ചരിത്രം കുറിച്ച് യോഗിക്ക് രണ്ടാമൂഴം; സ്വപ്‌നം പൊലിഞ്ഞ്‌ എസ്.പി.


യോഗി ആദിത്യനാഥ്| Photo: PTI

തുടര്‍ഭരണത്തിന് അവസരം നല്‍കി കേരളത്തെ പോലെ ഉത്തര്‍ പ്രദേശും. യോഗി ആദിത്യനാഥ് സര്‍ക്കാരിന് യു.പിയില്‍ രണ്ടാമൂഴം. 37 കൊല്ലത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന സുവര്‍ണാവസരവും യോഗിക്ക് ലഭിച്ചിരിക്കുകയാണ്. വെല്ലുവിളിയായേക്കുമെന്ന കരുതിയ മേഖലകളിലെല്ലാം വിജയത്തേരില്‍ മുന്നേറുന്ന ബി.ജെ.പി. അതായിരുന്നു യു.പി. വോട്ടെണ്ണല്‍ദിനത്തില്‍നിന്നുള്ള കാഴ്ച. ഗൊരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ യോഗിക്ക് എസ്.പിയിലെ ശുഭവതി ശുക്ലയും കോണ്‍ഗ്രസിന്റെ ചേതന ശുക്ലയും ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയായില്ല.

കര്‍ഷകസമരം, തൊഴിലില്ലായ്മ, കോവിഡ് 19, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളെയും ആരോപണങ്ങളെയും മുഖ്യമന്ത്രി എന്ന നിലയിലും സ്ഥാനാര്‍ഥി എന്ന നിലയിലും യോഗിക്ക് നേരിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടിയില്‍നിന്നും നിരവധി എം.എല്‍.എമാര്‍ എസ്.പിയുടെ പാളയത്തിലേക്കും പോയി. നിയമസഭാ പോരാട്ടം കനത്തതാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ ഫലപ്രഖ്യാപനത്തിനു ശേഷം സഖ്യചര്‍ച്ച വേണ്ടിവരുമെന്ന് പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ടും പുറത്തുവന്നു. പാലം കുലുങ്ങി, പക്ഷേ, കേളന്‍ കുലുങ്ങിയില്ല. പ്രതികൂലഘടകങ്ങളെയെല്ലാം അതിജീവിച്ച് യോഗി വിജയിച്ചു.

സന്യാസിയില്‍നിന്ന് ഭരണകര്‍ത്താവിലേക്ക്

സന്യാസവും ഭരണനിര്‍വഹണവും. ഇവ തമ്മിലുള്ള അജഗജാന്തരത്തെ ഇല്ലാതാക്കിയ, രാഷ്ട്രീയക്കാരനായ സന്യാസിയാണ് അജയ് മോഹന്‍ ബിഷ്ട് എന്ന യോഗി ആദിത്യനാഥ്. ഹിന്ദു ദേശീയവാദ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സ്ഥാപകന്‍. ഗൊരഖ്പുര്‍ മഠത്തിലെ സന്യാസിയില്‍നിന്നാണ് യു.പി. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള യോഗിയുടെ പരിണാമം. 2017 മാര്‍ച്ച് 19-നാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 22-ാമത് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേല്‍ക്കുന്നത്. അതും ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിനൊടുവിലാണ് മോദിയും അമിത് ഷായും യോഗിയുടെ പേര് നിശ്ചയിക്കുന്നത്. അത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിരുന്നോ എന്നറിയാന്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഉത്തരം നല്‍കും. ബി.ജെ.പിക്കും സംഘപരിവാറിനും ഏറെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള യു.പിയില്‍, യോഗി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് ആര്‍.എസ്.എസ് താല്‍പര്യപ്രകാരമാണ്. അന്ന് ഗൊരഖ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എം.പിയായിരുന്ന യോഗി, നിയമസഭാ കൗണ്‍സില്‍ അംഗത്വത്തിലൂടെ യു.പി. നിയമസഭാംഗമായി, മുഖ്യമന്ത്രിയായി.

യോഗിയും ഗൊരഖ്പൂരും

തന്റെ ഗുരു മഹന്ത് അവൈദ്യനാഥിന്റെ പിൻമുറക്കാരനായി മത്സരിച്ച യോഗി 1998 മുതല്‍ അഞ്ചുവട്ടം തുടര്‍ച്ചയായി ഗൊരഖ്പുര്‍ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. കന്നിയങ്കത്തില്‍ എസ്.പിയുടെ വീരേന്ദര്‍ പ്രതാപ് സാഹിയെയാണ് യോഗി പരാജയപ്പെടുത്തിത്. പിന്നീട് വന്ന നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും യോഗി ജയിച്ചുകയറി. 2017-ല്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.പിയുടെ പ്രവീണ്‍ കുമാര്‍ യാദവ് മണ്ഡലം പിടിച്ചെടുത്തു. എന്നാല്‍ ഒരുവര്‍ഷത്തിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രവി കിഷനിലൂടെ മണ്ഡലം ബി.ജെ.പി. തിരിച്ചുപിടിച്ചു.

