തിരുവനന്തപുരം: അധ്യാപകര്‍ക്ക് പണംകൊടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ സ്‌കൂള്‍ പാഠപുസ്തക രചന വഴിമുട്ടി. അടുത്ത അധ്യയനവര്‍ഷം വിതരണംചെയ്യേണ്ട രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളാണ് പാതിവഴിയില്‍ നിലച്ചത്. പാഠ്യപദ്ധതി പരിഷ്‌കാരത്തിന്റെ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം എത്തിയിരുന്നു. എന്നാല്‍, പാഠപുസ്തക ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കും വിദഗ്ധര്‍ക്കും ഇതുവരെ പണംനല്‍കിയിട്ടില്ല.

To advertise here,

രണ്ടുവര്‍ഷമായി കുടിശ്ശിക തീര്‍ക്കാതെ സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്നതിനാല്‍ അധ്യാപകര്‍ പുതിയ പുസ്തകങ്ങളുടെ രചന നിര്‍വഹിക്കാന്‍ മടിച്ചതാണ് ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ വെല്ലുവിളി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പലവട്ടം കത്തുനല്‍കിയെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. ഇതോടെ, ഈ മാസം ആരംഭിക്കേണ്ട പാഠപുസ്തക ശില്പശാല അനിശ്ചിതത്വത്തിലായി.

എസ്.സി.ഇ.ആര്‍.ടി.ക്ക് ഈ വര്‍ഷം 21 കോടിരൂപയാണ് ബജറ്റ് വിഹിതം പ്രഖ്യാപിച്ചത്. പദ്ധതി വെട്ടിച്ചുരുക്കിയതോടെ, ഈ വിഹിതം പത്തരക്കോടി രൂപയായി കുറഞ്ഞു. അതില്‍ത്തന്നെ, ഇതുവരെ നാലുകോടി മാത്രമേ നല്‍കിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം 173 തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് തയ്യാറാക്കിയത്. അവ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കുള്ള 80 കൈപ്പുസ്തകവും തയ്യാറാക്കി. ഇതിനായി 1100 ശില്പശാലകള്‍ നടത്തി. രണ്ടാംഘട്ടത്തില്‍ 205 തലക്കെട്ടുകളിലുള്ള പാഠപുസ്തകങ്ങള്‍ പുറത്തിറക്കണം.

ഓരോ ജില്ലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാഗല്ഭ്യവും വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള അധ്യാപകരെ മാത്രമേ പാഠപുസ്തകരചനയില്‍ പങ്കെടുപ്പിക്കൂ. ഇതിനു പുറമേ, വിവിധ മേഖലകളിലെ പ്രതിഭകളെയും വിദഗ്ധരെയും പങ്കെടുപ്പിക്കും. ജില്ലകളില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ചുരുങ്ങിയത് രണ്ടായിരം രൂപ ചെലവുവരും. മിക്കവരും ഇപ്പോള്‍ സ്വന്തംനിലയില്‍ പണം മുടക്കിയാണ് പങ്കെടുക്കുന്നത്. 

വലിയ സാമ്പത്തികബാധ്യത വന്നതോടെ, ഇവരില്‍ മിക്കവരും തുടര്‍ന്ന് ശില്പശാലയില്‍ പങ്കെടുക്കാനാവില്ലെന്ന് എസ്.എസ്.ഇ.ആര്‍.ടി.യെ അറിയിച്ചുകഴിഞ്ഞു. അതിനാല്‍, ജനുവരിയില്‍ ആരംഭിക്കേണ്ട രണ്ടാംവാല്യത്തിന്റെ ശില്പശാല തുടങ്ങാനായിട്ടില്ല. പാഠപുസ്തകരചന പൂര്‍ത്തീകരിക്കാന്‍ നാലുമാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കേയാണ് ഇപ്പോഴത്തെ പ്രതിസന്ധി.