
മധ്യേന്ത്യയുടെ അരിപ്പാത്രമാണ് ഛത്തീസ്ഗഢ്. ഇന്ത്യയുടെ നെല്ലറകളില്‍ ഏഴാംസ്ഥാനം. നെല്‍ക്കൃഷിയും അരിയാഹാരവും ഛത്തീസ്ഗഢ് ജീവിതത്തിന്റെ അടയാളങ്ങളാണ്. മൊത്തം കാര്‍ഷികവൃത്തിയില്‍ മുക്കാല്‍ഭാഗവും നെല്‍ക്കൃഷിതന്നെ. 4.78 മില്യന്‍ ഹെക്ടറിലാണ് ഛത്തീസ്ഗഢില്‍ കൃഷിസ്ഥലമുള്ളത്. ഇതില്‍ 68.8 ശതമാനം പ്രദേശത്ത് നെല്‍ക്കൃഷിയാണ്.
അതിനാല്‍ നെല്ലും അരിയും വിലയുംതാങ്ങുവിലയും രാഷ്ട്രീയചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളാണ്. 36 ലക്ഷത്തോളമുള്ള നെല്‍ക്കര്‍ഷകരുടെ അതൃപ്തിയാണ് 15 വര്‍ഷം നീണ്ട ബി.ജെ.പി. ഭരണത്തെ 2018-ല്‍ കടപുഴക്കിയത്. ഇതില്‍നിന്ന് നെല്ലിന്റെ രാഷ്ട്രീയം വ്യക്തം.
ഇക്കുറിയും ഛത്തീസ്ഗഢ് രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നതില്‍ നെല്‍ക്കൃഷി നിര്‍ണായകമാണ്. നെല്ലുസംഭരണത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പി.യും വാഗ്ദാനങ്ങളുടെ പുതിയ വിത്തിനങ്ങള്‍ വിതയ്ക്കുന്നതില്‍ മത്സരമാണ്. 2000-ത്തില്‍ ആദ്യമുഖ്യമന്ത്രിയായിരുന്ന അജിത്ജോഗിയാണ് നെല്‍ക്കൃഷിക്ക് ബോണസ് നല്കുന്ന രീതി ആരംഭിച്ചത്. 2003-ല്‍ അധികാരമേറ്റ രമണ്‍ സിങ് സര്‍ക്കാര്‍ നെല്ലുസംഭരണത്തിന് സംസ്ഥാന നയം രൂപവത്കരിച്ചു. ജോഗി കൊണ്ടുവന്ന ബോണസ് പദ്ധതി ബി.ജെ.പി. സര്‍ക്കാര്‍ തുടരുകയും ചെയ്തു. ഇത് നെല്‍ക്കൃഷി മേഖലകളില്‍ ബി.ജെ.പി.ക്ക് വേരോട്ടമുണ്ടാകാന്‍ വഴിതുറന്നു.
എന്നാല്‍, രമണ്‍സിങ് ഭരണത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ബോണസ് കുടിശ്ശിക പെരുകിയതോടെ കര്‍ഷകര്‍ അസ്വസ്ഥരായി. നെല്‍ക്കളം കലങ്ങിയതുകണ്ട് തഞ്ചത്തിന് രംഗത്തിറങ്ങിയ കോണ്‍ഗ്രസ്, ക്വിന്റലിന് 600 രൂപ വീതം ബോണസ് നല്‍കുമെന്ന് വാഗ്ദാനമെറിഞ്ഞു. ഇതോടെ 2018-ലെ തിരഞ്ഞെടുപ്പില്‍ കര്‍ഷകവികാരം ബി.ജെ.പി.ക്ക് എതിരായി. 68 സീറ്റ് കോണ്‍ഗ്രസിന്, 15 സീറ്റ് ബി.ജെ.പി.ക്ക് !
ചരിത്രം മായാതെനില്ക്കെ, നെല്ലുസംഭരണമാണ് ഇത്തവണ ഇരുപാര്‍ട്ടികളുടെയും പ്രകടനപത്രികയിലെ പ്രധാന ഇനം. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ നെല്ലുസംഭരണത്തുക ക്വിന്റലിന് 3100 രൂപയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും വിട്ടുകൊടുത്തില്ല. 100 രൂപകൂട്ടി സംഭരണവില 3200 ആക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബ?േഘല് പ്രഖ്യാപിച്ചു. സംഭരണപരിധി ഏക്കറിന് 15 ക്വിന്റല്‍ എന്നത് പരിഷ്കരിച്ച് 20 ക്വിന്റലാക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. 21 ക്വിന്റലാക്കുമെന്ന് ബി.ജെ.പി !
ക്വിന്റലിന് 2500 രൂപ പ്രകാരം നെല്ല് സംഭരിക്കും കാര്‍ഷികവായ്പ എഴുതിത്തള്ളും എന്നീ രണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അഞ്ചുവര്‍ഷംമുമ്പ് ബഘേല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ജയിച്ചത്. അധികാരത്തിലെത്തിയ ഉടന്‍ ഇതോടെ രണ്ട് വാഗ്ദാനങ്ങളും നടപ്പാക്കി. മാത്രമല്ല, സംഭരണവില ക്രമത്തില്‍ വര്‍ധിപ്പിച്ച് ക്വിന്റലിന് 2640 രൂപയാക്കി. ഈ നീക്കം കാര്‍ഷികമേഖലയില്‍ കോണ്‍ഗ്രസിന് അടിവളമായി.
കഴിഞ്ഞവര്‍ഷം 92 ലക്ഷം ടണ്ണാണ് സംസ്ഥാനത്തെ നെല്ലുസംഭരണം. സംസ്ഥാനത്തിന്റെ കൈയില്‍നിന്ന് കേന്ദ്രം ക്വിന്റലിന് 2183 രൂപയ്ക്കാണ് സംഭരിക്കുന്നത്. സംസ്ഥാനം കര്‍ഷകര്‍ക്ക് നല്കുന്ന സംഭരണവില 2640. വ്യത്യാസം നികത്താന്‍ സംസ്ഥാനം രാജീവ് ന്യായ് യോജനപ്രകാരം പണം നല്കുന്നു. തിരഞ്ഞെടുപ്പില്‍ കാര്‍ഷികമേഖലയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കാന്‍ ഈ കരുനീക്കങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിലെ രാഷ്ട്രീയവേദിയില്‍ നേതാക്കള്‍ സംസാരിക്കുന്നത് അരിയുടെ രാഷ്ട്രീയമാണ്, അരിയാഹാരം കഴിക്കുന്നവരുടെ രാഷ്ട്രീയമാണ്.
Content Highlights: chhattisgarh assembly election
Published: 10 Nov 2023, 01:34 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented