ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണിതെന്നും ഹോളി ആഘോഷങ്ങള്‍ നേരത്തെ ആരംഭിക്കുമെന്ന വാക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലിച്ചുവെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

To advertise here,

നാല് സംസ്ഥാനങ്ങളിലും കന്നി വോട്ടര്‍മാരാണ്‌ ബിജെപിയുടെ വിജയം ഉറപ്പാക്കിയത്. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ ഭാഗമായതിനും ബിജെപിയുടെ വിജയം ഉറപ്പാക്കിയതിനും വോട്ടമാര്‍ക്ക് നന്ദി. തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചുവെന്നും പാര്‍ട്ടി മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണിതെന്നും മോദി വ്യക്തമാക്കി. 

ജാതിവാദ രാഷ്ട്രീയം കളിക്കുന്നവര്‍ യുപിയിലെ ജനങ്ങളെ അപമാനിച്ചുവെന്നും മോദി പറഞ്ഞു. 2019-ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അതിനുള്ള കാരണം 2017-ലെ യുപിയിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യുപിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഗോവയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യമായി തുടര്‍ഭരണം നേടുന്ന പാര്‍ട്ടിയായി ബിജെപി ചരിത്രം കുറിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുമെന്ന വാക്ക് പാലിച്ചുവെന്നും മോദി പറഞ്ഞു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ വോട്ട് ചെയ്ത മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതികള്‍ക്കുള്ള അംഗീകാരമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ചടങ്ങില്‍ വ്യക്തമാക്കി. 2014 മുതല്‍ ജനങ്ങള്‍ ബിജെപിയെ അനുഗ്രഹിക്കുന്നു. നാല് സംസ്ഥാനങ്ങളിലും വിജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനധ്വാനം ചെയ്തു. 2024-ലെ പൊതുതിരഞ്ഞെടുപ്പ് വരെ ഈ ആവേശം തുടരണമെന്നും നഡ്ഡ പറഞ്ഞു.