
വിദ്യാര്‍ഥികള്‍ക്കായി ഇന്ന് സ്‌കൂള്‍, കോളേജ് തലത്തില്‍ ഒരുപാട് ക്ലബ്ബുകളുണ്ട്. ഓരോ ക്ലബ്ബിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ ഇതിനെല്ലാമുപരി സ്‌കൂള്‍ കോളേജ് തലത്തില്‍ വളരെ അത്യാവശ്യാമായി ഉണ്ടായിരിക്കേണ്ട ഒരു ക്ലബ്ബാണ് വാട്ടര്‍ ക്ലബ്ബ്. ജലത്തിന്റെ ലഭ്യത, ഗുണനിലവാരം അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഒരു അവബോധം നമ്മുടെ വളര്‍ന്നുവരുന്ന തലമുറയില്‍ ഉണ്ടാക്കേണ്ടത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കടമയാണ്.
ജലത്തെക്കുറിച്ച് നമ്മള്‍ ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ജലം ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ പറ്റില്ല. ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വെള്ളവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ജീവന്റെ തുടിപ്പുകള്‍ക്കാധാരം വെള്ളമാണല്ലോ. കൃഷിക്കും വ്യവസായത്തിനും വെള്ളം വേണം. നമുക്ക് കുടിക്കുവാനും അതേപോലെ മറ്റ് ഗാര്‍ഹികാവശ്യത്തിനും വെള്ളം വേണം. ജലമില്ലാതെ ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പില്ല. ചെടികളും മുനുഷ്യരും മൃഗങ്ങളുമൊന്നും വളരുകയില്ല. ഇതില്‍ നിന്നും ജലത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
നമ്മുടെ ശരീരത്തിന്റെ വിവധ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം അത്യാവശ്യമാണ്. ഒരാള്‍ ശരാശരി 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നു. നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണ്. ഒരാള്‍ക്ക് ആഹാരമൊന്നും കഴിക്കാതെ ഒരു മാസം വരെ പിടിച്ചുനില്‍ക്കാം. എന്നാല്‍ ജലമില്ലെങ്കിലോ ? പരമാവധി ഒരാഴ്ച മാത്രം നമ്മുടെ ശരീരത്തിന്റെ 20 ശതമാനം ജലം നഷ്ടപ്പെട്ടാല്‍ പിന്നെ നാം ജീവിച്ചിരിക്കില്ല. ലോകത്താകേയുള്ള വെള്ളത്തിന്റെ 97 ശതമാനവും ഉപ്പ്‌വെള്ളമാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതായത് ശുദ്ധജലം വെറും മൂന്ന് ശതമാനം മാത്രം. അതില്‍ തന്നെ 2.67 ശതമാനം എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന അവസ്ഥയില്ല. അതായത് 0.33 ശതമാനം മാത്രമേ നമ്മുടെ ഗാര്‍ഹികാവശ്യത്തിനും കൃഷി ചെയ്യാനും വ്യാവസായികാവശ്യത്തിനും ലഭ്യമായിട്ടുള്ളൂ. ഇങ്ങിനെ ലഭ്യമായിട്ടുള്ള വെള്ളം തന്നെ പലവിധത്തിലും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്‌കൊണ്ട് തന്നെ ഈ അമൂല്യ വിഭവം സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ ചുമതലയാണ്. ഈ ജീവജലം നമുക്ക് മാത്രമല്ല ഇനിവരുന്ന തലമുറക്ക് കൂടി അവകാശപ്പെട്ടതാണെന്ന ഉള്‍ക്കഴ്ച വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും കൂടി ഉണ്ടായിരിക്കണം.
സാംസ്‌കാരത്തിനും സാഹിത്യത്തിനുമൊക്കെ ജലവുമായി അഭേദ്യ ബന്ധമാണുള്ളത്. മതങ്ങളെല്ലാം വെള്ളത്തിന് വിശുദ്ധ പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ക്രിസ്തുമതത്തിലും ജൂത മതത്തിലും ജലത്തെക്കുറിച്ച് നിരവധി പരമാര്‍ശങ്ങളുണ്ട്. ബൈബിളില്‍ ഉല്‍പ്തി പുസ്തകത്തിലെ ആദ്യഭാഗത്ത് തന്നെ ദൈവം ഭൂമിയും വെള്ളവും സൃഷ്ടിച്ചതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാം മതവുംലജലത്തിനു വളരെയേറെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നതായി കാണാം. ഹിന്ദുപുരാണത്തില്‍ ജലത്തെ ജനകീയമാക്കയതിന്റെ കഥകളുണ്ട്. ഗംഗയെ വഴിതിരിച്ചുവിട്ട ഭഗീരഥ മഹാരാജാവിന്റെ കഥ നിങ്ങള്‍ പലര്‍ക്കും അറിവുള്ളതാണല്ലോ ? ജീവിതവുമായി ഇത്രയേറെ അടുത്തിടപഴകുന്ന പ്രകൃതിവിഭവം ജലമല്ലാതെ മറ്റേതു വിഭവമാണുള്ളുത്.
നമ്മുടെ മതപരമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും പരിപോഷിപ്പിക്കുന്നതില്‍ വെള്ളത്തിന് സാരമായ ഒരു പങ്കാണുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവം ആറാട്ടോടെയാണ് അവസാനിക്കുന്നത്. ബിബത്തെ അഥവാ തിടമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുന്ന ചടങ്ങാണിതു. നാമിന്ന് കാണുന്ന പുഴകളും അരുവികളുമെല്ലാം ഒരുകാലത്ത് കുട്ടികളുടെ കളിക്കളമായിരുന്നു. അവരെ ആരോഗ്യത്തോടെ വളര്‍ത്തിയിരുന്നത് ഈ ജലസ്രോതസ്സുകളായിരുന്നു. നീന്താന്‍ പഠിക്കുന്നത് മുതല്‍ വേനല്‍കാലത്ത് മണല്‍തിട്ടകളിലെ കളികളില്‍ വരെ കുട്ടികള്‍ പുഴകളെ ഉപയോഗിച്ചിരുന്നതായി കാണാം. കേരളത്തിലെ കലാ സാസ്‌കാരിക രംഗങ്ങളില്‍ പ്രശസ്തമായ പലരെയും പുഴകളും നദികളും ഏറെ സ്വാധീനിച്ചിട്ടുള്ളതായി അവരുടെ കൃതികളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. നദികള്‍ സംസ്‌കാരത്തിന്റെ വിളനിലകളാണല്ലോ ? 44 നദികള്‍കൊണ്ടു സമ്പന്നമാണ് നമ്മുടെ കേരളം. ലോകത്തിലെ അതിപുരാതന നദീതട സംസ്‌കാരങ്ങള്‍ക്ക് ജന്മംകൊടുത്ത സിന്ധു ഗംഗ പ്രേറ്റിസ് , ടൈഗ്രിസ,് നൈല്‍ എന്നീ നദികളെക്കുറിച്ച് നമുക്ക് അറിയാവുന്നതാണ്.
സംവത്സരങ്ങളായി ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകുന്ന ചെറുതും വലുതുമായ നദികളുടെ തീരത്താണല്ലോ നമ്മുടെ ജലസംസ്‌കാരം പടര്‍ന്ന് പന്തലിച്ചിരുന്നത്. എന്നാലിന്ന് ഈ ജലസംസ്‌കാരം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നദികളെ വന്ദിക്കുകയം പൂജിക്കുകയും ചെയ്തിരുന്ന കാലം എങ്ങോട്ടോ പോയ് മറഞ്ഞു. മറിച്ച് നമ്മുടെ നദികളെയും കിണറുകളെയും മറ്റു ജലസ്രോതസ്സുകളെയും എങ്ങിനെയെല്ലാം മലിനീകരിക്കാമെന്നുള്ള മത്സരത്തിലാണ് മനുഷ്യരെല്ലാം ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. ഇവിടെയാണ് വാട്ടര്‍ക്ലബ്ബിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിക്കുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും വാട്ടര്‍ക്ലബ്ബ് രൂപീകരിക്കപ്പെടുന്നത് വഴി കുട്ടികളില്‍ ജലാവബോധം വളര്‍ത്തുന്നതിനുപരി വെള്ളത്തിന്റെ നാനാ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും പരീക്ഷണം നടത്താനുമൊക്കെ അവസരം ലഭിക്കുകയാണ്. നിലവിലുള്ള വിവിധ ക്ലബ്ബുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വാട്ടര്‍ ക്ലബ്ബിനു രൂപം നല്‍കാവുന്നതാണ്. വാട്ടര്‍ ക്ലബ്ബില്‍ തല്‍പരരായ കുട്ടികളുടെ എണ്ണം പരമാവധി അന്‍പതില്‍ കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലവിഷയങ്ങളില്‍ താല്‍പര്യമുള്ള ഓരോ ടീച്ചര്‍ കണ്‍വീനറായിരിക്കുകയും വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരാളെ വീതം പ്രസിഡണ്ടായും സെക്രട്ടറിയായും തിരഞ്ഞെടുക്കാവുന്നതുമാണ്. മാസത്തിലൊരിക്കല്‍ വാട്ടര്‍ ക്ലബ്ബിലെ അംഗങ്ങള്‍ ഒത്തുചോരുകയും അതാതു പ്രദേശത്തെ ജലപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താവുന്നതുമാണ്. ജലലഭ്യത ഗുണനിലവാരം മഴവെള്ളക്കൊയ്ത്ത്, ജലമലിനീകരണം എന്നീ വിഷയങ്ങളില്‍ കൂടുതലായി പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വാട്ടര്‍ക്ലബ്ബിലൂടെ കാലക്രമേണ ആര്‍ജിക്കാവുന്നതാണ്. സി.ഡബ്ലൂ.ആര്‍.ഡി.എം പോലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരുമായുള്ള ആശയസംവാദത്തിനും വാട്ടര്‍ക്ലബ്ബ് വഴി കുട്ടികള്‍ക്ക് അവസരം ഉണ്ടാക്കാവുന്നതാണ്. കൂടാതെ ജലവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ കണ്‍വീനറുടെ സഹായത്തോടെ ഏറ്റെടുത്ത് കുട്ടികള്‍ക്ക് നടത്താവുന്നതാണ്. ശാസ്ത്രകോണ്‍ഗ്രസ്സുകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇത്തരം പ്രോജക്ടുകള്‍ ശാസ്ത്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാവുന്നതുമാണ്.
പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ഓരോ തുള്ളി ജലവും അമൂല്യമാണെന്നും അതു പാഴാക്കാതെയും മലിനപ്പെടുത്താതെയും പരിരക്ഷിക്കേണ്ടത് നമ്മെപ്പോലെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെയും കടമയാണെന്നും നാം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നമുക്ക് വരദാനമായി ലഭിച്ച മായം കലരാത്ത മുലപ്പാലായി ജലത്തെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ജലസംസ്‌കാരം വാട്ടര്‍ ക്ലബ്ബിലൂടെ നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുമെങ്കില്‍ നമ്മുടെ ഭാവിതലമുറയെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.
(സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനാണ് ലേഖകന്‍)
Content Highlights: School Water Club: Importance & Formation
Published: 09 Aug 2025, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented