പാലക്കാട്: അസംബ്ലിക്കിടെയാണ് അമ്മയുടെ കൈപിടിച്ച് വിനോദിനി സ്കൂളിന്റെ പടികടന്നെത്തിയത്. കണ്ടപാടെ ശിവാനിയും റിജുഷ്യയും കൂട്ടുകാരും അരികിലേക്ക് ഓടിയെത്തി. അഞ്ചരമാസത്തെ ഇടവേളയ്‌ക്കുശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു വിനോദിനി. പതിയെ കൂട്ടുകാരുടെ കൈപിടിച്ച് ക്ലാസ്‌മുറിയിലേക്ക്. ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു അവർക്ക്.

To advertise here,

2025 സെപ്റ്റംബർ 24-ന് വീട്ടുമുറ്റത്ത് വീണതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുപിന്നാലെയാണ് ഒഴിവുപാറ എ.എൽ.പി. സ്കൂൾ വിദ്യാർഥിനി, ഒൻപതുവയസ്സുകാരി വിനോദിനിയുടെ വലത്‌ കൈമുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്നത്. തുടർചികിത്സയും കൃത്രിമക്കൈ വെച്ചതിനെത്തുടർന്നുള്ള പരിശീലനവും കാരണം പിന്നെ സ്കൂളിൽപ്പോകാൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച തിരിച്ചെത്തിയപ്പോൾ ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും വിനോദിനിയെ വരവേൽക്കാൻ സ്കൂളിലെത്തി. ഒരു കുഞ്ഞുഷാളുമായി കെ. ബാബു എം.എൽ.എ. സ്വീകരിച്ചു. അമ്മൂമ്മ ഓമനയും അമ്മ പ്രസീതയും വിനോദിനിക്കൊപ്പമുണ്ടായിരുന്നു.

മെഡിക്കൽ സർട്ടിഫിക്കറ്റുള്ളതിനാൽ തുടർപഠനത്തിന് പ്രശ്നമില്ലെന്ന് പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു. അധികം സംസാരിക്കുന്ന ശീലമില്ലെങ്കിലും എല്ലാ കാര്യത്തിലും മിടുക്കിയാണെന്ന് ക്ലാസ് അധ്യാപകൻ സുമേഷ് പറഞ്ഞു. ഇടതുകൈകൊണ്ട് എഴുതി ശീലമുള്ളതിനാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും സഹായത്തിന് സ്കൂളധികൃതരുണ്ടെന്നും സ്കൂൾ മാനേജർ ആർ. സരോജിനി, പി.ടി.എ. പ്രസിഡന്റ് നന്ദിനി തുടങ്ങിയവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ്, പഞ്ചായത്തംഗം രജിതപ്രകാശ് തുടങ്ങിയവരും എത്തിയിരുന്നു.