കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ശുദ്ധജലം സംബന്ധിച്ച ആശങ്കകളും കൂടുന്നു. വീടുകളിൽ ഉപയോഗിക്കുന്ന വെള്ളം എത്രത്തോളം ശുദ്ധമാണെന്നത് സംബന്ധിച്ച ആശങ്കയാണ് വർധിക്കുന്നത്. ജലത്തിൽ അമീബയുടെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള പരിശോധന നിലവിൽ തിരുവനന്തപുരത്തെ സംസ്ഥാന പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്രിയിൽ മാത്രമാണുള്ളത്. എന്നാൽ, വെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യമടക്കമുള്ള വിവിധ ഘടകങ്ങൾ തിരിച്ചറിയാനുള്ള പരിശോധന കോഴിക്കോട് ജില്ലയിലുണ്ട്.

To advertise here,

വാട്ടർ അതോറിറ്റിയുടെ മലാപ്പറമ്പിലെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്രി, ഇതിനടുത്തുതന്നെയുള്ള ക്വാളിറ്റി കൺട്രോൾ സബ് ലബോറട്രി, സിഡബ്ല്യുആർഡിഎമ്മിലെ വാട്ടർക്വാളിറ്റി ലബോറട്രി, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കീഴിൽ മലാപ്പറമ്പിലുള്ള റീജണൽ അനലിറ്റിക്കൽ ലബോറട്രി എന്നിവിടങ്ങളിലാണ് നഗരത്തിൽ പ്രധാനമായും ജലപരിശോധന നടക്കുന്ന സ്ഥാപനങ്ങൾ. നരിക്കുനി ഹയർസെക്കൻഡറി സ്കൂളിന് സമീപവും കൊയിലാണ്ടി വാട്ടർ അതോറിറ്റി ഓഫീസ് കെട്ടിടത്തിലും വടകര വീരഞ്ചേരിയിലെ വാട്ടർ അതോറിറ്റി ഓഫീസ് കെട്ടിടത്തിലും കുറ്റ്യാടിയിലെ വാട്ടർ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേർന്നും പെരുവണ്ണാമൂഴി വാട്ടർ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഉൾവശത്തുമുള്ള, വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ സബ് ലബോറട്രികളിലും വെള്ളം പരിശോധിക്കാം.

വെള്ളം എങ്ങനെ കൊണ്ടുവരണം ?

വാട്ടർ അതോറിറ്റിക്ക് കീഴിലെ ലബോറട്രികളിലും ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കീഴിൽ മലാപ്പറമ്പിലുള്ള റീജണൽ അനലിറ്റിക്കൽ ലബോറട്രിയിലും രണ്ടുലിറ്റർ വെള്ളമാണ് പരിശോധനയ്ക്കായി എത്തിക്കേണ്ടത്. ഇതോടൊപ്പം ഒരു സ്റ്റെറൈൽ ബോട്ടിൽ വെള്ളവും എത്തിക്കുന്നത് നന്നായിരിക്കും. സിഡബ്ല്യുആർഡിഎമ്മിൽ ഒരുലിറ്റർ വെള്ളമാണ് കൊടുക്കേണ്ടത്.

വെള്ളം കൊണ്ടുവരുന്ന കുപ്പി അതേവെള്ളമുപയോഗിച്ച് കഴുകിയശേഷം വെള്ളം നിറയ്ക്കുക, കൈകൾ വെള്ളത്തിൽ തൊടാതെ നോക്കുക, ശീതളപാനീയങ്ങളുടെ കുപ്പികളിൽ വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിഡബ്ല്യുആർഡിഎം ഇക്കോളജി ആൻഡ് എൻവയൺമെന്റ് റിസർച്ച് ഗ്രൂപ്പ് മേധാവി ബി. വിവേക് പറഞ്ഞു.

എന്തൊക്കെ പരിശോധിക്കും ?

മൊത്തം കോളിഫോം ബാക്ടീരിയയുടെയും ഇ-കോളി ബാക്ടീരിയയുടെയും അളവ് മൂന്ന് സ്ഥാപനങ്ങൾക്ക് കീഴിലെയും ലാബുകളിൽ പരിശോധിക്കും.

വെള്ളത്തിന്റെ നിറം, രുചി, മണം, പിഎച്ച് ലെവൽ, ടെർബിഡിറ്റി, ഇലക്‌ട്രിക്കൽ കണ്ടക്ടിവിറ്റി, ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്‌സ്, അസിഡിറ്റി, ആൽക്കലിനിറ്റി, ടോട്ടൽ ഹാർഡ്‌നസ്, കാൽസ്യം ഹാർഡ്‌നസ്, മെഗ്നീഷ്യം ഹാർഡ്‌നസ്, ക്ലോറൈഡ്, ഫ്ളൂറൈഡ്, അയേൺ, നൈട്രേറ്റ്, സൾഫേറ്റ്, അമോണിയ, ഡിസോൾവ്ഡ് ഓക്സിജൻ എന്നീ 19 ഘടകങ്ങളാണ് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്രിയിലും സബ് ലബോറട്രികളിലും പരിശോധിക്കുന്നത്.

സിഡബ്ല്യുആർഡിഎമ്മിൽ വെള്ളത്തിലെ 11 ഘടകങ്ങളാണ് പരിശോധിക്കുക. വെള്ളത്തിലെ 11 ഘടകങ്ങളും പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറാണെങ്കിൽ 12 ഘടകങ്ങളുമാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കീഴിലെ ലബോറട്രിയിൽ പരിശോധിക്കുന്നത്. പരിഹാരനിർദേശങ്ങളും മൂന്ന് സ്ഥാപനങ്ങളും നൽകും.

എപ്പോഴാണ് പരിശോധിക്കേണ്ടത് ?

വേനൽക്കാലത്തും മഴക്കാലത്തുമായി വർഷത്തിൽ രണ്ടുതവണ കിണറ്റിലെ വെള്ളം പരിശോധിക്കുന്നത് ഉചിതമാണെന്ന് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയിലെ ക്വാളിറ്റി മാനേജർ വി. ഷിജോഷ് പറഞ്ഞു. ഇതിനുപുറമെ വെള്ളത്തിന് എന്തെങ്കിലും രുചിവ്യത്യാസമോ നിറവ്യത്യാസമോ ഉണ്ടെങ്കിലും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിശോധനാ നിരക്ക് ഇങ്ങനെ

ജല അതോറിറ്റിയുടെ ലാബിൽ 850 രൂപയാണ് പരിശോധനാ നിരക്ക്. വാണിജ്യാവശ്യത്തിന് 1590 രൂപ, 2000 രൂപ, 3000 രൂപ പാക്കേജുകളുണ്ട്. രാവിലെ 10.15 മുതൽ 5.15 വരെ വെള്ളം എത്തിക്കാം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലാബിൽ ഗാർഹികാവശ്യത്തിന് 830 രൂപയും വാണിജ്യാവശ്യത്തിന് 1655 രൂപയുമാണ് ചാർജ്. സിഡബ്ല്യുആർഡിഎമ്മിൽ ഗാർഹികാവശ്യത്തിന് 1298 രൂപയും വാണിജ്യാവശ്യത്തിന് 1534 രൂപയുമാണ് നിരക്ക്.