പൂര്‍വാഞ്ചലിന്റെയും ഗൊരഖ്പുറിന്റെയും രാഷ്ട്രീയ ഭൂമിശാസ്ത്രം

പൂര്‍വാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ഗൊരഖ്പുര്‍. 1985 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, 2002-ല്‍ മാത്രമാണ് ഈ മണ്ഡലം ബി.ജെ.പിയെ കൈവിട്ടിട്ടുള്ളൂ. അന്ന് വിജയിച്ച ഹിന്ദുമഹാസഭാ സ്ഥാനാര്‍ഥി പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. അയോധ്യയില്‍നിന്നാകും യോഗി മത്സരിക്കുകയെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും അദ്ദേഹം ഗൊരഖ്പുര്‍ തിരഞ്ഞെടുക്കുകയായിരുന്നു.

142 അസംബ്ലി മണ്ഡലങ്ങളുള്ള മേഖലയാണ് പൂര്‍വാഞ്ചല്‍. സമാജ് വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും സ്വാധീനമുള്ള മേഖല. ജനസംഖ്യയില്‍ കൂടുതലും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്ന ഒ.പി. രാജ്ഭറിന്റെ എസ്.ബി.എസ്.പി. ഇത്തവണ എസ്.പി. സഖ്യത്തിനൊപ്പമായിരുന്നു. പ്രദേശത്തെ ജനസംഖ്യയില്‍ 17-18 ശതമാനം വരെ രാജ്ഭര്‍ സമുദായാംഗങ്ങളാണെന്നാണ് കണക്ക്.

പിണങ്ങിപ്പിരിഞ്ഞ് എസ്.പിയില്‍ എത്തിയ സ്വാമി പ്രസാദ് മൗര്യക്കും ദാരാ സിങ് ചൗഹാനുമൊക്കെ നിര്‍ണായകസ്വാധീനവും ഇവിടുണ്ട്. പ്രതിപക്ഷത്തിന്റെ സമ്മര്‍ദമുള്ളിടത്ത് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുക, അതിലൂടെ അന്തരീക്ഷം അനുകൂലമാക്കി വിജയം നേടുക എന്ന തന്ത്രമാണ് ബി.ജെ.പി. പയറ്റിയത്. ആ നീക്കം പിഴച്ചില്ലെന്നാണ് വോട്ടെണ്ണല്‍ദിനം തെളിയിച്ചത്.

യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും| Photo: ANI

ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അവകാശവാദം, കേരളത്തേപ്പോലെ ആകരുത് എന്ന് മുന്നറിയിപ്പ്

ആകെമൊത്തം ഇളക്കിമറിച്ചുള്ള പ്രചാരണങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആഘോഷിക്കുകയായിരുന്നു യോഗി. എസ്.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ഗുണ്ടാരാജ് ആകും നടക്കുകയെന്നും അദ്ദേഹം വിമര്‍ശിച്ചു. പോളിങ്ങിനു മുന്‍പേ വോട്ടര്‍മാര്‍ക്ക്,അബദ്ധം പറ്റിയാല്‍ യു.പി. കേരളമോ കശ്മീരോ ബെംഗാളോ ആയി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് വന്‍വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പക്ഷേ, യോഗിയുടെ മുന്നറിയിപ്പില്‍ പാതി ജനങ്ങള്‍ ഉള്‍ക്കൊണ്ടു. കേരളത്തിലേതു പോലെ തന്നെ ജനങ്ങള്‍ യു.പിയില്‍ ബി.ജെ.പിക്ക് രണ്ടാമൂഴം നല്‍കി.

ചുവന്നതൊപ്പിക്കാരനെ സൂക്ഷിക്കണമെന്നു പറഞ്ഞ മോദി

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യോഗിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്.പി. നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ചിരുന്നു. ചുവന്നതൊപ്പിക്കാരനെ സൂക്ഷിക്കണമെന്ന് അഖിലേഷ് ധരിക്കുന്ന ചുവന്നതൊപ്പിയെ പരോക്ഷമായി സൂചിപ്പിച്ച് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍.എല്‍.ഡി., അപ്‌നാദള്‍(കെ), എസ്.ബി.എസ്.പി. എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കളത്തിലിറങ്ങിയ എസ്.പിക്ക് പക്ഷെ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചില്ല.

Content Highlights: Uttar Pradesh assembly election results 2022,Yogi Adityanath,UP Election results Live Updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented