പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ പ്രോഗ്രാമുകളിലെ 2025-’26-ലെ പ്രവേശനങ്ങൾക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പിജി) 2025 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന 2025-ലെ അലോട്മെൻറുകളുടെ റൗണ്ട് മൂന്ന്, ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട് എന്നിവയുടെ പുതിയ സമയക്രമം mcc.nic.in-ൽ പ്രസിദ്ധീകരിച്ചു.

To advertise here,

നീറ്റ് പിജി കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള അർഹതാ പെർസന്റൈൽ താഴ്ത്തിയ സാഹചര്യത്തിൽ, പുതുതായി യോഗ്യതനേടിയവർക്കും പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം നൽകിയാണ് സമയക്രമം പുതുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാംറൗണ്ട് പുതിയ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) ജനുവരി 26-ന് ഉച്ചയ്ക്ക് 12 വരെ. ഫീസ് അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നുവരെ. ചോയ്സ് ഫില്ലിങ് 16 മുതൽ 26-ന് രാത്രി 11.55 വരെ. ചോയ്സ് ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ.

മൂന്നാം റൗണ്ട് അലോട്മെൻറ് ഫലം 29-ന്. സ്ഥാപന റിപ്പോർട്ടിങ്/ജോയിനിങ്: 30 മുതൽ ഫെബ്രുവരി ആറുവരെ. ഓൺലൈൻ സ്ട്രേ റൗണ്ട് അലോട്മെൻറ് നടപടികൾ 10-ന് തുടങ്ങും. രജിസ്ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 15 വരെ. ചോയ്സ് ഫില്ലിങ് 11 മുതൽ 15 വരെ. ലോക്കിങ് സൗകര്യം 15-ന്, സീറ്റ് അലോട്മെൻറ് ഫലം 18-ന്, റിപ്പോർട്ടിങ് 19 മുതൽ 28 വരെ.

സ്ട്രേ റൗണ്ടിൽ അലോട് ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് 18-ന് സംസ്ഥാന അലോട്മെൻറ് ഏജൻസികളുമായി എംസിസി പങ്കുവെക്കും.

സംസ്ഥാന അലോട്മെന്റുകൾ

സംസ്ഥാനതല കൗൺസലിങ് പുതുക്കിയ സമയക്രമവും പ്രസിദ്ധീകരിച്ചു. മൂന്നാംറൗണ്ട് നടപടികൾ ജനുവരി 27 മുതൽ ഫെബ്രുവരി ഏഴുവരെ. പ്രവേശനം 13-നകം.

സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ 16 മുതൽ 20 വരെ. പ്രവേശനം 28-നകം. വിവരങ്ങൾക്ക്: mcc.nic.in