിരോധം തീർത്തത്.

ബി.ജെ.പി.യുടെയും രമൺസിങ്ങിൻ്റെയും പതിനഞ്ച് വർഷത്തെ ഭരണം കടപുഴക്കി 90-ൽ 68 സീറ്റുകളും കോൺഗ്രസ് തൂത്തുവാരി. 2013-ലെ 49 സീറ്റുകളിൽ നിന്ന് വെറും 16 സീറ്റുകളിലേക്ക് ബി.ജെ.പി. ഒതുങ്ങി. സിറ്റിങ് എം.എൽ.എ.മാർക്കെതിരെ നിലനിന്ന ജനവിരുദ്ധവികാരം മറികടക്കാൻ കോൺഗ്രസ് രംഗത്തിറക്കിയ പുതുമുഖങ്ങളായിരുന്നു 12 മണ്ഡലങ്ങളിൽ വിജയിച്ചത്. വൈദ്യുതിയും വികസനവുമെത്താത്ത ഗ്രാമങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിന് പച്ചക്കൊടി കാട്ടി. ദന്തേവാഡയുൾപ്പടെയുള്ള ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് തരംഗമുണ്ടാക്കി. ബി.ജെ.പി.യെ വീഴ്ത്തിയ മറ്റൊരു പ്രധാനഘടകം കർഷകരോഷമായിരുന്നു. രമൺസിങ് സർക്കാർ നൽകുന്ന കുറഞ്ഞതാങ്ങുവില കോൺഗ്രസ് ആയുധമാക്കി. കൂടുതൽ വില നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തിൽ കർഷകർ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെക്കുന്ന സാഹചര്യം വരെയുണ്ടായി.
ഇതിനിടെ കോൺഗ്രസിൽ നിന്നകന്ന അജിത് ജോഗി സ്വന്തമായി ഉണ്ടാക്കിയ ഛത്തീസ്ഗഢ് ജനതാ കോൺഗ്രസും മായാവതിയുടെ ബി.എസ്.പി.യുമായുള്ള സഖ്യം കോൺഗ്രസ് വോട്ടുകൾ പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പി.യുടെ മോഹം. എന്നാൽ ബി.ജെ.പി.യുടെ ദളിത് വോട്ടുകളെല്ലാം തങ്ങളിലേക്ക് അടുപ്പിച്ച് ബി.എസ്.പി.-ജെ.സി.സി. സഖ്യം ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയേകി.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും ബി.ജെ.പി. തുറുപ്പ്ചീട്ടാക്കിയ ഭരണവിരുദ്ധവികാരവും
കഴിഞ്ഞ തവണ ബി.ജെ.പി.യെ വീഴ്ത്തിയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ആവനാഴിയിലെ കരുത്തുറ്റ അമ്പ്. 2018-ല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് ഛത്തീസ്ഗഢിലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടി തുടങ്ങിയിരുന്നു. ഇത്തവണത്തെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന് കാര്‍ഷികവായ്പ എഴുതിത്തള്ളുമെന്നതാണ്. ഛത്തീസ്ഗഢ് പോലെ കര്‍ഷക ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് അവരെ പ്രീതിപ്പെടുത്തുക പ്രധാനമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം.
2018-ല്‍ ബി.ജെ.പി.യെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പ് നല്‍കിയതും ഈ പ്രഖ്യാപനം തന്നെ. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് പത്താം ദിവസം നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കുകയും ചെയ്തു. 18.82 ലക്ഷം കര്‍ഷകരില്‍ നിന്നായി 9,270 കോടിയോളം രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത്തവണയും ഈ വാഗ്ദാനം കോണ്‍ഗ്രസ് മുറുകെപിടിക്കുന്നു.
ബിഹാറില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ജാതിസെന്‍സസ് ഛത്തീസ്ഗഢിലും നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ഛത്തീസ്ഗഢില്‍ 38 ശതമാനം പേരും ഒ.ബി.സി.
വിഭാഗത്തില്‍പ്പെട്ടവരാണ്. പട്ടികവിഭാഗം 30.62%, പട്ടികജാതി 12.82%, പൊതുവിഭാഗം 16 ശതമാനം എന്നിങ്ങനെയാണ് കണക്ക്. അധികാരത്തിലെത്തിയാല്‍ ഒ.ബി.സി., ആദിവാസി, ദളിത് വിഭാഗത്തിന്റെ ഉന്നമനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ആണയിടുന്നു.
സംസ്ഥാനത്ത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രൈമറി തലം മുതല്‍ പി.ജി. വരെ സൗജന്യ വിദ്യാഭ്യാസം, ബീഡിത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 4,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധിയും നൽകിയിട്ടുണ്ട്.എ.ഐ.സി.സി. സംസ്ഥാനത്തെ 17.5 ലക്ഷത്തോളം ദരിദ്രര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പ്രഖ്യാപിച്ചു.
കര്‍ഷകരെയും ഒബിസി വിഭാഗത്തെയും കൂട്ടുപിടിക്കുന്നതിനൊപ്പം മൃദുഹിന്ദുത്വനയവും കോണ്‍ഗ്രസ് ആയുധപ്പുരയില്‍ മൂര്‍ച്ചകൂട്ടുന്നുണ്ട്. രാം വന്‍ ഗമന്‍ എന്ന പേരില്‍ രാമായണത്തില്‍ പ്രതിപാദിക്കുന്ന ഛത്തീസ്ഗഢിലെ സ്ഥലങ്ങളിലേക്ക് ടൂറിസം പദ്ധതി രൂപവത്കരിച്ചു. രാമജന്മഭൂമി അയോധ്യയാണെങ്കിലും രാമന്റെ കര്‍മഭൂമി ഛത്തീസ്ഗഢാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം.
രാമന്‍ വനവാസകാലത്ത് ചെലവഴിച്ചെന്ന് വിശ്വസിക്കപ്പെടുന്ന 135 സ്ഥലങ്ങളില്‍ ആദ്യഘട്ടത്തില്‍ ഒന്‍പത് സ്ഥലങ്ങളുടെ പുനരുദ്ധാരണമാണ് പദ്ധതിയിടുന്നത്. 2021-ല്‍ അനാച്ഛാദനം ചെയ്ത 51 അടിയുള്ള പ്രതിമയുള്‍പ്പടെ ഒമ്പതോളം രാമപ്രതിമകള്‍ സ്ഥാപിച്ച സംസ്ഥാനവും ഛത്തീസ്ഗഢ് തന്നെ. റായ്പുരിലെ മാതാ കൗസല്യ ക്ഷേത്രം കോണ്‍ഗ്രസ് നവീകരണം നടത്തുകയും ചെയ്തു. ഇവയ്ക്ക് പുറമെ മൂന്ന് ദിവസം നീളുന്ന രാമായണ ഉത്സവും കൗസല്യ ഉത്സവും സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു.

കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് ചാണകം സംഭരിച്ച് ജൈവവളവും കീടനാശിനിയും നിര്‍മിക്കുന്ന ഗോദന്‍ ന്യായ് യോജനയ്ക്കും കോണ്‍ഗ്രസ് രൂപം നല്‍കി. പദ്ധതിയിലൂടെ പശുക്കളുടെ സംരക്ഷണവും കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഈ പദ്ധതിയെ പ്രശംസിച്ച് ആര്‍.എസ്. എസ്. രംഗത്തെത്തുകയും ചെയ്തു. ജനകീയ മുഖ്യമന്ത്രി തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു എന്നായിരുന്നു ആര്‍.എസ്.എസ്. പദ്ധതിയെ വിശേഷിച്ചത്. എന്നാല്‍ പിന്നീട് ബി.ജെ.പി. ഇതേ പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തേക്കാള്‍ വലിയ തട്ടിപ്പെന്നായിരുന്നു ബി.ജെ.പി.യുടെ വിശേഷണം. ഇത്തരത്തില്‍ ഹിന്ദു വോട്ടുകള്‍ കീശയിലാക്കാന്‍ ബാഘേല്‍ സ്വീകരിച്ച ഹിന്ദുത്വനയത്തെ പിതാവ് നന്ദകുമാര്‍ ബാഘേല്‍ വിമര്‍ശിച്ച് രംഗത്തെത്തുക പോലുമുണ്ടായി.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ഭരണവിരുദ്ധവികാരവും ഭൂപേഷ് ബാഗേലിനെതിരായ അഴിമതിയാരോപണങ്ങളുമാണ് കോണ്‍ഗ്രസിനെതിരായ ബി.ജെ.പി.യുടെ മറുമരുന്ന്. ബാഘേലിനെതിരായ മദ്യ-ഖനന-പി.എസ്.സി. അഴിമതികള്‍ കോണ്‍ഗ്രസിനെ മൂക്ക് കുത്തിക്കാനുള്ള ചരടാക്കാനാണ് ബി.ജെ.പി. നീക്കം. ഇതിനൊപ്പം കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരെയുള്ള ജനവിരുദ്ധവികാരവും ബി.ജെ.പി.യുടെ ആയുധസഞ്ചിയിലുണ്ട്. ഭൂപേഷ് ബാഘേലിൻ്റെ മണ്ഡലത്തിൽ ബാഘേലിൻ്റെ അനന്തരവൻ വിജയ് ബാഘേലിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയത്. നേരത്തെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം വിജയ് ബാഘേലിനൊപ്പമായിരുന്നു. ആ വിജയം വീണ്ടും ആവർത്തിക്കുമോയെന്ന് കണ്ടറിയാനാണ് ബി.ജെ.പി.യുടെ നീക്കം.

കോൺഗ്രസിനെതിരെ 69 ആരോപണങ്ങളുമായി ആരോപ് പത്ര എന്ന പേരിൽ ഒരു കുറ്റപത്രവും ബി.ജെ.പി. പുറത്തിറക്കി. ആദിവാസികളുടെ ഇടയിലെ കൂട്ടമതപരിവർത്തനവും നൽകിയ 36 വാഗ്ദാനങ്ങളിൽ 19 എണ്ണവും പാലിക്കാതിരുന്നതും ബി.ജെ.പി. പ്രചരണത്തിലുണ്ട്. ബസ്തർ, സർഗുജു മേഖലകളിൽ ആദിവാസികൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്ന വ്യവസ്ഥ കോൺഗ്രസ് ഭരണകാലത്ത് റദ്ദാക്കിയിരുന്നു. ഇതും ബി.ജെ.പി. തിരഞ്ഞെടുപ്പ് വിഷയമാക്കി. കൂടാതെ ബി.ജെ.പി. പ്രവർത്തകരെ ഇല്ലാതാക്കാൻ കോൺഗ്രസ് നക്സലുകളെ ഉപയോഗിക്കുയാണെന്ന ഗുരുതര ആരോപണവും ബി.ജെ.പി. ഉന്നയിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭൂപേഷ് ബാഘേലിനെതിരേ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തെത്തിയത് കോണ്‍ഗ്രസിന് കൂടുതല്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് ഭൂപേഷ് ബാഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പണം കൈമാറാന്‍ ഇടനില നിന്നയാള്‍ മൊഴി നല്‍കിയെന്നാണ് ഇ.ഡി. അവകാശപ്പെട്ടത്. വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇ.ഡി. വെളിപ്പെടുത്തി.
മോദിപ്രഭാവത്തില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിത്വം
ഛത്തീസ്ഗഢില്‍ ബി.ജെ.പി. നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന് ഉയര്‍ത്തികാണിക്കാന്‍ കരുത്തനായ ഒരു നേതാവില്ലെ എന്നതാണ്. 15 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് നിലംപതിച്ചപ്പോള്‍ രമണ്‍സിങ്ങിന് സംസ്ഥാനരാഷ്ട്രീയത്തില്‍ ക്ഷീണമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും ബി.ജെ.പി. നേതൃത്വത്തിലും രമണ്‍സിങ്ങിന് മേല്‍വിലാസം നഷ്ടപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്കും രമൺസിങ്ങിനെ പരിഗണിച്ചേക്കാൻ ഇടയില്ലെന്നാണ് നിഗമനം. അധികാരം കിട്ടിയാല്‍ സംസ്ഥാന അധ്യക്ഷനായ അരുൺ സാഹുവിനാകും പാർട്ടി മുഖ്യമന്ത്രി സ്ഥാനം നൽകുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സാഹും വിഭാഗത്തിൽപ്പെട്ട അരുൺ സാഹുവിലൂടെ പിന്നാക്ക വോട്ടുകൾ ബി.ജെ.പി.യിലേക്ക് മറിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പോലെ മോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണരീതിയാണ് ഛത്തീസ്ഗഢിലും ബി.ജെ.പി. സ്വീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ട എന്ന തീരുമാനത്തിലാണ് പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് പ്രചാരണരംഗത്തെ മുഖ്യ ആയുധങ്ങളിലൊന്ന്.

ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ അഴിമതിയാരോപണങ്ങളുമായി സംസ്ഥാന ബി.ജെ.പി. നേതൃത്വം കോണ്‍ഗ്രസിനെതിരേ കളത്തിലുണ്ടെങ്കിലും സംസ്ഥാനത്തെ നേതൃനിര ദുര്‍ബലമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം മോദിയെ മുന്നില്‍നിര്‍ത്തുന്നത്. വികസനകാര്‍ഡ് തന്നെയാണ് ബി.ജെ.പി.യുടേയും മുഖ്യപ്രചരണായുധം.
ബി.ജെ.പി.യുടെ പ്രകടനപത്രികയ്ക്കിട്ട പേര് മോദി കി ഗ്യാരന്റി 2023 എന്നാണ്. വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം 12000 രൂപ വീതം നല്‍കുമെന്നും ദരിദ്രകുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചകവാതകമെത്തിക്കുമെന്നും ബി.ജെ.പി.വാഗ്ദാനം ചെയ്തു. കൃഷി ഉന്നതി യോജന എന്ന പേരില്‍ കാര്‍ഷികക്ഷേമ പദ്ധതി രൂപികരിക്കുമെന്നും വാഗ്ദാനമുണ്ട്. പദ്ധതിയിലൂടെ ഒരേക്കറില്‍ നിന്നുള്ള 21 ക്വിന്റല്‍ നെല്ല് 3100 രൂപയ്ക്ക് വീതം സര്‍ക്കാര്‍ സംഭരിക്കുമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന തുക കര്‍ഷകരിലേക്ക് തന്നെ മടക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ വീതം നല്‍കുമെന്നും ബി.ജെ.പി. വാഗ്ദാനം നല്‍കുന്നു.
കലിയടങ്ങാതെ ചുവപ്പ് ഇടനാഴി ഇരുകക്ഷികള്‍ക്കും തലവേദന
ഛത്തീസ്ഗഢിന്റെ ചുവപ്പ് ഇടനാഴിയും തുടര്‍ക്കഥയാകുന്ന മാവോയിസ്റ്റ് ആക്രമണങ്ങളും ഇരുകക്ഷികളെയും എക്കാലത്തും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നു വരാനാകാത്ത പ്രദേശങ്ങള്‍ ഇപ്പോഴും ഛത്തീസ്ഗഢിലുണ്ടെന്നതാണ് മാവോയിസ്റ്റുകള്‍ക്ക് വളമാകുന്നത്. പതിവു പോലെ ഇത്തവണയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമായി മാവോവാദികകള്‍ രംഗത്തെത്തുകയും ചെയ്തു. മാവോ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പലകുറി സര്‍ക്കാരുകള്‍ പരിശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. രമണ്‍സിങിന്റെ ഭരണകാലത്ത് സല്‍വാ ജുദും എന്ന പേരില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഒരു ജനകീയ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കിയിരുന്നു.

എന്നാല്‍ ഇത് സര്‍ക്കാരിനു തന്നെ ഭീഷണിയായേക്കുമെന്ന അഭിപ്രായം ഉയര്‍ന്നതോടെ പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വി.സി. ശുക്ലയും മഹേന്ദ്ര കര്‍മയും ഉദയ് മുതലിയും പോലെയുള്ള പ്രബലരായ നേതാക്കളെ കോണ്‍ഗ്രസിന് നഷ്ടമായതും മാവോയിസ്റ്റാക്രമണത്തിലാണ്. കോണ്‍ഗ്രസിനും മാവോയിസ്റ്റുകള്‍ക്ക് തടയിടാന്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല.
തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് ബസ്തര്‍ വനമേഖലയില്‍ നിന്നുള്ള വോട്ടുകളാണ്. ഇവിടമാണ് മാവോയിസ്റ്റുകളുടെ പ്രധാനശക്തികേന്ദ്രങ്ങളിലൊന്ന്. ഇരുമ്പയിരും ഡോളോമൈറ്റും മറ്റുവനവിഭവങ്ങളുമാല്‍ സമ്പുഷ്ടമായ പ്രദേശത്ത് സ്വകാര്യ കമ്പനികള്‍ അനിയന്ത്രിതമായി ചൂഷണം നടത്തുകയും ആദിവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാതെ പട്ടിണി മാത്രം ബാക്കിയാവുകയും ചെയ്തു. ഇത് മേഖലയില്‍ ഒരു സാമൂഹിക അസംതൃപ്തി ഉണ്ടാക്കി. ഇത് പ്രയോജനപ്പെടുത്തിയാണ് ബസ്തര്‍ കാടുകളില്‍ മാവോവാദികള്‍ ശക്തി വര്‍ധിപ്പിച്ചത്. മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പരിഹാരം കാണാത്തത് നാട്ടുകാർക്കിടയിൽ കടുത്ത രോഷത്തിന് വഴിമരുന്നിട്ടിട്ടുമുണ്ട്. ഇത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയവും ഇരുകക്ഷികൾക്കുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ബി.ജെ.പി. പ്രവർത്തകൻ രത്തൻ ദുബെ കഴിഞ്ഞ ദിവസം മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ത്രികോണമത്സരം ലക്ഷ്യമിട്ട് മറ്റു കക്ഷികൾ
പ്രധാന യുദ്ധം ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണെങ്കിലും രംഗത്ത് ഇടംനേടാനുള്ള ശ്രമം മറ്റുകക്ഷികളും ഉപേക്ഷിക്കുന്നില്ല. അജിത് ജോഗിയുടെ ജെ.സി.സി.യുമായി കൂട്ടുപിരിഞ്ഞ മായാവതിയുടെ ബി.എസ്.പി. ഗോണ്ട്വാനാ ഗണതന്ത്ര പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ പോലെ ഛത്തീസ്ഗഢിലും സഖ്യത്തിന്റെ അലയൊലികള്‍ പ്രകമ്പനം തീര്‍ത്തേക്കുമെന്ന പ്രതീക്ഷ ബി.എസ്.പി.-ജി.ജി.പി. കൂട്ടുകെട്ടിനുണ്ട്. പട്ടികജാതി വോട്ടുകളും ആദിവാസി വോട്ടുകളുമാണ് സഖ്യം ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസിനെ പോലെ ഒറ്റയ്ക്ക് മത്സരത്തിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടിയും സജീവ പ്രചരണത്തിലാണ്. കഴിഞ്ഞ തവണ 85 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും സീറ്റ് നേടാനായില്ല. ഇത്തവണ അക്കൗണ്ട് തുറക്കാനാകുമോ എന്ന് ഉറ്റു നോക്കുകയാണ് എ.എ.പി.
ഛത്തീസ്ഗഢ് സര്‍വ ആദിവാസി സമാജിന്റെ നേതൃത്വത്തിലുള്ള ഹമര്‍ രാജ് പാര്‍ട്ടി(എച്ച്.ആര്‍.പി.) മുഖ്യകക്ഷികള്‍ക്ക് വെല്ലുവിളിയാണ്. ജല്‍, ജമീന്‍, ജംഗിള്‍ (ജലം, ഭൂമി, വനം) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന എച്ച്.ആര്‍.പി. ആദിവാസി മേഖലകളില്‍ പഞ്ചായത്തിരാജ് നിയമവിപുലീകരണം നടത്തുമെന്ന ഉറപ്പാണ് നല്‍കുന്നത്. അജിത് ജോഗിയുടെ മരണശേഷം മകന്‍ അമിത് ജോഗിയുടെ നിയന്ത്രണത്തിലായ ജെ.സി.സി.യും പോർമുഖത്തുണ്ട്.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന തിരിച്ചടികള്‍ക്കിടയിലും വിജയം സുനിശ്ചിതമാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്.
Content Highlights: chhattisgarh assembly election, analysis, congress or bjp who will win, bhupesh baghel, raman singh
Published: 06 Nov 2023, 02:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented