ന്യൂഡൽഹി: രാജസ്ഥാനിലെ 10 സ്വകാര്യ ഡെന്റൽ കോളേജുകൾക്ക് 10 കോടി രൂപ വീതം പിഴ വിധിച്ച് സുപ്രീം കോടതി ഉത്തരവ്. പ്രവേശന നടപടികളിലെ നിയമലംഘനങ്ങളെയും അഴിമതിയെയും തുടർന്നാണ് ജസ്റ്റിസുമാരായ വിജയ് ബിഷ്‌ണോയ്,  ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പിഴ വിധിച്ചത്.

To advertise here,

2016-17 അധ്യയന വർഷത്തിലെ ബി.ഡി.എസ് (BDS) പ്രവേശനത്തിനായി, നീറ്റ് യോഗ്യതാ മാർക്ക് കൃത്യമായ അനുമതിയില്ലാതെ രാജസ്ഥാൻ സർക്കാർ കുറച്ചിരുന്നു. ആദ്യം 10 ശതമാനവും പിന്നീട് 5 ശതമാനവുമാണ് കുറച്ചത്.

ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) നിശ്ചയിച്ച നിശ്ചിത നിലവാരം ഇല്ലാത്ത വിദ്യാർഥികൾക്ക് ഇതിലൂടെ പ്രവേശനം ലഭിച്ചു. കൂടാതെ, അനുവദിച്ചതിലും കൂടുതൽ വിദ്യാർഥികളെ കോളേജുകൾ പ്രവേശിപ്പിക്കുകയും ചെയ്തു.

ശരിയായ നടപടികൾ പാലിക്കാത്തതിനും കേന്ദ്ര ഗവൺമെന്റിന്റെയും ഡി.സി.ഐയുടെയും നിർദേശങ്ങൾ യഥാസമയം അറിയിക്കാത്തതിനും രാജസ്ഥാൻ സർക്കാരിനോട് 10 ലക്ഷം രൂപ പിഴയായി അടയ്ക്കാൻ കോടതി നിർദ്ദേശിച്ചു.

വിദ്യാർഥികൾക്കുള്ള വ്യവസ്ഥകൾ

നിയമവിരുദ്ധമായ ഇളവുകളിലൂടെ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്, ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് കോടതി യോഗ്യത റെഗുലറൈസ് ചെയ്തു. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥികൾ കർശനമായ വ്യവസ്ഥ പാലിക്കേണ്ടതുണ്ട്.

1. വിദ്യാർഥികൾ രാജസ്ഥാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.

2. ഭാവിയിൽ പ്രകൃതിക്ഷോഭങ്ങൾ, പകർച്ചവ്യാധികൾ അല്ലെങ്കിൽ മറ്റ് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിന് വേണ്ടി സൗജന്യ സേവനം (Pro bono services) നൽകാൻ ഇവർ ബാധ്യസ്ഥരായിരിക്കും.