വിവാദങ്ങള്‍ക്ക് യോഗിയുടെ യാഗാശ്വത്തെ തടയാനായില്ല. മൂന്നു പതിറ്റാണ്ടിലേറെ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ച യു.പിയുടെ രാഷ്ട്രീയ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തിയെഴുതി. ഭരണത്തുടര്‍ച്ച ബിജെപിക്ക് സമ്മാനിക്കുന്നതിലൂടെ മോദിയുടെ പിന്‍ഗാമിയായി ഇനി യോഗിയുടെ വരവോ എന്ന ചര്‍ച്ചകളും ചൂടിപിക്കുകയാണ്. 2017 ല്‍ മോദി തരംഗത്തിലാണ് യുപി ബിജെപി പിടിച്ചതെങ്കില്‍ ഇത്തവണ യോഗിയാണ് മുന്നില്‍ നിന്ന് നയിച്ചത്. ജനുവരി മുതല്‍ 200 ഓളം റാലികളിലാണ് യോഗി പങ്കെടുത്തത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ യുപിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യോഗി ഒരു പരിപാടിയിലെങ്കിലും പങ്കെടുത്തിരുന്നു. ബിജെപി ഭരിച്ചതും ഭരണത്തിലേറിയതുമായ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി പ്രഭാവമാണ് പ്രകടമായത്. ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ തരംഗത്തില്‍ ബിജെപി ഭരണം പിടിക്കുന്നത്. അതാണ് യോഗിയുടെ രാഷ്ട്രീയ ഗ്രാഫ് ബിജെപിയില്‍ ഉയര്‍ത്തുന്നതും.

To advertise here,

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയഗാഥ പൂര്‍ണമായിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ, നിര്‍ണായകമായ, രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ ബി.ജെ.പി വെന്നിക്കൊടി ഉറപ്പിച്ചു കഴിഞ്ഞു. 35 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. ഒരു മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത്. മാറാന്‍ പോകുന്നത് യു.പിയുടെ ചരിത്രം മാത്രമല്ല. രാജ്യത്തിന്റെ ചരിത്രം കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഉജ്വല തുടര്‍വിജയത്തിലേക്ക് ബി.ജെ.പിയെ നയിച്ച യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനമാണെന്ന് പ്രവചിച്ചാല്‍ അതില്‍ വലിയ അതിശയോക്തി ഉണ്ടാകില്ല. 

മോദി തരംഗം ആഞ്ഞടിച്ച 2017ല്‍ 403 ല്‍ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാതെ ആയിരുന്നു അന്ന് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍വിജയത്തിന് ശേഷം അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിലേക്ക് മുഖ്യമന്ത്രി സ്ഥാനമെത്തിയത്. എന്നാല്‍ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലായിരുന്നു. പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗിയുടെ തോളില്‍ കയ്യിട്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. എല്ലാ പ്രചാരണങ്ങളുടെയും കേന്ദ്രം യോഗി മാത്രമായിരുന്നു. യോഗിയുടെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പിന്റെ അജണ്ടകളെ നിശ്ചയിച്ചു. വികസന നായകനായി ബി.ജെ.പി യോഗിയെ ഉയര്‍ത്തിക്കാട്ടി. 

ആര്‍.എല്‍.ഡിയെ അടക്കം ഒപ്പം ചേര്‍ത്ത് പിന്നാക്ക വോട്ടുകളും ജാട്ട് സമുദായത്തേയും ഒപ്പം ചേര്‍ത്ത് വിശാല സഖ്യത്തിലൂടെ ഭരണം പിടിക്കാമെന്ന എസ്.പിയുടെയും അഖിലേഷ് യാദവിന്റെയും പ്രതീക്ഷകള്‍ യോഗി തകര്‍ത്തു. സ്വാമി പ്രസാദ് മൗര്യ അടക്കം മൂന്നു മന്ത്രിമാര്‍ രാജിവച്ചിട്ടും പടിഞ്ഞാറന്‍ യുപിയില്‍ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധവും കടന്നായിരുന്നു. ബിജെപിയുടെ ഈ വന്‍വിജയം. യുപി കേരളമോ ബംഗാളോ ആയി മാറാതിരിക്കാന്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും 80: 20 പോരാട്ടമായും തിരഞ്ഞെടുപ്പിനെ അവസാനഘട്ടത്തില്‍ ധ്രൂവീകരണത്തിലേക്ക് തിരിച്ച് വിജയത്തുടര്‍ച്ചയ്ക്ക് എന്തെങ്കിലും വെല്ലുവിളി ശേഷിച്ചിരുന്നെങ്കില്‍ അതും യോഗി മാറ്റിയെഴുതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അവസാന ഘട്ടത്തില്‍ ബിജെപി മറികടന്ന അതേ രാഷ്ട്രീയ തന്ത്രത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഇത്.

വിവാദങ്ങളില്‍ മാത്രമായിരുന്നു എതിരാളികളുടെ പ്രതീക്ഷ. കര്‍ഷക സമരവും ലഖീംപുര്‍ ഖേരിയും ഹത്രസും വോട്ടാവുമെന്ന് എസ്.പിയും കോണ്‍ഗ്രസും പ്രതീക്ഷിച്ചു. എന്നാല്‍ ബി.ജെ.പി നിശ്ചയിച്ച അജണ്ടകള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ പോയില്ല. അയോധ്യയിലെ രാമക്ഷേത്രവും ഉയരുന്നതോടെ കേവലം മുഖ്യമന്ത്രി എന്നതില്‍ നിന്നും രാജ്യത്തെ ഏറ്റവും നിര്‍ണായക അധികാര കേന്ദ്രങ്ങളിലൊന്നായി യോഗി മാറും. ആര്‍.എസ്.എസ് ഉള്‍പ്പടെ ബി.ജെ.പിയിലെ നിര്‍ണായക കേന്ദ്രങ്ങളില്‍ ഉള്ള സ്ഥാനവും നരേന്ദ്ര മോദിയുടെ പിന്തുണയും യോഗിക്ക് കരുത്ത് പകരും. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്ന നരേന്ദ്ര മോദിയുടെ പിന്‍ഗാമിയായി യോഗി എത്തുമോ എന്നുള്ളത് തന്നെയാണ് ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.