ന്യൂഡൽഹി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ഇന്ത്യയിലെയും വിദേശത്തെയും വിദ്യാർഥികൾക്കായി നടത്തുന്ന ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റ് (എഫ്ഇടി) 2025-ലേക്ക് അപേക്ഷിക്കാം. ഫെലോ ഓഫ് നാഷണൽ ബോർഡ് (എഫ്എൻബി) കോഴ്‌സുകളിലേക്കും ഫെലോഷിപ്പ് പ്രോഗ്രാം ഫോർ ഇന്റർനാഷണൽ കാൻഡിഡേറ്റ്‌സ് (എഫ്പിഐഎസ്) കോഴ്‌സുകളിലേക്കുമുള്ള 2025 സെഷൻ പ്രവേശനത്തിനുള്ള യോഗ്യതാ-റാങ്കിങ് പരീക്ഷയാണിത്.

To advertise here,

താത്പര്യമുള്ള മേഖലയിൽ കഴിവുകളുള്ള, കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദധാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ മറ്റേതൊരു രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന ഉയർന്നനിലവാരമുള്ള സ്‌പെഷ്യാലിറ്റി സേവനങ്ങൾ അവരിൽക്കൂടി നൽകുന്നതിനും എൻബിഇഎംഎസ് ബിരുദാനന്തര/പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് കോഴ്‌സുകൾ ലക്ഷ്യമിടുന്നു.

ഫെലോ ഓഫ് നാഷണൽ ബോർഡ്

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 'ഫെലോ ഓഫ് നാഷണൽ ബോർഡ്' യോഗ്യത ലഭിക്കും. ഇന്ത്യക്കാർക്കായി 36 സ്‌പെഷ്യാലിറ്റികളും (ചിലത്-അഡിക്ഷൻ സൈക്യാട്രി, ആർത്രോപ്ലാസ്റ്റി, ഹെഡ് ആൻഡ് നെക് ഓങ്കോളജി, ഹാൻഡ് ആൻഡ് മൈക്രോ സർജറി, മിനിമൽ അക്‌സസ് യൂറോളജി തുടങ്ങിയവ) വിദേശ ഉദ്യോഗാർഥികൾക്കായി 16 സ്‌പെഷ്യാലിറ്റികളിലും പ്രോഗ്രാം നടത്തുന്നു. കോഴ്സുകളും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യതയും ഇൻഫർമേഷൻ ബുള്ളറ്റിൻ അനക്‌സ്ചർ ബി-യിൽ നൽകിയിട്ടുണ്ട് (പേജ് 130).

ഇതിലേക്ക് ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റികളിൽ മികച്ച കേന്ദ്രങ്ങൾ കണ്ടെത്തി എൻബിഇഎംഎസ് അംഗീകാരം നൽകിയിട്ടുണ്ട്.

പൊതുയോഗ്യത

അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദം/പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്/പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ്/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് (എംഡി/എംഎസ്/ഡിഎം/എംസിഎച്ച്/ഡിഎൻബി/ഡോ.എൻബി) അല്ലെങ്കിൽ തത്തുല്യമായ അംഗീകൃത യോഗ്യത വേണം. 2025 ഡിസംബർ 31-നകം യോഗ്യത നേടിയിരിക്കണം. എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതിന്റെ രേഖ പരീക്ഷാദിവസം പരീക്ഷാ കേന്ദ്രത്തിൽ നൽകണം. ഫെലോഷിപ്പ് കോഴ്‌സുകളിലെ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.

തിരഞ്ഞെടുപ്പ്

ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റ്, തുടർന്നുനടത്തുന്ന കേന്ദ്രീകൃത മെറിറ്റ് അധിഷ്ഠിത കൗൺസലിങ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ചില ഫെലോഷിപ്പ് കോഴ്‌സുകൾ ഒറ്റയ്ക്കും മറ്റു ചിലത് ഒരുമിച്ചും ആയിരിക്കും പരീക്ഷയ്ക്കായി പരിഗണിക്കുക. ക്ലബ് ചെയ്തു പരിഗണിക്കുന്ന നിശ്ചിത 23 കോഴ്‌സുകൾ ഏഴ് ഗ്രൂപ്പുകളിലായി പരിഗണിക്കും. രണ്ടുമുതൽ അഞ്ച് കോഴ്‌സുകൾവരെ ക്ലബ് ചെയ്താണ് ഏഴ് ഗ്രൂപ്പുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. അതിൽ ചിലത്:

(1) ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയാക് ഇലക്ട്രോ ഫിസിയോളജി (രണ്ട് എണ്ണം ക്ലബ് ചെയ്തിരിക്കുന്നു)

(2) പീഡിയാട്രിക് ഓർത്തോപീഡിക്‌സ്, സ്‌പോർട്‌സ് മെഡിസിൻ, ആർത്രോപ്ലാസ്റ്റി (മൂന്ന് എണ്ണം ക്ലബ് ചെയ്തിരിക്കുന്നു).

പരീക്ഷ

മാർച്ച് 14-ന് രാവിലെ ഒൻപതുമുതൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും. മട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണിത്. ഓൺലൈൻ അപേക്ഷ നൽകുന്ന സമയത്ത് അപേക്ഷാർഥിക്ക് തന്റെ ബ്രോഡ്/ സൂപ്പർ സ്‌പെഷ്യാലിറ്റി യോഗ്യത/തത്തുല്യ യോഗ്യത അനുസരിച്ച് അർഹതയുള്ള ഫെലോഷിപ്പ് കോഴ്‌സിന്/ക്ലബ് ചെയ്തിട്ടുള്ള ഗ്രൂപ്പിന് അപേക്ഷിക്കാം. രണ്ടുഭാഗങ്ങളുള്ള പരീക്ഷയുടെ ദൈർഘ്യം 105 മിനിറ്റാണ്. മൊത്തം 100 ചോദ്യം. പാർട്ട്-എ 45 മിനിറ്റും (40 ചോദ്യം) പാർട്ട്-ബി 60 മിനിറ്റും (60 ചോദ്യം).

ഓരോ ഫെലോഷിപ്പ് കോഴ്‌സിനും/ക്ലബ്ബ്ഡ് ഗ്രൂപ്പിനും പ്രത്യേക ചോദ്യപ്പേപ്പർ ഉണ്ടായിരിക്കും. ഓരോ ശരിയായ ഉത്തരത്തിനും നാല് മാർക്ക് ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷ

www.nbe.edu.in വഴി ഫെബ്രുവരി മൂന്നിന് രാത്രി 11.55 വരെ നൽകാം. പരീക്ഷാ ഫീസ് 3500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക.